ഹോസ്റ്റലിൽ ലഹരി ഉപയോഗം നടക്കുന്നതായി അധികൃതർക്ക് വിവരം നൽകിയ വിദ്യാർഥിക്ക് സഹപാഠികളിൽനിന്ന് ക്രൂരമർധനം ഏറ്റതായി കുടുംബത്തിന്റെ പരാതി. ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുടെ സ്വകാര്യഭാഗത്താണ് മർദനമേറ്റത്.
തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ വിദ്യാർഥിയുടെ ഒരു വൃഷണം നീക്കം ചെയ്യേണ്ടി വന്നു. തൊടുപുഴയിലെ ഒരു സ്ഥാപനത്തിൽ മൊബൈൽ ഫോൺ ആൻഡ് ലാപ്ടോപ് സർവീസ് കോഴ്സ് പഠിക്കുന്ന വിദ്യാർഹിയാണ് ഈ അതിക്രമത്തിന് ഇരയായത്.
നിലവിൽ വിദ്യാർഥി വീട്ടിൽ വിശ്രമത്തിലാണ്. ഹോസ്റ്റലിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചവരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അധ്യാപകന് കൈമാറിയെന്നാരോപിച്ചായിരുന്നു ആക്രമണം.
താൻ ദൃശ്യങ്ങൾ നൽകിയ വിവരം രഹസ്യമാക്കി വെക്കണമെന്നും വീട്ടിൽ പോലും അറിയിക്കരുതെന്നും വിദ്യാർഥി അധ്യാപകനോട് അഭ്യർത്ഥിച്ചിരുന്നു. അധ്യാപകന്റെ നിർദേശപ്രകാരം സ്വന്തം ഫോണിൽനിന്ന് ഈ ദൃശ്യങ്ങൾ വിദ്യാർഥി ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീട് ദൃശ്യങ്ങൾ പുറത്താവുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ട
അധ്യാപകൻ തന്നെയാണ് അവ കുറ്റക്കാരായ വിദ്യാർഥികൾക്ക് കൈമാറിയതെന്നാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. കാൻസർ രോഗിയായ പിതാവ് വിദ്യാഭ്യാസ വായ്പയെടുത്താണ് മകനെ പഠനത്തിനായി അയച്ചിരിക്കുന്നത്.
പിതാവിന്റെ ചികിത്സയ്ക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടയിൽ, മകന്റെ തുടർചികിത്സ എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബം. അതേസമയം, വിദ്യാർഥി അയച്ച വീഡിയോ മറ്റാർക്കും കൈമാറിയിട്ടില്ലെന്നും വിദ്യാർത്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും അധ്യാപകർ വ്യക്തമാക്കി.
മർദനമേറ്റതായി വിദ്യാർഥി തങ്ങളെ അറിയിച്ചിരുന്നില്ലെന്നും സ്വന്തം നിലയ്ക്കാണ് ചികിത്സ തേടിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. പരാതിയിൽ പറയുന്ന മൂന്ന് വിദ്യാർഥികളെയും ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.
സംഭവദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതിയായ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഈ സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്നലെ സ്ഥാപനത്തിലേക്ക് മാർച്ച് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

