മൂന്നാർ ∙ വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ മൂന്നാറിലെ പാതയോരങ്ങൾ കയ്യേറി വഴിയോര കടകൾ സ്ഥാപിക്കുന്നത് വ്യാപകമായി. അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
പാതയോരങ്ങൾ വഴിയോര കച്ചവടക്കാർ കൈവശപ്പെടുത്തിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. പഴയ മൂന്നാർ മുതൽ ആർഒ കവല, ഇക്കാനഗർ, ദേശീയപാതയിലെ ബൈപാസ് പാലം മുതൽ സിഗ്നൽ പോയിന്റ് വരെ, മാട്ടുപ്പെട്ടി റോഡ്, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ കയ്യേറ്റങ്ങൾ വ്യാപകമായി നടന്നത്.
സീസണിലെ കച്ചവടം മുന്നിൽ കണ്ടാണ് കയ്യേറ്റങ്ങൾ നടന്നത്.
മുൻപ് പല തവണ ഒഴിപ്പിച്ച മേഖലകളിലാണ് വീണ്ടും വഴിയോര കടകൾ സ്ഥാപിച്ചിരിക്കുന്നത്. ദേശീയപാത വീതി കൂട്ടൽ പണികൾ നടത്തുന്നതിനായി ഒഴിപ്പിച്ച ബൈപാസ് പാലം മുതൽ ആർഒ കവല വരെയുള്ള ഭാഗത്ത് പാതയുടെ ഇരുവശങ്ങളിലും വഴിയോര കടകൾ പുനഃസ്ഥാപിച്ചു.
ദേശീയപാതയുടെ ഇരുവശങ്ങളും കയ്യേറ്റക്കാർ സ്വന്തമാക്കിയതോടെ ബൈപാസ് പാലം മുതൽ ആർഒ കവല വരെയുളള ഭാഗത്ത് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രശ്നത്തിൽ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർ നടപടിയെടുക്കാത്തതിൽ കടുത്ത അമർഷമാണുയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

