നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വീണ്ടും തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് സ്ഥാനം ഒഴിയേണ്ടി വന്ന മുതിർന്ന ബി.ജെ.പി നേതാവും ലോക്സഭാ എം.പിയുമായ അദ്ദേഹത്തിന്, വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജി സമർപ്പിച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് ശക്തമായ പിന്തുണയാണുള്ളത്.
മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ ഊഷ്മള സ്വീകരണം നൽകിയിരുന്നു. ബി.ജെ.പി ദേശീയ തലത്തിൽ പുതിയ സംഘടനാ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മന്ത്രിസഭയിലെ പുനഃസംഘടന സംബന്ധിച്ച ചർച്ചകളും സജീവമായിരിക്കുന്നത്.
നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

