യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാനമായ ‘100% തീരുവ’ ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി ഒപ്പുവെച്ചു. സെനറ്റിൽ 11നെതിരെ 86 വോട്ടുകൾക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ 159നെതിരെ 262 വോട്ടുകൾക്കും മുൻപ് ഈ ബിൽ പാസാക്കപ്പെട്ടിരുന്നു.
റഷ്യൻ ക്രൂഡോയിലും മറ്റ് ഊർജ ഉൽപന്നങ്ങളും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയമനിർമ്മാണം. ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ഈ ഭീമമായ തീരുവ ചുമത്തണം എന്ന കാര്യത്തിൽ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്നതാണ് പുതിയ നിയമം.
കടുത്ത റഷ്യൻ വിമർശകനായിരുന്ന അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം അവതരിപ്പിച്ച ബില്ലിലാണ് പിന്നീട് നിർണ്ണായക ഭേദഗതികൾ വരുത്തിയത്. തുടക്കത്തിൽ 500% തീരുവ ചുമത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദമെങ്കിലും പിന്നീട് ഇത് 100 ശതമാനമായി പുനർനിശ്ചയിക്കുകയാണുണ്ടായത്.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്ക സന്ദർശിക്കാനിരിക്കെയുള്ള ഈ നടപടി അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളുടെ എണ്ണവ്യാപാരത്തെ സാരമായി ബാധിക്കുന്നതാണ് ട്രംപിന്റെ പുതിയ നീക്കം.
റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിൽ വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യയ്ക്കും ചൈനയ്ക്കും ഇത് വലിയ തിരിച്ചടിയാകും. റഷ്യയുടെ മൊത്തം എണ്ണ കയറ്റുമതിയുടെ പകുതിയും ചൈനയിലേക്കാണ് പോകുന്നതെങ്കിൽ, ഏകദേശം 37 ശതമാനവും ഇന്ത്യയിലേക്കാണ് എത്തുന്നത്.
തുർക്കി, സ്ലൊവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും റഷ്യൻ എണ്ണയെ ആശ്രയിക്കുന്നവരിൽ ഉൾപ്പെടുന്നു. ബില്ലിൽ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് എടുത്തുപറയുന്നില്ലെങ്കിലും, ആർക്കെതിരെയും എപ്പോൾ വേണമെങ്കിലും ഈ തീരുവ പ്രയോഗിക്കാൻ പ്രസിഡന്റിന് സാധിക്കും.
നിലവിൽ യുഎസിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനമാണ് തീരുവയുള്ളത്. എന്നാൽ 100% കൂടി ബാധകമായാൽ അത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.
“For China and India: It would be better if you improve your performance. Buy your oil and gas from somewhere else.” എന്ന് യുഎസ് സെനറ്റർ ബ്ലുമെൻതാൽ ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ഊർജ സുരക്ഷയും കുറഞ്ഞ വിലയിൽ തടസ്സമില്ലാതെ ഇന്ധനം ലഭ്യമാക്കലുമാണ് തങ്ങളുടെ പരമപ്രധാന ലക്ഷ്യമെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാർ ചർച്ചകളും അനിശ്ചിതത്വത്തിലാകുന്നത്. ഇന്ത്യയ്ക്കെതിരെ യുഎസ് തീരുവ: നാൾവഴി
∙ 2025 ഓഗസ്റ്റ് 7 : 25%
∙ 2025 ഓഗസ്റ്റ് 27 : 50% (റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള പിഴത്തീരുവയായി 25% ഉൾപ്പെടെ)
∙ 2026 ഫെബ്രുവരി : തീരുവ 25 ശതമാനമായി കുറച്ചു.
∙ 2026 ജൂലൈ 24 : ട്രംപിന്റെ തീരുവയധികാരം കോടതി റദ്ദാക്കി.
തുടർന്ന് ഇന്ത്യയ്ക്കുമേൽ തീരുവ 10 ശതമാനമായി താഴ്ന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

