മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ സുപ്രധാന പ്രഖ്യാപനമായ പതാക ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം 8.30-ന് കൊരട്ടി സിയോൻ സെമിനാരിയിൽ നിന്നും ആരംഭിക്കുന്ന യാത്ര കൊച്ചി ഭദ്രാസനാധിപൻ ഡോ.
യാക്കോബ് മാർ ഐറേനിയസ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വടക്കൻ മേഖല ഭദ്രാസനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകുന്നേരം 5-ന് മുളന്തുരുത്തി പള്ളിത്താഴം ജംക്ഷനിൽ എത്തിച്ചേരുന്ന യാത്രയെ, മുളന്തുരുത്തി മാർത്തോമൻ പള്ളി ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ തനതു കേരളീയ വേഷത്തിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
അസോസിയേഷൻ ചേരുന്ന വെട്ടിക്കൽ സെന്റ് ഗ്രിഗോറിയോസ് നഗറിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തും. സമ്മേളനനഗരിയിൽ സ്ഥാപിക്കുന്നതിനായി, പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മഗൃഹമായ ചാത്തുരുത്തിൽ തറവാട്ടിൽനിന്ന് എത്തിക്കുന്ന ഛായാചിത്രം ഡോ.
യാക്കോബ് മാർ ഐറേനിയസ് ഏറ്റുവാങ്ങും. പതാക ഉയർത്താനുള്ള കൊടിമരം വൈദികരുടെ നേതൃത്വത്തിൽ സമ്മേളന നഗറിൽ ഇതിനോടകം നാട്ടിയിട്ടുണ്ട്.
വരുന്ന 27-ാം തീയതി രാവിലെ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ സഭാ മാനേജിങ് കമ്മിറ്റിയോഗം ചേരും. തുടർന്ന് 11.30-ന് പള്ളിയിൽനിന്നു സമ്മേളന നഗരിയിലേക്കു വാഹന ഘോഷയാത്രയും, 12.15-ന് സെന്റ് ഗ്രിഗോറിയോസ് നഗറിൽ മലങ്കര മെത്രാപ്പൊലീത്തയെയും മെത്രാപ്പൊലീത്തമാരെയും സ്വീകരിക്കലും നടക്കും.
യോഗനടപടികൾ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. കോട്ടയം പഴയ സെമിനാരി അധ്യാപകൻ ഫാ.
ഡോ. ഏബ്രഹാം വർഗീസ് ധ്യാനത്തിന് നേതൃത്വം നൽകും.
മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ നോട്ടിസ് കൽപന വായിക്കും. വൈദിക ട്രസ്റ്റി ഫാ.
ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മലങ്കര മൽപാൻ ഫാ.
ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ തുടങ്ങിയവർ തിരഞ്ഞെടുപ്പ് അടക്കമുള്ള വിവരങ്ങൾ വ്യക്തമാക്കി.
പാർക്കിങ് ക്രമീകരണങ്ങൾ അസോസിയേഷൻ പ്രതിനിധികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി അഞ്ച് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ നിരണം വരെയുള്ള തെക്കൻ ഭദ്രാസനങ്ങളിൽനിന്നു വരുന്നവർ തലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും, കോട്ടയം മുതൽ കണ്ടനാട് വെസ്റ്റ് വരെയുള്ള മധ്യകേരള ഭദ്രാസനങ്ങളിൽ നിന്നുള്ളവർക്കു വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിലും പാർക്ക് ചെയ്യാം.
അങ്കമാലി മുതൽ മലബാർ വരെയുള്ള വടക്കൻ ഭദ്രാസന പ്രതിനിധികൾ സ്റ്റെല്ല മാരീസ് കോൺവന്റ് സ്കൂളിലും, കേരളത്തിനു പുറത്തുള്ള ഭദ്രാസന പ്രതിനിധികൾ വെട്ടിക്കൽ സെന്റ് തോമസ് എൽപി സ്കൂളിലുമാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, തിരഞ്ഞെടുപ്പു ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർ, വൊളന്റിയർമാർ, കൊച്ചി ഭദ്രാസന പ്രതിനിധികൾ എന്നിവരുടെ വാഹനങ്ങൾ സെന്റ് തോമസ് ദയറയുടെ കിഴക്കേ വശത്തു പാർക്ക് ചെയ്യണം.
പാർക്കിങ് സ്ഥലത്തേക്കുള്ള ക്യൂ ആർ കോഡ് ഗൂഗിൾ മാപ്പ് പ്രതിനിധികൾക്കു നൽകിയിട്ടുണ്ട്. പാർക്കിങ് ഗ്രൗണ്ടുകളിൽനിന്നു സമ്മേളന നഗരിയിലേക്കും തിരിച്ചും ഫീഡർ ബസ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

