പെരുമ്പാവൂർ ∙ സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ളയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.പി.നാരായണ പിള്ളയും മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരും നാടകകൃത്ത് കാലടി ഗോപിയും അടക്കമുള്ള പ്രമുഖർ വായിച്ചു വളർന്ന പുല്ലുവഴിയുടെ അക്ഷരകേന്ദ്രം പുല്ലുവഴി പബ്ലിക് ലൈബ്രറി നവതി നിറവിൽ. 1935 മുതൽ തലമുറകളെ വായിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഈ സർഗ സ്ഥാപനം പുതിയ ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് 90–ാം പിറന്നാൾ ആഘോഷിക്കുന്നത്.
1951ൽ തിരു–കൊച്ചി ഗ്രന്ഥശാല സംഘത്തിൽ റജിസ്റ്റർ ചെയ്തു.
1973ൽ അനുപമ എന്ന പേരിൽ ആരംഭിച്ച നാടക സംഘം കൊച്ചിൻ അനുപമ എന്ന പേരിൽ പ്രഫഷനൽ നാടക സംഘമായി വളർന്നു. 1975 മുതൽ അഖില കേരള വോളിബോൾ ടൂർണമെന്റ്, 77 മുതൽ അഖില കേരള അമച്വർ നാടക മത്സരം എന്നിവ സംഘടിപ്പിച്ചു.
2011ൽ കുന്നത്തുനാട് താലൂക്ക് റഫറൻസ് ലൈബ്രറി പദവി ലഭിച്ചു.2011ൽ കേരളത്തിൽ ആദ്യമായി ഒറ്റയാൾ നാടകമേള സംഘടിപ്പിച്ചു.2014ലും 2016ലും താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം ലഭിച്ചു. 2018–19ലെ പ്രളയകാലത്ത് അക്ഷരസേന രൂപീകരിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി.
15000 പുസ്തകങ്ങൾ, 286 അംഗങ്ങൾ
ഡിജിറ്റൽ കാറ്റലോഗിങ്, റഫറൻസ് വിഭാഗം, പിഎസ്സി ഗ്രൂപ്പ് സ്റ്റഡി കേന്ദ്രം എന്നിവ വായനശാലയുടെ സവിശേഷതയാണ്.
കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്കുള്ള ‘ബാലവേദി’, വയോജനങ്ങൾക്കുള്ള ‘സായന്തനം’, വനിതാവേദി‘ ധര’, യുവജനകൂട്ടായ്മ ‘യുവത’, സാമൂഹിക–ശാസ്ത്ര വിഷയങ്ങളിലെ ചർച്ചകൾക്കും അന്വേഷണങ്ങൾക്കുമുള്ള ‘പിജി ചിന്താസരണി’, പുസ്തക ചർച്ചകൾക്കുള്ള സ്ഥിരം വേദി ‘കഥയോരം’, പാട്ടുകൂട്ടായ്മ ‘ പാട്ടിൻ തേൻകണം’ എന്നിവയാണ് 90–ാം പിറന്നാൾ ആഘോഷിക്കുന്ന വായനശാലയുടെ പ്രവർത്തനങ്ങൾ.
ആഘോഷം ഒന്ന് മുതൽ
നവതി ആഘോഷം മേയ് ഒന്നിന് തുടങ്ങും. വൈകിട്ട് 3.30ന് വിളംബരവാഹന ജാഥ, 6ന് മെഗാ പാട്ടിൻതേൻകണം.
2ന് വൈകിട്ട് 5ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയാകും.
ലൈബ്രറി പ്രസിഡന്റ് വി.എ.ഉണ്ണി അധ്യക്ഷത വഹിക്കും. 7.30ന് നാടകം‘ പ്രേമലേഖനം’.3ന് വൈകിട്ട് വായനശാല പ്രവർത്തകരുടെ സംഗമം‘നാട്ടരങ്ങ്’.5ന് തുടികൊട്ടും കുടകളിയും, 6ന് വിവിധ കലാപരിപാടികൾ‘ നാമൊന്ന് നാടു നന്ന്’.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

