കോലഞ്ചേരി∙ ഭരണം നിലനിർത്താൻ ട്വന്റി20യും മേൽക്കൈ നേടാൻ എൽഡിഎഫും തിരിച്ചു പിടിക്കാൻ കോൺഗ്രസും ഊർജിതമായി രംഗത്ത് ഇറങ്ങിയതോടെ മഴുവന്നൂരിലെ പോരാട്ടം കനത്തു. കരുത്തു കാട്ടാൻ ബിജെപിയും തയാറെടുത്തതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതം.
19 സീറ്റുകളിൽ 14 എണ്ണം നേടിയാണ് 2020ൽ ട്വന്റി20 അധികാരത്തിൽ എത്തിയത്. 4 സീറ്റുകളിൽ എൽഡിഎഫും ഒരെണ്ണത്തിൽ കോൺഗ്രസും വിജയിച്ചിരുന്നു.
ഇത്തവണ സീറ്റുകളുടെ എണ്ണം 21 ആയി. കാർഷിക മേഖലയായ മഴുവന്നൂർ പഞ്ചായത്ത്, കിൻഫ്രയും റബർ പാർക്കും ഉൾപ്പെടെ വ്യവസായ സംരംഭങ്ങൾക്കും വളക്കൂറുള്ള മണ്ണാണ്.
നാടു നീളെ സ്ഥാപിച്ച വഴിവിളക്കുകളും ഉന്നത നിലവാരത്തിലുള്ള റോഡുകളും ഭരണ നേട്ടമായി ട്വന്റി20 പറയുമ്പോൾ പുതിയ പദ്ധതികൾ എവിടെയെന്ന ചോദ്യമുയർത്തിയാണ് എൽഡിഎഫും യുഡിഎഫും അതിനെ പ്രതിരോധിക്കുന്നത്.
ബിൻസി ബൈജു മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ്
കാർഷിക മേഖലയായ മഴുവന്നൂരിൽ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് ഭരണം തുടങ്ങിയത്. വികസന പ്രവർത്തനങ്ങൾക്ക് തടയിടാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കാൻ ഇൗ ഭരണ സമിതിക്ക് സാധിച്ചു. ജനങ്ങളുടെ പണം ജനോപകാരപ്രദമായി വിനിയോഗിക്കാൻ ശ്രദ്ധ പുലർത്തി.
മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. സംസ്ഥാനത്തു തന്നെ മികച്ച എംസിഎഫ് നിർമാണം പൂർത്തിയാക്കി.
എല്ലാ വാർഡുകളിലും 2 മിനി എംസിഎഫ് ബോട്ടിൽ ബൂത്തുകളും വേസ്റ്റ് ബിന്നുകളും നൽകി.
വീടുകളിലെ ജൈവ മാലിന്യം സംസ്കരിക്കുന്നതിനു 80 ശതമാനം വീടുകളിലേക്കും ബയോ ബിന്നുകളും ജി ബിന്നുകളും നൽകി. തേരാപ്പാറ, ഓലിപ്പാറ ശുദ്ധജല പദ്ധതിയിലൂടെ മേഖലയിലെ എല്ലാ വീടുകളിലും ജലം എത്തിച്ചു.
മൺ വഴികൾ വീതി കൂട്ടിയും കട്ട വിരിച്ചും കോൺക്രീറ്റ് ചെയ്തും ഗതാഗത സൗകര്യം വർധിപ്പിച്ചു.
അങ്കണവാടികൾ ഇല്ലാതിരുന്ന 3 വാർഡുകളിൽ അവ നിർമിക്കുന്നു. സ്ത്രീകളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് യോഗാ ക്ലാസുകളും ജിം ഉപകരണങ്ങളും നൽകി.
കെ.പി.
