കൊച്ചി ∙ കുംഭമേള താരത്തിന്റെ വിവാഹ സമയത്ത് ഒപ്പമുണ്ടായിരുന്നെന്നു പറയുന്ന സുഹൃത്തിനെ അന്വേഷിച്ച് മധ്യപ്രദേശ് പൊലീസ് തൃക്കാക്കര സ്റ്റേഷനിലും എത്തി. സുഹൃത്തിന്റെ ഫോൺ ലൊക്കേഷൻ എൻജിഒ ക്വാർട്ടേഴ്സ് പരിസരമാണെന്നു തിരിച്ചറിഞ്ഞാണു പൊലീസ് വന്നത്.
അപ്പോഴേക്കും ഇയാൾ സ്ഥലം മാറിയതിനാൽ ഉടൻ ഹാജരാകണമെന്നു ഫോണിലൂടെ അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെയും ഭർത്താവിന്റെയും മൊഴിയെടുക്കാനാണു മധ്യപ്രദേശ് പൊലീസ് സംഘം ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിലാണ്, തന്നെ മധ്യപ്രദേശിലേക്കു കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി പൊലീസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചത്.
ഫർമാനെതിരെ മധ്യപ്രദേശിൽ റജിസ്റ്റർ ചെയ്ത പോക്സോ അടക്കമുള്ള കേസുകളാണു മധ്യപ്രദേശ് പൊലീസ് അന്വേഷിക്കുന്നത്. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും 16 വയസ്സാണു പ്രായമെന്നുമുള്ള പരാതിയിലാണു കേസെടുത്തത്.
എന്നാൽ പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നുമാണു പെൺകുട്ടിയുടെ നിലപാട്.
പോക്സോ കേസിൽ മൊഴിയെടുക്കാൻ മധ്യപ്രദേശ് പൊലീസ് കേരളത്തിൽ
തിരുവനന്തപുരം, കൊച്ചി ∙ കുംഭമേള വൈറൽ താരത്തിന്റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ടു പോക്സോ കേസിൽ മൊഴി രേഖപ്പെടുത്താൻ മധ്യപ്രദേശ് പൊലീസ് കേരളത്തിലെത്തി. ഇതിനു പിന്നാലെ കേരള പൊലീസിന്റെ സംരക്ഷണം തേടി പെൺകുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും കത്തുനൽകി.
തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും ബലമായി മധ്യപ്രദേശിലേക്കു കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണു പരാതിയിലെ ആവശ്യം.
അറസ്റ്റ് കോടതി തടഞ്ഞെങ്കിലും മധ്യപ്രദേശ് പൊലീസിന്റെ നീക്കത്തിൽ ആശങ്കയുണ്ടെന്നാണു പരാതിയിൽ പറയുന്നത്. മധ്യപ്രദേശ് വനിതാ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണു കൊച്ചിയിലെത്തിയത്.
മധ്യപ്രദേശ് പൊലീസ് സംഘം എത്തിയ കാര്യം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാനെ 20 വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവു മധ്യപ്രദേശ് പൊലീസിനു കൈമാറിയെന്നും കമ്മിഷണർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

