കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഔദ്യോഗികമായി ധനസഹായം കൈമാറി. നീണ്ടകര പൂമുഖത്ത് വീട്ടില്‍ രാജീവന്, മരുമകന് രാധാകൃഷ്ണന് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള സമാശ്വാസ ധനസഹായം ലഭിച്ചത്.
ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതമാണ് അടിയന്തര സഹായമായി അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ആവശ്യമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയാണ് ധനസഹായവിതരണം പൂര്‍ത്തിയാക്കിയത്.
അപകടത്തില്‍ മരണപ്പെട്ട രാജീവന്റെ ഭാര്യ സുമംഗല, രാധാകൃഷ്ണന്റെ ഭാര്യ രേഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുക നേരിട്ട് നിക്ഷേപിച്ചത്.
ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവിന്റെ പകര്‍പ്പ് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ് സജീദ് ദുരന്തബാധിതരുടെ ബന്ധുക്കള്‍ക്ക് നേരിട്ട് കൈമാറി. കഴിഞ്ഞ ജൂലൈ 31ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
നീണ്ടകര പുലിമുട്ടിനു സമീപത്തു വെച്ച് ‘ശ്രീകൃഷ്ണ ഭഗവാന്’ എന്ന വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കരുനാഗപ്പള്ളി തഹസില്‍ദാര്‍ ബോസ് ഫ്രാന്‍സിസ്, കലക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് കെ എം ഷഫീക്ക്, ജില്ലാ ഹസാഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ഡാനിയേല്‍ തുടങ്ങിയ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

