കൊച്ചി ∙ കേരളത്തിലെ കർഷക സമൂഹം അനുദിനം നേരിടുന്ന വെല്ലുവിളികൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം പാർക്ക് സെൻട്രലിൽ നടത്തിയ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ് പ്രശ്ന നിർണയ ശിൽപശാല ശ്രദ്ധേയമായി. ലോക ബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല ഒരുക്കിയത്.
കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ചിരുന്ന് ആശയങ്ങൾ പങ്കുവച്ച വേദി കാർഷിക മേഖലയ്ക്ക് പുതിയൊരു പ്രതീക്ഷയായി മാറി.
കൃഷിയിടങ്ങളിൽ കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ്, അവ ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ ക്രോഡീകരിച്ച്, ലഭ്യമായ സ്റ്റാർട്ടപ്പുകളുടെ സഹായത്തോടെ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുകയായിരുന്നു ശിൽപശാലയുടെ ലക്ഷ്യം. സംരംഭകർക്കും ഗവേഷകർക്കും പുതിയ ഉൽപന്നങ്ങളും സാങ്കേതിക സംവിധാനങ്ങളും രൂപകൽപന ചെയ്യാൻ ഭാവിയിൽ ആധികാരിക അടിസ്ഥാന വിവര ശേഖരമായി ഈ ഡേറ്റബേസ് മാറും.
കേര പദ്ധതിയിലെ അഗ്രി ടെക് സ്റ്റാർട്ടപ് വിഭാഗത്തിന് കീഴിലാണ് ഇത് സജ്ജമാക്കുന്നത്.
വന്യജീവി ആക്രമണം, കാർഷികോൽപന്നങ്ങളുടെ സംഭരണവും വിപണനവും, വിളകളുടെ സംസ്കരണവും മൂല്യവർധനവും, പൈൻ ആപ്പിൾ, റബർ, ജാതി തുടങ്ങിയ കൃഷികളിലെ വെല്ലുവിളികൾ, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, കീടരോഗ നിർണയം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ കർഷക പ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ നൂതന ആശയങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാം.
മികച്ച ആശയങ്ങൾക്ക് കേര പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സ്റ്റാർട്ടപ് മിഷൻ വഴി ഫണ്ടിങ് ഉറപ്പുവരുത്തും. സംസ്ഥാനത്ത് ഇത്തരത്തിൽ നടത്തുന്ന അഞ്ചാമത്തെ ശിൽപശാലയാണിത്.
കേര തൃശൂർ റീജിയണൽ പ്രോജക്ട് ഡയറക്ടർ പി.ഉണ്ണിരാജയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേര എസ്പിഎംയു പ്രൊക്യൂർമെന്റ് ഓഫിസർ സുരേഷ് സി.
തമ്പി മുഖ്യപ്രഭാഷണം നടത്തി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.പി.സുധീശൻ, കേരള കാർഷിക സർവകലാശാലയുടെ വൈറ്റില നെല്ല് ഗവേഷണകേന്ദ്രം മേധാവി ഡോ.
എ.കെ.ശ്രീലത, കേര എസ്പിഎംയു കൃഷി ഓഫിസർ (പ്ലാന്റേഷൻ ആൻഡ് എംഎസ്എംഇ) പി.എം. വിഷ്ണു നാരായണൻ, കേരള സ്റ്റാർട്ടപ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ പഞ്ഞിക്കാരൻ, വിഎഫ്പിസികെ എറണാകുളം ജില്ലാ മാനേജർ എസ്.മഞ്ജുഷ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കേര പ്രോജക്ട് ടെക്നിക്കൽ സ്പെഷലിസ്റ്റ് ശ്രീബാല അജിത്ത് സ്വാഗതവും, കേര ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് ഡയറക്ടർ ജോൺ ജോസഫ് തേറാട്ടിൽ നന്ദിയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

