ഫോൺ എടുക്കാത്തതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനൊടുവിൽ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.
പിറവം കക്കാട് സ്വദേശിയായ അരുൺ പ്രകാശ് (31) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ അന്തരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അരുണിന്റെ സുഹൃത്തുക്കളായ ജിഷ്ണു, ചന്ദനു, സൽബറിൻ എന്നിവർക്കെതിരെ പിറവം പൊലീസാണ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്. വ്യാഴാഴ്ച പുലർച്ചെ 12.15നും 1.30നും ഇടയിലാണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടക്കുന്നത്.
പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിനു സമീപം സുഹൃത്തുക്കളോട് സംസാരിച്ചു നിൽക്കുകയായിരുന്ന അരുണിനെ ജിഷ്ണു ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ ജിഷ്ണു അരുണിന്റെ ശരീരത്തിലേക്ക് ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
ആക്രമണത്തിനിടെ പ്രതിയായ ജിഷ്ണുവിന്റെ കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും പൊലീസ് നിരീക്ഷണത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗൾഫിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടയിൽ അരുൺ തുടർച്ചയായി ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുക്കാതിരുന്നതിനെത്തുടർന്ന് അരുൺ വീണ്ടും വിളിച്ചപ്പോൾ ജിഷ്ണുവിന്റെ രണ്ടാനമ്മയാണ് ഫോൺ എടുത്തത്.
എന്നാൽ അത് ജിഷ്ണുവാണെന്ന് തെറ്റിദ്ധരിച്ച് അരുൺ ഫോണിലൂടെ തെറിവിളിച്ചതാണ് പിന്നീട് പെട്രോളൊഴിച്ചുള്ള കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്കൂട്ടറിൽ ഒഴിക്കാനാണെന്ന വ്യാജേനയാണ് ഇവർ പെട്രോൾ വാങ്ങിയിരുന്നത്.
നാലു പേരും അരുണുമായി വാക്കേറ്റം നടത്തുന്നതിനിടയിൽ ജിഷ്ണു കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പി തുറന്ന്, “നീ എന്റെ വീട്ടിലുള്ളവരെ ഫോൺ വിളിച്ച് തെറി പറയുമോടാ, നിന്നെ ഞാൻ ഇന്ന് കത്തിക്കുമെടാ” എന്ന് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. അതിനുശേഷം കുപ്പിയിലുണ്ടായിരുന്ന പെട്രോൾ അരുണിന്റെ ശരീരത്തേക്ക് ഒഴിച്ചപ്പോൾ മറ്റു മൂന്നു പേരും “ആ അവനെ കത്തിച്ചു കൊല്ലെടാ, അവനെ വച്ചേക്കരുത്” എന്നു പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെ ജിഷ്ണു ലൈറ്റർ കത്തിച്ച് അരുണിന്റെ ശരീരത്തിലേക്ക് ഇടുകയായിരുന്നു. അരുണും പ്രതികളും മുൻപും ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പ്രതികളിൽ ഒരാൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബിഎൻഎസ് നിയമപ്രകാരം വധശ്രമം, ഗുരുതരമായി പരുക്കേൽപ്പിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നിലവിൽ കേസെടുത്തിരിക്കുന്നത്.