വിനോദ്കുമാർ (സിപിഎം) പഞ്ചായത്ത് അംഗം വികസന വാഗ്ദാനം നൽകി ജനത്തെ കബളിപ്പിക്കുകയായിരുന്നു ട്വന്റി20. ഭക്ഷ്യ സുരക്ഷാ മാർക്കറ്റ്, തരിശു പാടങ്ങളിലെ കൃഷി, കാർഷിക യന്ത്രങ്ങൾ സൗജന്യമായി ലഭ്യമാക്കൽ തുടങ്ങിയവ പ്രഖ്യാപനത്തിൽ ഒതുങ്ങി.
ജനകീയാസൂത്രണത്തിന്റെ അന്തഃസത്തയായ അധികാര വികേന്ദ്രീകരണം ഇല്ലാതാക്കി. സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരിൽ പണപ്പിരിവ് നടത്തിയെങ്കിലും സർക്കാർ നൽകിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചത്.
കോവിഡ് കാലത്ത് വലമ്പൂരിൽ എഫ്എൽടിസി തുടങ്ങാൻ വൈകി.
കുന്നക്കുരുടി, മംലത്തുനട, ചിറ്റനാട് അങ്കണവാടികളുടെ നിർമാണം നടക്കുന്നില്ല. മഴുവന്നൂർ പഞ്ചായത്തിന്റെ വികസനത്തിന് സർക്കാർ അനുവദിച്ച 104 കോടി രൂപ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെടുത്തി.
പട്ടികജാതി വികസന ഫണ്ടും പൂർണമായി ചെലവഴിച്ചില്ല. ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്ന സർക്കാർ പദ്ധതിയോടു മുഖം തിരിഞ്ഞു നിന്നു.
കുറ്റിപ്പിള്ളിയിൽ ലൈഫ് വീടുകൾ കാടുകയറിക്കിടക്കുന്നു.
ഐസക്ക് ആരമ്പിള്ളിക്കുടി
(മഴുവന്നൂർ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ്)
നേട്ടം : തെരുവു വിളക്കുകൾ കത്തുന്നുണ്ട്. കോട്ടം : വലിയതോട് ഉൾപ്പെടെ തോടുകൾ കെട്ടി സംരക്ഷിക്കാത്തതിനാൽ പാടശേഖരങ്ങൾ വെള്ളക്കെട്ടിലാകുന്നു.
കെ.ഐ. ജോസഫ് കടയ്ക്കനാട്(റിട്ട.
പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്) നേട്ടം : ഗ്രാമീണ റോഡുകൾ ടാറിങ് നടത്തി ഗതാഗതം സുഗമമാക്കി. കോട്ടം : തരിശു നിലങ്ങൾ കൃഷിയോഗ്യമാക്കാൻ നടപടിയെടുത്തില്ല.
റബർപാർക്ക് – തട്ടാംമുകൾ റോഡ് നന്നാക്കണം.
പി.വി. വർഗീസ് മണ്ണൂർ
(കർഷക പുരസ്കാര ജേതാവ്)
നേട്ടം : പഞ്ചായത്ത് ഓഫിസിൽ മികച്ച സേവനം.
ഫോട്ടോകോപ്പി, അപേക്ഷ പൂരിപ്പിക്കൽ എന്നീ സേവനങ്ങളും ആളുകൾക്ക് ചായയും ലഘുഭക്ഷണവും നൽകുന്നു. കോട്ടം: ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് തുടങ്ങുമെന്ന വാഗ്ദാനം ജലരേഖയായി.
വയോജനങ്ങൾക്ക് കംപ്യൂട്ടർ പരിശീലനം, പകൽ വീടുകൾ എന്നിവ നടപ്പാക്കിയില്ല.
പി.കെ. ജോയി
(തണൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്)
നേട്ടം : വഴിവിളക്കുകൾ കത്തുന്നുണ്ട്
കോട്ടം : രാഷ്ട്രീയ സഹിഷ്ണുത കാണിക്കുന്നില്ല.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ മേഖലകളിൽ മുന്നേറ്റമുണ്ടായില്ല. സജി കീരിമോളയിൽ(കർഷകൻ) നേട്ടം : അഴിമതി രഹിത ഭരണം.
കോട്ടം : തോടുകൾ സംരക്ഷിക്കുന്നില്ല. തോടുകളിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

