ന്യൂഡൽഹി ∙ ഡൽഹിയിൽ ആദ്യമായി കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് 3 മലയാളികളാണ്. ഐഐടി കാൻപുരിലെ മാനേജ്മെന്റ് സയൻസ് വിഭാഗം പ്രഫസർ ഡോ.ദീപു ഫിലിപ്പാണു ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾക്കു നേതൃത്വം നൽകുന്നത്.
മൂവാറ്റുപുഴ സ്വദേശിയായ ദീപു 2022 മുതൽ ക്ലൗഡ് സീഡിങ് നടത്താനുള്ള പരീക്ഷണങ്ങളുടെ പണിപ്പുരയിലായിരുന്നു. വിദേശ രാജ്യങ്ങളിൽ മാത്രം പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ക്ലൗഡ് സീഡിങ് ടെക്നോളജി സ്വന്തമായി നിർമിക്കുകയായിരുന്നു ഐഐടി കാൻപുരെന്ന് ഡോ.ദീപു പറഞ്ഞു.
മേഘങ്ങളിൽ വിതറാനുള്ള രാസസംയുക്തം മുതൽ അതിന് ഉപയോഗിക്കാനുള്ള വിമാനം വരെ ഐഐടി സ്വന്തമായി വികസിപ്പിച്ചു.
ഒരു സ്ക്വയർ മീറ്ററിൽ ക്ലൗഡ് സീഡിങ് നടത്താൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സംവിധാനങ്ങൾക്ക് 40 ലക്ഷം രൂപ ചെലവു വരുമ്പോൾ വെറും ഒരു ലക്ഷം രൂപയ്ക്കാണ് അവ ഐഐടിയിൽ വികസിപ്പിച്ചത്. ആയിരത്തിലധികം രാസ കോംബിനേഷനുകൾ പരീക്ഷിച്ച ശേഷമാണു കൃത്യമായി ക്ലൗഡ് സീഡിങ്ങിനുള്ള ഫ്ലയറുകൾ വികസിപ്പിച്ചത്.
അവയാണ് ഇന്നലെ നടത്തിയ പരീക്ഷണത്തിന് ഉപയോഗിച്ചത്.
സെസ്ന 206എച്ച്, വിടി ഐഐടി എന്ന ചെറു വിമാനത്തിലാണു ഡൽഹിക്കു മുകളിൽ പറന്ന് ക്ലൗഡ് സീഡിങ് നടത്തിയത്. വിമാനം പറത്തിയതു കോട്ടയം വെള്ളൂർ സ്വദേശി ക്യാപ്റ്റൻ അലൻ ജോസഫാണ്.
കമേഴ്സ്യൽ പൈലറ്റായ അലനെ ക്ലൗഡ് സീഡിങ് നടത്താനുള്ള വിമാനം പറത്തുന്നതിനായി പ്രത്യേകം നിയമിക്കുകയായിരുന്നു. സെസ്ന സ്റ്റേഷൻ എയർ എന്ന ചെറുവിമാനങ്ങൾ പറത്തി പരിചയമുള്ള പൈലറ്റിനെ തേടിയുള്ള ഐഐടിയുടെ അന്വേഷണമാണ് അലനിലെത്തിയത്.
അലനൊപ്പം ക്യാപ്റ്റൻ രാജ്ദീപ് സിങ്ങും വിമാനം പറത്താനുണ്ടായിരുന്നു. വിമാനം പറത്തുന്നതിന് ഡിജിസിഎയുടെ അനുമതി നേടുക, റൂട്ട് തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ നിർവഹിച്ച് ക്ലൗഡ് സീഡിങ് അഡ്വൈസറായി പ്രവർത്തിച്ച ചങ്ങനാശേരിക്കാരൻ എയർ മാർഷൽ ഫിലിപ് തോമസും ദൗത്യത്തിന്റെ ഭാഗമായിരുന്നു.
