മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായ ഒന്നാം ഘട്ട ടാറിങ് പൂർത്തിയായതിനു പിന്നാലെ ട്രാഫിക് വാർഡന്മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് നഗരത്തെ വീണ്ടും ഗതാഗത കുരുക്കിലാക്കി.
10 ട്രാഫിക് വാർഡന്മാരുടെ സേവനമാണ് ഒറ്റയടിക്ക് അവസാനിപ്പിച്ചത്. കച്ചേരിത്താഴം പാലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെയാണു ഗതാഗത നിയന്ത്രണത്തിൽ കാര്യക്ഷമമായി ഇടപെട്ടിരുന്ന ട്രാഫിക് വാർഡന്മാരെ ഒഴിവാക്കിയത്.
ഇതേ തുടർന്ന് കഴിഞ്ഞ 4 ദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യാത്രക്കാരും വലയുകയാണ്. രാവിലെ ആരംഭിക്കുന്ന ഗതാഗത കുരുക്ക് രാത്രി വൈകിയും തുടരുന്ന സാഹചര്യമാണ്.
നഗര വികസനത്തിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട
ടാറിങ് രണ്ടാഴ്ച മുൻപാണു പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ കച്ചേരിത്താഴം പാലത്തിനു സമീപത്തെ വലിയ കുഴി പൂർണമായി മൂടിയിട്ടില്ല. അതിനാൽ പാലത്തിലൂടെ ഒരു വശത്തേക്കു മാത്രം ഒരു വരി ഗതാഗതമാണ് അനുവദിക്കുന്നത്.
ഈ ഭാഗങ്ങളിലെ ഓട
നിർമാണവും പൂർത്തിയായിട്ടില്ല. കാവുംപടി റോഡിലേക്കുള്ള പ്രവേശനവും അടച്ചിരിക്കുകയാണ്.
നഗരവികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ജോലികൾ ബാക്കി നിൽക്കെയാണ് 14 ട്രാഫിക് വാർഡന്മാരിൽ 10 പേരെ ഒഴിവാക്കിയത്. വെള്ളൂർക്കുന്നം, കീച്ചേരിപ്പടി , വൺ വേ ജംക്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ടാറിങ് കഴിഞ്ഞ റോഡ് എംഎൽഎയുടെ നിർദേശ പ്രകാരം തുറന്നു കൊടുത്തെന്ന പേരിൽ ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. പകരം ആരും എത്താത്തതു മൂലം ട്രാഫിക് പൊലീസിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

