ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോട്, ബൈപാസ് ട്രാഫിക് സിഗ്നലുകൾക്കിടയിൽ മേൽപാലം നിർമിച്ചു ചരിത്രം സൃഷ്ടിച്ച ആലുവയിൽ രണ്ടു ബസ് സ്റ്റോപ്പുകൾക്കിടയിൽ പുതിയ യു ടേൺ വരുന്നു. പറവൂർ കവലയ്ക്കും തോട്ടയ്ക്കാട്ടുകരയ്ക്കും ഇടയിലാണ് യു ടേൺ നിർമിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇതിനു മുന്നോടിയായി ഈ ഭാഗത്തെ മീഡിയൻ പൊളിച്ചു നീക്കി.
സ്ഥലം ചുവന്ന ഫൈബർ കോണുകൾ വച്ചു തിരിച്ചു.
ദേശീയപാതയിൽ ചൂർണിക്കരയിൽ മുട്ടിമുട്ടിനുള്ള യു ടേണുകൾ ആളുകളുടെ ജീവൻ എടുക്കുകയും ഇതിനെതിരെ ജനരോഷം ഉയരുകയും ചെയ്യുന്നതിനിടയിലാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്ന പേരിൽ തോട്ടയ്ക്കാട്ടുകരയിൽ പുതിയ യു ടേൺ നിർമിക്കുന്നത്. തോട്ടയ്ക്കാട്ടുകരയ്ക്കും പറവൂർ കവലയ്ക്കും ഇടയ്ക്കു റോഡ് വികസനത്തിനു പൊന്നുംവില നൽകി ഏറ്റെടുത്ത ഭൂമി മൂന്നു പതിറ്റാണ്ടായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.
ഇതു കൂട്ടിച്ചേർത്തു സർവീസ് റോഡിന്റെ വീതി കൂട്ടിയാൽ തന്നെ ഇവിടത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയും എന്നിരിക്കെ അത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടത്താതെയാണ് യു ടേൺ നിർമിക്കാൻ ഒരുങ്ങുന്നതെന്നാണ് ആക്ഷേപം. ഇവിടെ ഏറ്റെടുത്ത ഭൂമി വർഷങ്ങളായി ഉപയോഗിക്കാത്തതിനാൽ സ്ഥലം വിട്ടുകൊടുത്തവർ തന്നെ പലതും നിയമവിരുദ്ധമായി തിരികെ എടുത്തു.
റോഡരികിലെ ചില സ്ഥാപനങ്ങൾ സർക്കാർ ഭൂമി ടൈൽ വിരിച്ചു സ്വന്തമാക്കിയതും അവരുടെ പാർക്കിങ് ഏരിയയായി ഉപയോഗിക്കുന്നതും കാണാം. കടുങ്ങല്ലൂരിൽ നിന്ന് ആലുവ ടൗണിലേക്കും മണപ്പുറത്തേക്കും വരുന്ന വാഹനങ്ങളാണ് തോട്ടയ്ക്കാട്ടുകര ജംക്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ.
തോട്ടയ്ക്കാട്ടുകര ജംക്ഷനിൽ ദേശീയപാത അടച്ച ശേഷം കടുങ്ങല്ലൂരിൽ നിന്നുള്ള വാഹനങ്ങളെ ഇടത്തോട്ടു തിരിച്ചുവിട്ടു പുതിയ യു ടേണിൽ വലത്തോട്ടു തിരിച്ചുവിട്ടാൽ പ്രശ്നം തീരുമെന്നാണ് അവർ പറയുന്നത്.
മീഡിയൻ പൊളിച്ചു യു ടേൺ ഉണ്ടാക്കുന്നതു പരീക്ഷണാർഥമാണെന്നും വിജയിച്ചില്ലെങ്കിൽ മാറ്റുമെന്നും അവർ പറഞ്ഞു. തിരക്കേറിയ ബൈപാസ് ജംക്ഷനിലും ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്നു പറഞ്ഞു ഇതുപോലെ ദേശീയപാത അടച്ചുകെട്ടിയിരുന്നു.
അതോടെ നഗരസഭയിലെ തൈനോത്ത് വാർഡിൽ താമസിക്കുന്നവർക്കു നഗരത്തിനുള്ളിലേക്കു പ്രവേശിക്കാനുള്ള വഴി അടഞ്ഞു. പകരം അണ്ടർ പാസ് നിർമിക്കുമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാക് പോലുള്ള ഏജൻസികളെ കൊണ്ടു ശാസ്ത്രീയ പഠനം നടത്തിക്കാതെ ചെയ്യുന്ന സൂത്രപ്പണികൾ കുരുക്ക് വർധിപ്പിക്കുമെന്നാണ് ആശങ്ക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

