മല്ലപ്പള്ളി ∙ പ്രചാരണ സാമഗ്രികളാൽ വീർപ്പുമുട്ടി മിനി സിവിൽ സ്റ്റേഷൻ. വിവിധ രാഷ്ട്രീയ സംഘടനകളുടെ ഫ്ലെക്സ് ബോർഡുകളുടെ പ്രദർശന കേന്ദ്രമായി കെട്ടിടത്തിലേക്കുള്ള പ്രധാന പ്രവേശനകവാടം മാറി.താലൂക്കിലെ പ്രധാന ഓഫിസുകൾ പ്രവർത്തിക്കുന്ന 3 നിലകളുള്ള കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽകൂടി ഉള്ളിലേക്കു പ്രവേശിക്കണമെങ്കിൽ ദുരിതത്തിനൊപ്പം തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഫ്ലെക്സ് ബോർഡുകളുടെ പിന്നിലായി വിശ്രമിക്കുന്ന തെരുവുനായ്ക്കളെ കാണാൻ കഴിയില്ല. പത്തിലേറെ തെരുവുനായ്ക്കളാണ് കെട്ടിടവും പരിസരവും വിഹാരകേന്ദ്രമാക്കിയിരിക്കുന്നത്.നേരത്തെ കെട്ടിടത്തിന്റെ ഭിത്തിയിലും പ്രവേശന കവാടത്തിൽ ഉറപ്പിച്ചിട്ടുള്ള ഗ്ലാസിലുമാണ് പ്രചാരണ സാമഗ്രികൾ പതിപ്പിച്ചിരുന്നത്.
ഇത്തരത്തിൽ പരസ്യം പതിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചതോടെ ഇല്ലാതായി.
പിന്നീട് ഫ്ലെക്സ് ബോർഡിലേക്കു മാറി. വിവിധ യൂണിയനുകളുടെ പ്രചാരണത്തിനായി സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സുകൾക്ക് ഇവ ബാധകമല്ലെന്ന സ്ഥിതിയാണിപ്പോൾ.
മാസങ്ങൾക്ക് മുൻപ് പരിപാടി കഴിഞ്ഞവയാണ് ഏറെയും.കെട്ടിടത്തിന്റെ പടിക്കെട്ടുകൾക്കടിയിൽ ആക്രിസാധനങ്ങൾ ശേഖരിക്കുന്ന സ്ഥലമാക്കി മാറ്റിയതാണ് മറ്റൊരു ദുരവസ്ഥ. സബ്റജിസ്ട്രാർ ഓഫിസിനോടു ചേർന്നുള്ള പടിക്കെട്ടുകൾക്കടിയിൽ പഴയ കസേരകളും ഉപയോഗശൂന്യമായ മറ്റു ഫർണിച്ചറും ഉപേക്ഷിച്ചിരിക്കുന്നത് കാണാൻ കഴിയും. തടിയിലും പൈപ്പിലും നിർമിച്ചതാണ് കസേരകൾ.
കേടുപാടുകൾ സംഭവിച്ചതിനാൽ ഉപേക്ഷിക്കപ്പെട്ടവയാണ്. പ്രധാന പ്രവേശനകവാടത്തോടു ചേർന്നുള്ള പടിക്കെട്ടുകളുടെ അടിവശത്തും ഫർണിച്ചർ ഉപേക്ഷിച്ചിട്ടുണ്ട്.
2006 ജനുവരി 27ന് പ്രവർത്തനം തുടങ്ങിയ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഏതൊക്കെ നിലയിൽ ഏതെല്ലാം ഓഫിസുകൾ പ്രവർത്തിക്കുന്നുവെന്ന ബോർഡ് പ്രവേശനകവാടത്തിൽ സ്ഥാപിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
സബ്ട്രഷറി, പൊതുമരാമത്ത് ഓഫിസ്, സബ് റജിസ്ട്രാർ ഓഫിസ്, വിദ്യാഭ്യാസ ഉപജില്ല ഓഫിസ്, ജോയിന്റ് ആർടി ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു ഒട്ടേറെപ്പേരാണ് ആവശ്യങ്ങൾക്കായി ദിവസവും എത്തുന്നത്. പ്രവേശനകവാടത്തിലെ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിനും പടിക്കെട്ടുകൾക്കടിയിലെ ആക്രിസാധനങ്ങൾ മാറ്റുന്നതിനുമുള്ള നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

