ഇറാനുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ഔദ്യോഗികമായി നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്.
ആണവ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്താൽ ഇറാന് ഇളവുകൾ നൽകാൻ തയ്യാറാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിവരങ്ങളെല്ലാം തികഞ്ഞ കെട്ടുകഥയാണെന്നും താൻ യാതൊരുവിധ വാഗ്ദാനങ്ങളും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇറാന് എതിരായ ഉപരോധങ്ങൾ ലഘൂകരിക്കുമെന്നും മരവിപ്പിച്ച സ്വത്തുക്കൾ തിരികെ നൽകുമെന്നുമായിരുന്നു പ്രധാന മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നത്.
എന്നാൽ ഈ വാദങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. “ട്രംപ് ഇറാന് ഉപരോധങ്ങളിൽ ഇളവും മരവിപ്പിച്ച ഫണ്ടുകളും വാഗ്ദാനം ചെയ്തുവെന്ന് ആക്സിയോസ് ഇപ്പോൾ ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നു.
ഇത് അസത്യമാണ്. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല.
മറ്റെല്ലാ വാർത്തകളെയും പോലെ ആക്സിയോസിന്റെ ഈ കഥയും ഒരു വ്യാജനിർമ്മിതിയാണ്, അവരുടെ ‘ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യാജ വാർത്ത അവർ ഉടനടി പിൻവലിക്കണം”- ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയും ഇറാനുമിടയിൽ ഏഴ് മാസം നീണ്ട സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന കരാർ രൂപപ്പെടുത്താനായി ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ സജീവമായി പുരോഗമിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള വഴി തുറക്കാനായി ഇക്കഴിഞ്ഞ ദിവസം മധ്യസ്ഥരുമായി യുഎസ്, ഇറാൻ പ്രതിനിധികൾ വെവ്വേറെ നിർണ്ണായക ചർച്ചകൾ നടത്തിയിരുന്നു. വിവിധ മധ്യസ്ഥ രാജ്യങ്ങൾ മുഖേനയുള്ള നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്നും ഏത് അറ്റം വരെ പോയാലും അമേരിക്കയെ നേരിടാൻ രാജ്യം സജ്ജമാണെന്നുമാണ് അരാഗ്ചിയുടെ നിലപാട്. ഖത്തർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവിലെ ചർച്ചകൾ അനുകൂലമായ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചെങ്കിലും, ആണവ വിഷയത്തിലടക്കം ഇരു വിഭാഗങ്ങൾക്കിടയിൽ ഇനിയും വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ഔദ്യോഗിക സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

