പന്തളം ∙ വിവാദങ്ങൾ നിറഞ്ഞ 5 വർഷക്കാലയളവ് പൂർത്തിയാക്കി നഗരസഭയുടെ അവസാന കൗൺസിൽ യോഗം ഇന്നലെ ചേർന്നു. കേന്ദ്രാവിഷ്കൃത ഫണ്ട് വിനിയോഗിച്ചു ശീതീകരിച്ച ഹാളിലായിരുന്നു യോഗം. തർക്കവും ബഹളവും നിറഞ്ഞ മുൻ യോഗങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്നലത്തെ യോഗം ശാന്തമായിരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടമുറികളിൽ അപകടാവസ്ഥയിലുള്ളവ പൊളിച്ചുനീക്കാൻ തീരുമാനമായി.
പഞ്ചായത്തായിരുന്ന കാലത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിലെ കടമുറികളാണിവ.
സബ് ട്രഷറിയിലേക്കുള്ള വഴി മുതൽ ബസിറങ്ങുന്ന ഭാഗം വരെയും പൊലീസ് എയ്ഡ് പോസ്റ്റ് മുതൽ ബസ് കയറുന്ന വഴി വരെയുമുള്ളവയാണ് പൊളിക്കുക. ഇതിനായി ഉടമകൾക്ക് നോട്ടിസ് നൽകും. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് നിക്ഷേപത്തുകയും മടക്കിനൽകും.
പൊളിക്കുന്ന സമയത്ത് ബസുകൾ പുതിയ സ്റ്റാൻഡിലേക്ക് മാറ്റും.
മൊബൈൽ ശുചിമുറി മാലിന്യ സംസ്കരണ യൂണിറ്റ് ശബരിമലയിൽ സേവനത്തിനായി വിട്ടുനൽകണമെന്ന നിർദേശം ഉപേക്ഷിച്ചു. ഹരിതകർമസേനയുടെ യൂസർ ഫീ വർധിപ്പിക്കുന്നതും നീട്ടിവച്ചു. അധ്യക്ഷൻ അച്ചൻകുഞ്ഞ് ജോൺ, ഉപാധ്യക്ഷ യു.രമ്യ, എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ, സെക്രട്ടറി ഇ.ബി.അനിത തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ തള്ളിയെങ്കിലും ചരിത്രമായി കൗൺസിൽ പിരിച്ചുവിടൽ നോട്ടിസ്
തദ്ദേശഭരണ വകുപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി, നഗരസഭാ കൗൺസിൽ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി തന്നെ സർക്കാരിനെ സമീപിക്കുന്ന അപൂർവ നടപടിക്ക് വിധേയമായ കൗൺസിലാണ് ഇപ്പോൾ കാലാവധി പൂർത്തിയാക്കുന്നത്.
2021–2022ലെ ബജറ്റ് യഥാസമയം പാസാക്കിയില്ലെന്നും വ്യാജമായിരുന്നെന്നും ചൂണ്ടിക്കാട്ടി അന്ന് സെക്രട്ടറിയായിരുന്ന എസ്.ജയകുമാറാണ് സർക്കാരിനെ സമീപിച്ചത്. ഇതിൽ ആദ്യ നടപടിയായി സർക്കാർ നഗരസഭയുടെ അഭിപ്രായം തേടിയത് ജനുവരിയിലാണ്.
19 കൗൺസിലർമാർ പിരിച്ചുവിടരുതെന്നാവശ്യപ്പെട്ടു.
പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഭരണപക്ഷ കൗൺസിലർ കൂടി ഒപ്പിട്ടു എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെത്തുടർന്നു മുൻ അധ്യക്ഷയുടെ രാജി, അധ്യക്ഷയും കൗൺസിലറും തമ്മിലുണ്ടായ തർക്കത്തിന്റെ വിഡിയോ, കൗൺസിലർക്കെതിരായ കൈക്കൂലി ആരോപണം അടക്കം വിവാദങ്ങൾ നിറഞ്ഞ 5 വർഷമാണ് ബിജെപി ഭരണസമിതി പൂർത്തിയാക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