മേഘം കനിഞ്ഞാൽ ആ‘ശ്വാസം’ പെയ്യും
ന്യൂഡൽഹി ∙ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിനും പുകമഞ്ഞ് നിയന്ത്രിക്കുന്നതിനുമായി കൃത്രിമമഴ പെയ്യിക്കാൻ ഡൽഹിയിൽ വീണ്ടും ക്ലൗഡ് സീഡിങ് നടത്തി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൻപുരിൽ നിന്നുള്ള വിമാനം ഉപയോഗിച്ച് വടക്കൻ ഡൽഹിയിൽ രണ്ടുതവണ ക്ലൗഡ് സീഡിങ് നടത്തി. ഇതോടെ ഖേക്ര, ബുറാഡി മേഖലകളിൽ മഴ ഉണ്ടാകുമെന്നാണ് സൂചന.
എന്നാൽ ഈർപ്പത്തിന്റെ അളവ് കുറവായതിനാൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
ഐഐടി കാൻപൂർ സ്വന്തമായി വികസിപ്പിച്ച സെസ്ന സ്റ്റേഷൻ എയർ 206എച്ച് വിമാനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് പത്തോളം ക്ലൗഡ് സീഡിങ്ങുകൾ നടത്തുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ അറിയിച്ചു. ദീപാവലിക്ക് ശേഷം നഗരത്തിലെ വായു ഗുണനിലവാര സൂചിക 305 ലേക്ക് ഉയർന്നതും മലിനീകരണം രൂക്ഷമായതുമായ സാഹചര്യത്തിലാണ് ഈ നീക്കം.
പരീക്ഷണങ്ങൾക്കായി ഡൽഹി സർക്കാർ 3.21 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പൂർണ വിജയമല്ലെന്ന് വിദഗ്ധർ
അതേസമയം, ക്ലൗഡ് സീഡിങ് പൂർണമായും വിജയിച്ചില്ല എന്ന് ഐഐടി കാൻപുർ ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. മേഘങ്ങളുടെ അഭാവം പരീക്ഷണത്തെ ബാധിച്ചു.
സീഡിങ്ങിനെ തുടർന്ന നോയിഡയിൽ 0.1 മില്ലിമീറ്റർ മഴയും ഗ്രേറ്റർ നോയിഡയിൽ 0.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. ഇതുകൂടാതെ കരോൾ ബാഗ്, മയൂർ വിഹാർ , ബുറാഡി മേഖലയിൽ സീഡിങ്ങിനു ശേഷം എക്യുഐയിൽ 6.3%, 10.43%,9.5% കുറവുണ്ടായതായും ഐഐടി കാൻപുർ സ്ഥിരീകരിച്ചു.
ക്ലൗഡ് സീഡിങ് എങ്ങനെ ?
ഒരു സ്പൂൺ ഉപ്പ് മേശപ്പുറത്ത് തുറന്നുവച്ചിട്ട് ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്രദ്ധിച്ചാൽ ചുറ്റും വെള്ളത്തുള്ളികൾ രൂപപ്പെട്ടത് കാണാം.
അന്തരീക്ഷത്തിലെ ഈർപ്പവുമായി ഉപ്പ് രാസപ്രവർത്തനത്തിലൂടെ വെള്ളത്തുള്ളികളുണ്ടാക്കുന്ന തത്വമാണ് ക്ലൗഡ് സീഡിങ്ങിലും ഉപയോഗിക്കുന്നത്. കൂടുതൽ വേഗത്തിൽ രാസപ്രവർത്തനം നടത്താനായി സിൽവർ അയോഡൈഡ് കലർത്തി ഉപയോഗിക്കും.
സിൽവർ അയോഡൈഡ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡ് പോലുള്ള രാസസംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ, ഈ കണികകൾ ജലത്തുള്ളികൾ രൂപപ്പെടുന്നതിനുള്ള ന്യൂക്ലിയസുകളായി പ്രവർത്തിക്കുകയും മഴയായി പെയ്യുകയും ചെയ്യും. കാലാവസ്ഥ അനുകൂലമെങ്കിൽ 15 മുതൽ 30 മിനിറ്റിനുള്ളിൽ മഴ പ്രതീക്ഷിക്കാം, എന്നാൽ മേഘങ്ങൾ തണുത്തതോ വരണ്ടതോ ആണെങ്കിൽ 2 മണിക്കൂർ വരെ എടുത്തേക്കാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

