∙ .5 വർഷം മുൻപ് വെള്ളത്തൂവൽ ടൗണിൽ നിർമാണോദ്ഘാടനം നടത്തി ഫലകത്തിൽ ഒതുങ്ങിയ ഷോപ്പിങ് കോംപ്ലക്സിന് പ്രവർത്തനാരംഭം എന്ന പേരിൽ വീണ്ടും ഉദ്ഘാടനം. ഓട്ടോ സ്റ്റാൻഡിനു സമീപം ഒരു കോടിയുടെ നിർമാണോദ്ഘാടനം ആണ് 2020 നവംബർ 2ന് അന്നത്തെ മന്ത്രി എം.എം.മണി നടത്തിയത്.ഇവിടെ പ്രവർത്തിച്ചിരുന്ന 6 കടമുറികളിലെ വ്യാപാരികളെ ഒഴിപ്പിച്ചാണ് നിർമാണോദ്ഘാടനം നടന്നത്.
ഇതെത്തുടർന്ന് വാടക ഇനത്തിൽ 10 ലക്ഷത്തോളം രൂപയുടെ വരുമാന നഷ്ടം പഞ്ചായത്തിന് ഉണ്ടാകുകയും ചെയ്തു.
കടമുറികൾ പൊളിച്ചു നീക്കിയ ശേഷമാണ്, കഴിഞ്ഞ ഒന്നിന് വീണ്ടും എ.രാജ എംഎൽഎ പ്രവർത്തനാരംഭം എന്ന പേരിൽ നിർമാണോദ്ഘാടനം നടത്തി ഫലകം സ്ഥാപിച്ചത്. 5 വർഷത്തിനിടെ ഇവിടെ നിർമാണ ജോലികൾ ഒന്നും നടത്തിയില്ല. ഇപ്പോഴത്തെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അടുത്തയിടെ കടമുറികൾ പൊളിച്ചു നീക്കുക മാത്രമാണ് ആകെ ചെയ്തത്.
നാട്ടുകാരേ കാത്തിരിക്കൂ…നാല് ഉദ്ഘാടനമല്ലേ , കഴിഞ്ഞുള്ളൂ
∙നാലാമത്തെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി എം.ബി.രാജേഷ് മടങ്ങിയെങ്കിലും നെടുങ്കണ്ടത്തെ സഹ്യദർശൻ പാർക്കിൽ പൊതുജനങ്ങൾക്ക് കയറണമെങ്കിൽ ഇനിയും കാത്തിരിക്കണം.
15 വർഷങ്ങൾക്ക് മുൻപ് നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളിന്റെ അൻപതാം വാർഷികം, നെടുങ്കണ്ടം പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ചാം വാർഷികം, കേരള സർക്കാരിന്റെ നാലാം വാർഷികം തുടങ്ങിയ സംയുക്ത ആഘോഷങ്ങളുടെ ഭാഗമായി 2010 മെയ് 22 ന് നെടുങ്കണ്ടം പഞ്ചായത്ത് നാടിന് സമർപ്പിച്ചതായിരുന്നു സ്കൂൾ പാർക്കും വാന നിരീക്ഷണ കേന്ദ്രവും.
എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.രാജൻ ഗുരുക്കളായിരുന്നു ഉദ്ഘാടകൻ. എന്നാൽ പിന്നാലെ പാർക്ക് അടച്ചു പൂട്ടി.
പിന്നീട് 2012ൽ ഭരണത്തിലേറിയ പഞ്ചായത്ത് ഭരണസമിതി അൽപം പരിഷ്കരണങ്ങൾ നടത്തിയ ശേഷം ‘സഹ്യദർശൻ പാർക്ക്’ എന്ന പേരിൽ പി.ടി.തോമസ് എംപി രണ്ടാമതും ഉദ്ഘാടനം ചെയ്തു. അധികൃതർ തിരിഞ്ഞു നോക്കാതായതോടെ സാമൂഹികവിരുദ്ധർ നിർമാണങ്ങൾ നശിപ്പിച്ചു.
