ആലുവ∙ മെട്രോ പില്ലറിന്റെ മുകളിൽ 5 ദിവസം കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാസേനയും അനിമൽ റെസ്ക്യു പ്രവർത്തകരും ചേർന്നു രക്ഷപ്പെടുത്തി. ആലുവ മാർക്കറ്റ് സർവീസ് റോഡിൽ മെട്രോ പില്ലർ 29ന്റെ മുകളിലാണ് സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിയുടെ മുകളിലൂടെയാണ് പൂച്ച പില്ലറിലേക്കു കയറിയത്.
പക്ഷേ, തിരിച്ചിറങ്ങാൻ വന്നപ്പോഴേക്കും ചരക്കിറക്കി ലോറി മടങ്ങിയിരുന്നു. പില്ലറിൽ ഇരുന്ന പൂച്ചയ്ക്കു സമീപത്തെ വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണസാധനങ്ങൾ എറിഞ്ഞു കൊടുത്തു.
എങ്കിലും ഇന്നലെ പൂച്ച അവശനിലയിലായി.
തുടർന്ന് അനിമൽ റെസ്ക്യു പ്രവർത്തകരെ വിവരം അറിയിച്ചു. അവർ ഹൈടെക് ക്രെയിനുമായി എത്തിയെങ്കിലും പൂച്ച പില്ലറിന്റെ വിടവിനുള്ളിലേക്കു വലിഞ്ഞു.
തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി. സേനാംഗങ്ങൾ തോട്ടിവലയുമായി അടുത്തു ചെന്നപ്പോൾ പൂച്ച പിടികൊടുക്കാതെ താഴെ കിടന്നിരുന്ന ഫയർ എൻജിനു മുകളിലേക്കു ചാടി.
അവിടെ നിന്നു ഫ്രൂട്സ് മൊത്തവിതരണ സ്ഥാപനത്തിന്റെ ഗോഡൗണിലേക്കു കയറി. അര മണിക്കൂർ ശ്രമിച്ചാണ് പൂച്ചയെ ഒരുവിധത്തിൽ വലയിലാക്കിയത്.
താഴേക്കുള്ള വീഴ്ചയിൽ പൂച്ചയുടെ വലതു കൈക്കു പരുക്കേറ്റു. ചികിത്സയ്ക്കായി മൃഗാശുപത്രിയിലേക്കു മാറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

