കിഴക്കമ്പലം ∙ അവയവക്കച്ചവട കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയ്ക്ക് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളതായി സൂചന.
കാസർകോട്ടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ ഇരകളെ വലയിലാക്കിയിരുന്നത്. പെരിങ്ങാല പോത്തനാംപറമ്പിലെ അപ്പാർട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത ഡയറിയിൽ പ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളെപ്പറ്റി നിർണായക വിവരങ്ങളുണ്ട്.
പണമിടപാടുകളെക്കുറിച്ചും രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള ഉന്നതരുടെ സാമ്പത്തിക–സാമ്പത്തികേതര ഇടപെടലുകളെക്കുറിച്ചും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, പിടിയിലായ സനോജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയപ്പിച്ചിരുന്നുവെന്നും ഇതു നജീബ് കൈപ്പറ്റിയിരുന്നെന്നും പൊലീസ് പറഞ്ഞു.
‘മെഡിക്കൽ ടൂറിസം’ കമ്പനിയുടെ മറവിലാണു പ്രതി തട്ടിപ്പു നടത്തിയത്.
സ്വന്തം കുടുംബപ്പേരു തന്നെയാണ് കമ്പനിക്കും നൽകിയിരിക്കുന്നത്. ഇതു വിശ്വാസ്യത നേടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നു പൊലീസ് കരുതുന്നു.
അവയവക്കടത്തിനായി ഇയാൾക്ക് ഉദ്യോഗസ്ഥ തലത്തിൽ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വിദേശത്തേക്കടക്കം അവയവങ്ങൾ കടത്തിയതിൽ രാഷ്ട്രീയ ബന്ധങ്ങൾ ഇയാൾക്കു കവചമായിട്ടുണ്ടെന്നാണു പൊലീസ് കരുതുന്നത്.
അവയവക്കച്ചവടം: എസ്ഐടി രൂപീകരിക്കും
കിഴക്കമ്പലം ∙ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപീകരിക്കാൻ തീരുമാനം.
അവയവക്കച്ചവടത്തിന്റെ സൂത്രധാരനും കേസിലെ മുഖ്യപ്രതിയുമായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയെ കണ്ടെത്താൻ പൊലീസ് ലുക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. നജീബിന്റെ ഭാര്യ റഷീദയെ (37) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി കരിമുകൾ പോത്തനാംപറമ്പിലെ ഫ്ലാറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. കുന്നത്തുനാട് കുമാരപുരം മോറയ്ക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കാവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളികൊല്ലൂർ പൊലീസും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ റിമാൻഡിലാണ്.
നജീബ് കല്ലട്ര ഡൽഹിയിലേക്കു കടന്നു എന്നാണു പൊലീസ് സംശയിക്കുന്നത്.
ഇവിടെനിന്നു വിദേശത്തേക്ക് പോയോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നിലവിൽ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നജീബിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പ്രതിക്കു സംസ്ഥാനാന്തര, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
അവയവ കച്ചവടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഏതാനും മാസങ്ങൾക്കു മുൻപു തന്നെ ആരംഭിച്ചിരുന്നു. എറണാകുളം റൂറൽ മേഖല കേന്ദ്രീകരിച്ചു വമ്പൻ അവയവക്കടത്തു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരവും ഏതാനും പരാതികളും പൊലീസിനു ലഭിച്ചിരുന്നു.
ഈ അന്വേഷണമാണ് ഒടുവിൽ നജീബിലേക്ക് എത്തിയത്. 3 വർഷമായി നജീബും സംഘവും പള്ളിക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്നാണു പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ അവയവദാനത്തിനായി ചമച്ച വ്യാജരേഖകൾ പിടിച്ചെടുത്തിരുന്നു. നിലവിൽ വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട
വിവരങ്ങളാണു പുറത്തുവന്നിട്ടുള്ളതെന്നും ഈ രേഖകൾ ഉപയോഗിച്ചു നിയമവിരുദ്ധമായി എത്ര അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നുവെന്നു കണ്ടെത്താൻ മെഡിക്കൽ തലത്തിലുള്ള പ്രത്യേക അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

