ഓൺലൈൻ ആപ്പിലൂടെ നോവൽ വായിച്ചാൽ വൻതോതിൽ പണം നേടാമെന്ന വ്യാജ വാഗ്ദാനം നൽകി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്. നിശ്ചിത തുക നിക്ഷേപിച്ച് ആപ്പിൽ ലഭ്യമാകുന്ന ഇംഗ്ലീഷ് നോവലുകൾ വായിച്ചാൽ പണം ഇരട്ടിയായി തിരികെ ലഭിക്കുമെന്ന ഓഫറിലാണ് ആയിരത്തോളം പേർ കുടുങ്ങിയത്.
പ്രധാനമായും വീട്ടമ്മമാരെ ലക്ഷ്യമിട്ട് മണി ചെയിൻ മാതൃകയിലായിരുന്നു ഈ തട്ടിപ്പ് സംഘം പ്രവർത്തനം വ്യാപിപ്പിച്ചത്. ഓൺലൈൻ തട്ടിപ്പുകളുടെ പുതിയ രീതിയായ ഈ ആപ്പ് വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പന്ത്രണ്ട് ലക്ഷം രൂപ വരെ നഷ്ടമായവർ ഇക്കൂട്ടത്തിലുണ്ട്.
തൊഴിൽരഹിതയായി ബുദ്ധിമുട്ടിലായിരുന്ന മടത്തറ സ്വദേശി എൻടിഎൽ എന്ന ആപ്പിൽ അംഗമായതോടെയാണ് ഈ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ആപ്പിൽ പ്രത്യക്ഷപ്പെടുന്ന ഇംഗ്ലീഷ് നോവലുകൾ സ്ക്രോൾ ചെയ്തുപോയാൽ അക്കൗണ്ടിലേക്ക് പണം എത്തും എന്നായിരുന്നു വാഗ്ദാനം.
ആദ്യം ചെറിയ തുക ലാഭമായി ലഭിച്ചതോടെ വിശ്വാസ്യത നേടിയ സംഘം, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കൂടുതൽ ഓഫറുകൾ വാഗ്ദാനം ചെയ്തു. പണം ലഭിച്ചവർ ഈ വ്യാജ വാഗ്ദാനം വിശ്വസിച്ച് മറ്റ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ആപ്പിലേക്ക് ചേർത്തു.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അക്കൗണ്ടിലേക്ക് പണം വരുന്നത് നിലയ്ക്കുകയും നോവലുകളോ മറ്റ് ടാസ്കുകളോ ഇല്ലാതെ ആപ്പ് പൂർണ്ണമായി പ്രവർത്തനരഹിതമായി അപ്രത്യക്ഷമാവുകയുമായിരുന്നു. ഇതിനെതിരെ പരാതിയുമായി മുന്നോട്ട് വന്നവർക്ക് കടുത്ത ഭീഷണികളും നേരിടേണ്ടി വന്നു.
തിരുവനന്തപുരം ജില്ലയുടെ വടക്കൻ മേഖലകളിൽ മാത്രം നൂറുകണക്കിന് ആളുകളാണ് ഈ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വിതുര മേഖലയിൽ സനോഫർ എന്ന വ്യക്തിയാണ് കൂടുതൽ ആളുകളെയും ഈ തട്ടിപ്പ് ആപ്പിലേക്ക് റിക്രൂട്ട് ചെയ്തത്.
തികച്ചും മണി ചെയിൻ മാതൃകയിലുള്ള ശൃംഖലയായാണ് ഇത് പ്രവർത്തിച്ചിരുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്ത് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ വൻതോതിൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

