കൊച്ചി: സുറിയാനി കത്തോലിക്കാ സഭയുടെ അന്ത്യോക്യൻ പാത്രിയർക്കീസ് മാർ ഇഗ്നേഷ്യസ് ജോസഫ് തൃതീയൻ യൗനാൻ ബാവാ സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസും യാക്കോബായ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററും സന്ദർശിച്ചു. മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും സിനഡ് അംഗങ്ങളായ ബിഷപ്പുമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
സിറോ മലബാർ സഭയുടെ 34-ാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. പൗരസ്ത്യ കത്തോലിക്കാ സഭകൾ തമ്മിലുള്ള കൂട്ടായ്മയും പരസ്പര സഹകരണവും ശക്തിപ്പെടുത്തേണ്ട
കാലഘട്ടമാണിതെന്നു മൗണ്ട് സെന്റ് തോമസിലെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. പൗരസ്ത്യ സഭകളുടെ പാരമ്പര്യങ്ങളും ആത്മീയ സമ്പത്തും വിശ്വാസസാക്ഷ്യവും ഇന്നത്തെ സാഹചര്യങ്ങളിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കേണ്ടതുണ്ട്.
തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശ്രേഷ്ഠ ബാവായും ഡോ.
കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ്, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, കോറെപ്പിസ്കോപ്പമാരായ സ്ലീബാ കാട്ടുമങ്ങാട്ട്, ബേബി ചാമക്കാല എന്നിവരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ജോസഫ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി മോൺ. ഹാബീബ്, ഫാ.
മൗറിസ് അൽ കൂരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

