പ്രവാസലോകത്ത് ഓണസദ്യയ്ക്ക് തൂശനിലയൊരുക്കാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് വാഴയിലകളുടെ കയറ്റുമതി സജീവമാകുന്നു. വിദേശ മലയാളി സമൂഹത്തിനായി സംസ്ഥാനത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങൾ വഴി മാത്രം ഏകദേശം 2 കോടി രൂപയുടെ വാഴയിലയാണ് ഇക്കുറി കയറ്റുമതി ചെയ്യുന്നത്.
ആവശ്യാനുസരണം ഇലകൾ ലഭ്യമാക്കാൻ അയൽ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി, തിരുനെൽവേലി എന്നീ പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന കദളി വാഴയുടെ ഇലകളാണ് ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളായി തിരഞ്ഞെടുത്തത്.
കയറ്റുമതിക്കായി മികച്ച നാക്കിലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങൾ വഴിയാണ് ഇവ വിവിധ അളവുകളിലായി കയറ്റി അയക്കുന്നത്.
5 കിലോഗ്രാം വീതമുള്ള കാർഡ്ബോർഡ് പെട്ടികളിലായാണ് ആകെ 4000 പെട്ടികൾ അയക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് കാർഗോ നിരക്ക് ഇരട്ടിയോളമായി വർധിച്ചിട്ടും, വാഴയിലയിൽ തന്നെ സദ്യ ഉണ്ണണമെന്ന മലയാളികളുടെ പരമ്പരാഗത താൽപ്പര്യമാണ് വിപണിയിൽ ഇപ്പോഴും വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നത്.
വിദേശങ്ങളിലെ പ്രമുഖ ഹോട്ടലുകളിലും ഈ സീസണിൽ വാഴയിലയ്ക്ക് വൻ ആവശ്യക്കാരുണ്ട്. യുദ്ധത്തിന് പിന്നാലെ ഉണ്ടായ കാർഗോ നിരക്ക് വർധനവ് കയറ്റുമതി രംഗത്തുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കിലോഗ്രാമിന് 100 മുതൽ 120 രൂപ വരെയാണ് വിമാനക്കമ്പനികൾ അധികമായി ഈടാക്കുന്നത്. കടൽമാർഗം അയക്കാമെന്നുവെച്ചാൽ മുൻപ് 3 ലക്ഷം രൂപയുണ്ടായിരുന്ന കണ്ടെയ്നർ വാടക ഇപ്പോൾ പത്തര ലക്ഷത്തോളമായി ഉയർന്നു.
യാത്രക്കാരുടെ വിമാനക്കൂലി കുറഞ്ഞെങ്കിലും ഉയർന്ന കാർഗോ നിരക്ക് ഇപ്പോഴും തുടരുകയാണ്. ഇതിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്ന് കെ.ബി.എക്സ്പോർട്ടേഴ്സ് ഉടമ കെ.ബി.റഫീഖ് വ്യക്തമാക്കി.
ഒരു കിലോഗ്രാമിൽ ഏകദേശം 70 മുതൽ 80 വരെ ഇലകളാണ് ഉണ്ടാവുക. വിദേശ വിപണിയിൽ ഇതിന് 800 മുതൽ 1100 രൂപ വരെ ലഭിക്കും.
അതായത് ഒരു ഇലയ്ക്ക് ഏകദേശം 10 മുതൽ 13 രൂപ വരെ ലഭിക്കുമെന്ന് ചുരുക്കം. വിദേശത്തേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്ന വിവിധ സ്ഥാപനങ്ങളും ഈ ഓണം സീസണിൽ വാഴയില കയറ്റുമതി രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

