മൂന്നാർ ∙ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റത്തിലും കാടുകയറിയും നശിച്ചുകൊണ്ടിരിക്കുന്ന ദേവികുളം ടൗണിലെ കെഎസ്ആർടിസി വക കോടികൾ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംരക്ഷിക്കുന്നതിൽ അടിയന്തര നടപടികൾ ഉണ്ടാകുന്നില്ല. താലൂക്കാസ്ഥാനമായ ദേവികുളം ടൗണിൽ സ്ഥിതിചെയ്യുന്ന കെഎസ്ആർടിസിയുടെ ഭൂമിയും പഴയ കെട്ടിടവുമാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും കയ്യേറ്റക്കാരുടെയും പിടിയിലാകുന്നത്.
ദേവികുളം ആർഡിഒ ഓഫിസിനു എതിർവശത്തായി 20 സെന്റ് സ്ഥലവും പഴയ കെട്ടിടവുമാണ് ഉള്ളത്. സംസ്ഥാനത്ത് പൊതുഗതാഗത സൗകര്യം ആരംഭിച്ച കാലഘട്ടം മുതൽ സർക്കാരിന്റെ അധീനതയിലുള്ള ബസുകൾ ദേവികുളത്തേക്കും മൂന്നാറിലേക്കും സർവീസുകൾ നടത്തിയിരുന്നത് ഇവിടെ നിന്നായിരുന്നു.
കെഎസ്ആർടിസി രൂപീകൃതമാകുന്നതിന് മുൻപ് കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന് അന്നത്തെ മഹാരാജാവ് നൽകിയ 20 സെന്റ് സ്ഥലത്താണ് അന്ന് ഈ ഡിപ്പോ പ്രവർത്തിച്ചിരുന്നത്. എന്നാൽ 1982ൽ പഴയ മൂന്നാറിൽ പുതിയ ഡിപ്പോ പ്രവർത്തനമാരംഭിച്ചതോടെ ദേവികുളത്തെ ഈ സ്ഥലവും കെട്ടിടവും പൂർണ്ണമായി ഉപേക്ഷിക്കപ്പെടുകയായിരുന്നു.
കോടികൾ വിലമതിക്കുന്ന ഈ ഭൂമിയുടെ ഒരു ഭാഗം ഇതിനോടകം തന്നെ കയ്യേറ്റക്കാർ സ്വന്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന ഈ ഭൂമിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഹോളിഡേ ഹോം നിർമിക്കുന്നതിനായി മൂന്ന് വർഷം മുൻപ് സർക്കാർ ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.
കയ്യേറ്റക്കാർ സ്വന്തമാക്കിയ കോടികൾ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിക്കുന്നതിനായി റീസർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒന്നര വർഷം മുൻപ് കെഎസ്ആർടിസി അധികൃതരായ എസ്റ്റേറ്റ് മാനേജർ ദേവികുളം റവന്യു ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെയായിട്ടും ഭൂമി അളന്നുനൽകാൻ ബന്ധപ്പെട്ട
അധികൃതർ തയ്യാറായിട്ടില്ല. കാടുപിടിച്ചു കിടക്കുന്ന ഓപ്പറേറ്റിങ് സെന്റർ കെട്ടിടത്തിന്റെ വിലപിടിപ്പുള്ള മരഉരുപ്പടികൾ ഉൾപ്പെടെയുള്ളവ മോഷ്ടാക്കൾ ഇതിനോടകം കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
അവശേഷിക്കുന്ന കെട്ടിടമാകട്ടെ, സന്ധ്യയാകുന്നതോടെ കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും പ്രധാന വിശ്രമകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

