പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ് റിപ്പോർട്ട് ചെയ്തു. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് മാറിനൽകിയത് 88-കാരിയുടെ എക്സ്റേയാണ്.
എക്സ്റേ ഫിലിം കൃത്യമായി പരിശോധിക്കാതെ നട്ടെല്ലിന് വളവുണ്ടെന്ന് തെറ്റായി വിലയിരുത്തി ഡോക്ടർ മരുന്ന് നിർദ്ദേശിക്കുകയായിരുന്നു. ഈ മാസം 14-നാണ് കൂടൽ അതിരുങ്കൽ സ്വദേശിയായ 16-കാരി ശ്വാസംമുട്ടലിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ഡ്യൂട്ടി ഡോക്ടറായ ദീപ്തിയാണ് കുട്ടിയെ പരിശോധിച്ചത്. തുടർന്ന് നെഞ്ചിന്റെ എക്സ്റേ എടുക്കാൻ ഡോക്ടർ നിർദ്ദേശം നൽകുകയായിരുന്നു.
എടുത്ത എക്സ്റേ ഫിലിം വീണ്ടും ഡോക്ടറെ കാണിച്ചപ്പോൾ നട്ടെല്ലിന് വളവുണ്ടെന്ന് അറിയിക്കുകയും, അതിനുള്ള മരുന്നുകൾ കുറിച്ചു നൽകുകയും ചെയ്തു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കുട്ടി മൂന്ന് ദിവസത്തോളം ഈ മരുന്നുകൾ കഴിക്കുകയും ചെയ്തു.
പിന്നീട് തുടർചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് നിർണ്ണായകമായ ഈ വിവരം പുറത്തറിയുന്നത്.
കോന്നി മെഡിക്കൽ കോളേജിൽ നിന്ന് തനിക്ക് ലഭിച്ചത് ചികിത്സ തേടിയെത്തിയ 88-കാരിയായ ദേവകിയമ്മയുടെ എക്സ്റേയാണെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് ഇല്ലാത്ത രോഗത്തിന് തനിക്ക് ചികിത്സ ലഭിച്ചതെന്നും കുട്ടി തിരിച്ചറിഞ്ഞു. ഈ ചികിത്സാപിഴവിൽ ഡ്യൂട്ടി ഡോക്ടർ ദീപ്തിക്കും എക്സ്റേ വിഭാഗം ജീവനക്കാർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.
സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ആശുപത്രി അധികൃതർക്കും കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഗുരുതര വീഴ്ചയെ തുടർന്ന് കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്ട്മെന്റിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

