വാളയാർ ∙ വാളയാർ – വടക്കഞ്ചേരി ദേശീയപാത മുഖം മിനുക്കുന്നു. സിഗ്നൽ സംവിധാനങ്ങൾ മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര സുഗമമാക്കാൻ കൂടുതൽ മേൽപാലങ്ങളുടെയും അടിപ്പാതകളുടെയും നിർമാണം ആരംഭിച്ചു.
പ്രധാന ജംക്ഷനായ ചന്ദ്രനഗർ, കഞ്ചിക്കോട് ആലാമരം എന്നിവിടങ്ങളിലെ മേൽപാല നിർമാണമാണ് ആരംഭിച്ചത്. നിലവിലുള്ള നാലുവരിപ്പാത ആറുവരിപ്പാതയാക്കി ഉയർത്തുന്ന ഭാരത്മാല പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ വികസനം നടപ്പാക്കുന്നത്.
കുഴൽമന്ദം, കാഴ്ചപ്പറമ്പ്, ആലത്തൂർ സ്വാതി ജംക്ഷൻ, വാണിയമ്പാറ എന്നിവിടങ്ങളിലെ നിർമാണം മൂന്നാം ഘട്ടത്തിലേക്കു നീങ്ങിയതോടെയാണു മറ്റു രണ്ടിടങ്ങളിൽ കൂടി മേൽപാലത്തിന്റെയും അടിപ്പാതയുടെയും നിർമാണം ആരംഭിച്ചത്.
ഹരിയാന ആസ്ഥാനമായ ധാരിവാൾ കമ്പനിക്കാണ് നിർമാണച്ചുമതല. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ പ്രധാന ജംക്ഷനായ ചന്ദ്രനഗറിൽ നിലവിലെ മേൽപാലത്തിനു സമാന്തരമായാണു രണ്ടാമത്തെ മേൽപാലവും നിർമിക്കുക.
നിർമാണം പൂർത്തിയാകുമ്പോൾ 2 മേൽപാലങ്ങളും താഴെ അടിപ്പാതയുമായി ഈ മേഖല അടിമുടി മാറും.
ഇതോടെ നിലവിലെ ഗതാഗതക്കുരുക്കും തടസ്സങ്ങളും പൂർണമായി ഒഴിവാകും. ഇവിടെ രണ്ടിടങ്ങളിലും പില്ലറുകൾ സ്ഥാപിച്ചാണു മേൽപാലം ഒരുക്കുന്നത്.
ഇതിന്റെ നിർമാണം രണ്ടാം ഘട്ടം പിന്നിട്ടാൽ മറ്റിടങ്ങളിലെ മേൽപാല നിർമാണവും ആരംഭിക്കും. സിഗ്നലുകളുള്ള പ്രധാന ജംക്ഷനുകളിലെല്ലാം മേൽപാലം നിർമിക്കും.
നിലവിൽ നിർമാണം മൂന്നാം ഘട്ടം പിന്നിട്ട 3 ഇടങ്ങൾക്കു പുറമേ 9 ഇടങ്ങളിൽ കൂടി മേൽപാലം വരും.
അതോടെ ദേശീയപാതയിൽ ഒരിടത്തും നിർത്താതെ വാഹനങ്ങൾക്കു കടന്നുപോകാം.
പ്രധാന ജംക്ഷനുകളിൽ അടിപ്പാതയും ഒരുക്കും. ഇതോടെ തൃശൂർ–പാലക്കാട് യാത്രയ്ക്കുള്ള സമയപരിധി നിലവിലുള്ളതിനെക്കാൾ പകുതിയായി ചുരുങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചരക്കു ഗതാഗതം നടക്കുന്ന റോഡാണിത്. അതിനാൽ ദേശീയപാതയുടെ വികസനം സംസ്ഥാനത്തെ ചരക്കു ഗതാഗതവും സുഗമമാക്കും.
വ്യവസായ–വ്യാപാര മേഖലയ്ക്കും ഇതു ഗുണമാകും.
54 കിലോമീറ്ററിൽ 12 മേൽപാലങ്ങൾ
വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയിലെ 54 കിലോമീറ്റർ പരിധിയിൽ 12 മേൽപ്പാലങ്ങളാണ് ഒരുങ്ങുന്നത്. കഞ്ചിക്കോട് ആലാമരം വൈസ് പാർക്ക്, പഞ്ചായത്ത് ഓഫിസ് ജംക്ഷൻ, കഞ്ചിക്കോട് ആശുപത്രിപ്പടി, പുതുശ്ശേരി മന്ദം, പുതുശ്ശേരി കുരുടിക്കാട്, ചന്ദ്രനഗർ, കണ്ണനൂർ, ചിതലിപ്പാലം, ഇരട്ടക്കുളം എന്നീ സ്ഥലങ്ങളിലാണ് മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കുന്നത്.
2018 –20 വരെയുള്ള വർഷങ്ങളിൽ ദേശീയപാതയിൽ ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയ പ്രദേശങ്ങളും ഇതിലുണ്ട്. മേൽപാലങ്ങൾ വരുന്നതോടെ ഗതാഗതക്കുരുക്കിനൊപ്പം അപകടവും കുറയ്ക്കാനാകുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
അശാസ്ത്രീയമായ പരിഷ്കാരം, യാത്രാദുരിതം
ദേശീയപാതയുടെ വികസനത്തിനു വഴിയൊരുക്കുന്ന മേൽപാലം നിർമാണം ആരംഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും നിർമാണ പ്രവൃത്തിക്കായി നടപ്പാക്കിയ അശാസ്ത്രീയമായ പരിഷ്കാരങ്ങൾ യാത്രക്കാരെ വട്ടം കറക്കുകയാണ്.
ഗതാഗതക്കുരുക്കും അപകടവും ഇതോടെ കൂടി. പ്രധാന ജംക്ഷനുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടതോടെ പ്രദേശവാസികളും ദുരിതത്തിലാണ്.
ആലാമരത്തെ ദേശീയപാതയോരത്തുള്ള ജനവാസമേഖലയാണ് കൂടുതൽ ദുരിതം നേരിടുന്നത്. മേൽപാലം നിർമാണം എത്ര കാലം നീളുമെന്നതിലും ആശങ്കയുണ്ട്.
യാത്ര ദുർഘടമായാൽ കിലോമീറ്ററുകൾ ചുറ്റി അധികം സഞ്ചരിച്ച് വേലന്താവളം വഴി വേണം ഇനി കോയമ്പത്തൂർ നഗരത്തിലെത്താൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