ഇതോടെ ഏറെനാൾ അനാഥമായി കിടന്ന പാർക്കിൽ വീണ്ടും ചെറിയ നവീകരണ പ്രവർത്തനങ്ങൾ നടത്തി നിലവിലെ ഭരണസമിതിയുടെ തുടക്കത്തിൽ മൂന്നാമതും ഉദ്ഘാടനം നടത്തി.
എന്നാൽ വീണ്ടും പൂട്ട് വീണ പാർക്ക് ശുചിമുറികളും കുട്ടികൾക്കായുള്ള ഉപകരണങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയാണ് ഏറ്റവുമൊടുവിൽ മന്ത്രി ഉദ്ഘാടനം നടത്തിയത്. ഒരേക്കർ സ്ഥലത്ത് 30 ലക്ഷം രൂപ ചെലവിലാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
എന്നാൽ പാർക്കിലേക്കുള്ള ശുദ്ധജല കണക്ഷൻ ഇനിയും എത്തിച്ചിട്ടില്ല. ജല അതോറിറ്റിയിൽ നിന്നു വെള്ളം കൂടി എത്തിയാൽ മാത്രമേ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് നൽകാൻ കഴിയൂ.
നെടുങ്കണ്ടം ടൗണിനോട് ചേർന്ന് പഞ്ചായത്ത് യുപി സ്കൂളിനും ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും നടുവിലാണ് സഹ്യദർശൻ പാർക്ക്. രണ്ട് നിലകളിലായി വാച്ച് ടവറും ദൂരദർശിനിയും സ്ഥാപിച്ചിട്ടുണ്ട്.
മോക്ഷം കിട്ടുമോ ? ഈ ക്രിമറ്റോറിയത്തിന്
∙നെടുങ്കണ്ടത്തെ ആധുനിക ക്രിമറ്റോറിയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 27ന് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചെങ്കിലും ഇപ്പോഴും ഇതു പ്രവർത്തന സജ്ജമായിട്ടില്ല.
12 വർഷമായി ഉപയോഗശൂന്യമായി കിടന്ന ഗ്യാസ് ശ്മശാനം പൊളിച്ചുനീക്കിയാണ് 35 ലക്ഷം രൂപ ചെലവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ആധുനിക ക്രിമറ്റോറിയത്തിന്റെ നിർമാണം ആരംഭിച്ചത്.
2022 ഏപ്രിൽ 27നായിരുന്നു നിർമാണോദ്ഘാടനം. രണ്ടുമാസത്തിൽ പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച ജോലികൾ പിന്നാലെ നിന്നുപോയി.പിന്നീട് നിർമാണച്ചുമതലയുള്ള കോസ്റ്റ് ഫോഡും പഞ്ചായത്തും നടത്തിയ ചർച്ചയിൽ ചിമ്മിനിയുടെ അടിത്തറയും ചിമ്മിനിയും പൂർത്തിയാക്കി 2024 ഒക്ടോബർ 15ന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടന്നില്ല.
പുതുതായി എത്തിച്ച ജനറേറ്റർ ക്രിമറ്റോറിയത്തിന് പുറത്ത് മഴയും വെയിലുമേറ്റ് നശിച്ചു കിടക്കുകയാണ്.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം പഞ്ചായത്തിലെ ഭൂരഹിതനായ ഒരാൾ മരിച്ചാൽ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഉടുമ്പൻചോല പഞ്ചായത്തിലെ പാറത്തോട് ശ്മശാനത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഇതിനിടെ ഇവിടേക്ക് എത്തിച്ച ഇരുപതിലധികം എൽപിജി സിലിണ്ടറുകളും കാണാതായതാണ് വിവരം.
വയറിങ് പൂർത്തിയാക്കാതെ ഉദ്ഘാടനം; ആശുപത്രി ഇപ്പോഴും വാടക കെട്ടിടത്തിൽ
∙ വർഷങ്ങൾ നീണ്ട
കാത്തിരിപ്പിനൊടുവിൽ കട്ടപ്പന വാഴവരയിലെ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം 26ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തെങ്കിലും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി അവിടേക്ക് മാറിയില്ല. കെട്ടിടത്തിലെ വയറിങ് ജോലികൾ പൂർത്തിയാക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
നഗരസഭയിൽ നിന്ന് 70 ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച 30 ലക്ഷം രൂപയും കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ഗ്രാന്റായ അഞ്ചര ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
പോളി ക്ലിനിക്കും ഇതോടൊപ്പം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.എല്ലാ സേവനങ്ങളും പൂർണമായി സൗജന്യമായി ലഭിക്കുന്ന ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറാത്തത് ജനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
2020 മാർച്ച് ഏഴിന് ശിലാസ്ഥാപനം നടത്തിയ കെട്ടിട നിർമാണം വർഷങ്ങൾ നീണ്ടുപോയിരുന്നു.
ഒടുവിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉദ്ഘാടനം ചെയ്തെങ്കിലും വയറിങ് ജോലികൾ പൂർത്തിയാക്കാത്തതിനാൽ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.
യാഥാർഥ്യമാകുമോ ഈ റോഡ് ?
∙അരനൂറ്റാണ്ടിനിടെ അര ഡസനിലേറെ ഉദ്ഘാടനങ്ങൾ; എന്നിട്ടും യാഥാർഥ്യമാകാതെ മൂലമറ്റം–കോട്ടമല റോഡ്. ഈ പാതയിൽ കവന്തയിലേക്കുള്ള അവസാനത്തെ 2 കിലോമീറ്റർ ദൂരം കൂടിയാണ് ഇനി ടാറിങ് നടത്താനുള്ളത്.
ഇതിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞദിവസം നടന്നെങ്കിലും കോട്ടമല റോഡ് എന്ന സ്വപ്നം എന്നു യാഥാർഥ്യമാകും എന്നതു ചോദ്യചിഹ്നമായി തുടരുകയാണ്. ഈ റോഡ് പൂർത്തിയായാൽ കട്ടപ്പന, കുമളി പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ തൊടുപുഴയിലെത്താനാകും. 2000ലാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഈ റോഡിന്റെ നിർമാണം ആരംഭിച്ചത്.
8 കിലോമീറ്റർ നിർമാണം നടന്നതോടെ ജോലി മുടങ്ങുകയായിരുന്നു.
ഒടുവിൽ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് ഇപ്പോൾ ചെറിയ അനക്കം വച്ചത്. 1978ൽ നിർമാണം തുടങ്ങിയതാണ് മൂലമറ്റം കോട്ടമല റോഡ്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പല ഘട്ടങ്ങളായി മൺ റോഡ് പൂർത്തിയാക്കി. തുടർന്ന് 2000 ലാണ് പൊതുമരാമത്ത് വകുപ്പിനെക്കൊണ്ടു റോഡ് ഏറ്റെടുപ്പിച്ച് നിർമാണം തുടങ്ങിയത്.
2 വർഷത്തിനുള്ളിൽ റോഡ് പൂർത്തിയാക്കാം എന്ന ഉറപ്പിലാണ് കരാർ നൽകിയത്.റോഡുപണി വർഷങ്ങളോളം നീണ്ടു.
ഇതിനിടെ കരാറുകാരൻ നിർമാണം ഉപേക്ഷിച്ചു മുങ്ങി. 10.3 കിലോമീറ്റർ ദൂരം റോഡ് നിർമിക്കാനാണ് കരാർ നൽകിയത്.ഇതിൽ 2 കിലോമീറ്റർ റോഡ് കൂടി പൂർത്തിയാക്കിയാൽ തൊടുപുഴ താലൂക്കിന്റെ അതിർത്തിയിലെത്താം.
ഇതിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞ മാസം നടന്നത്. അശോക കവലമുതൽ മൂലമറ്റം വരെ ബിഎംബിസി നിലവാരത്തിലുള്ള ടാറിങ്ങു തുടർന്ന് കോട്ടമല റോഡിൽ കവന്തവരെയുള്ള ഭാഗത്തേക്ക് 2 കിലോമീറ്റർ ടാറിങ്ങുമാണ് തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി അശോക കവലയിലുണ്ടായിരുന്ന കലുങ്ക് ഭാഗികമായി പൊളിച്ച് ഒരുമാസം കഴിഞ്ഞതല്ലാതെ നിർമാണങ്ങളൊന്നും നടത്തിയിട്ടില്ല.
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലെങ്കിലും കവന്ത വരെ വഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

