നെയ്യ് മോഷണവും വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മിൽമ യൂണിയൻ പിരിച്ചുവിട്ടു. ഗുരുതരമായ പരാതികളും കണ്ടെത്തലുകളും അടിസ്ഥാനമാക്കിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതേത്തുടർന്ന് യൂണിയന്റെ മുഴുവൻ ഭരണച്ചുമതലയും അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടറാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തത്.
കാസർകോട് ഡയറിയിൽ ഗുണനിലവാരം ഇല്ലാത്ത പാൽ സംഭരിച്ചതുവഴി സർക്കാരിന് 27,45,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതിന് പകരം, കണക്കുകളിൽ കൃത്രിമം കാണിച്ച് തുക എഴുതിത്തള്ളുകയാണ് ഉണ്ടായത്.
കൂടാതെ, മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം പോയതായും പാൽ ഉൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ വലിയ ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ഡയറിയുടെ ഉദ്ഘാടനത്തിനായി മാത്രം ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചെലവഴിച്ചത്.
അമ്പത് ലക്ഷം രൂപയുടെ ഗ്രാൻഡ് തുക നേടിയെടുക്കുന്നതിനായി മാനേജിംഗ് ഡയറക്ടർ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ചതായും, ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ മലബാർ മേഖലയിലെ ആറ് ജില്ലകളിലാണ് മലബാർ മിൽമ യൂണിയന്റെ പ്രവർത്തന പരിധി വരുന്നത്.
ഇതിനു മുൻപ് തിരുവനന്തപുരം മിൽമ യൂണിയനും സമാനമായ രീതിയിൽ പിരിച്ചുവിട്ടിരുന്നു. ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട
അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു തിരുവനന്തപുരത്ത് നടപടി ഉണ്ടായത്. ഈ വിഷയത്തിലുള്ള സർക്കാരിന്റെ പിരിച്ചുവിടൽ നടപടി പിന്നീട് കോടതിയും ശരിവെക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

