അടിമാലി ∙ ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ തടസ്സപ്പെട്ട നവീകരണ ജോലികൾ പുനരാരംഭിക്കാൻ വൈകുന്നത് ഗതാഗതം ദുഷ്കരമാകുന്നു.
നേര്യമംഗലം മുതൽ വാളറ വരെയുള്ള 11.5 കിലോമീറ്റർ ദൂരത്തിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി സംരക്ഷണഭിത്തി പണിയുന്നതിനു വേണ്ടി നിർമിച്ച കുഴികൾ അപകട ഭീഷണി ഉയർത്തുകയാണ്.
ഇതോടൊപ്പം നിലവിലുള്ള ടാറിങ് തകർന്നു ഗർത്തങ്ങളായി മാറിയതും യാത്രാദുരിതത്തിന് കാരണമായിട്ടുണ്ട്.
വനമേഖലയിൽ നടന്നുവന്നിരുന്ന നവീകരണ ജോലികൾ ചോദ്യം ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഴിഞ്ഞ ജൂലൈ 11ന് നവീകരണ ജോലികൾ തടസ്സപ്പെട്ടത്. തുടർന്ന് പണികൾ പുനരാരംഭിക്കുന്നതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാൽ ചീഫ് സെക്രട്ടറി ഇതുവരെ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കൂട്ടാക്കാത്തതാണ് നിർമാണ ജോലികൾ പുനരാരംഭിക്കാൻ തടസ്സമായിരിക്കുന്നത്. കട്ടിങ് സൈഡിൽ നിന്ന് 20 അടി വരെ ഉയരത്തിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളുണ്ട്. പണികൾ തടസ്സപ്പെട്ടു കിടക്കുന്നത് ഇവിടെ മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴുന്നതിനുമുള്ള സാധ്യത വർധിക്കുകയാണ്.
തുടർച്ചയായി മഴ പെയ്താൽ അപകടത്തിന്റെ തീക്ഷ്ണത വർധിക്കും എന്നത് ദേശീയപാതയിലൂടെയുള്ള സുഗമമായ ഗതാഗതത്തിന് തടസ്സമാകും.
ചിലയിടങ്ങളിൽ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ജോലികൾ നടത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കമ്പികളും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കമ്പികൾ വളഞ്ഞ് പാതയിലേക്ക് എത്തി നിൽക്കുന്നത് അപകട
സാധ്യത വർധിക്കാൻ കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പാതയുടെ നിർമാണം അടിയന്തരമായി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

