കാക്കനാട് ∙ ഗാർഹിക മാലിന്യം ശേഖരിക്കുന്ന ഹരിതകർമ സേനയ്ക്ക് വീടുകളിൽ നിന്നു മാസം തോറും നൽകുന്ന 200 രൂപ അടുത്ത മാസം മുതൽ 130 രൂപയായി കുറച്ചു. നഗരസഭ കൗൺസിലിന്റേതാണ് തീരുമാനം.
200 രൂപയിൽ നിന്നു മുനിസിപ്പാലിറ്റിയിലേക്ക് അടയ്ക്കേണ്ട 70 രൂപയാണ് കുറച്ചതെന്നതിനാൽ ഹരിതകർമ സേനാംഗങ്ങളുടെ വരുമാനത്തെ ബാധിക്കില്ല.
100 രൂപയായിരുന്ന ഗാർഹിക ഫീസ് 2 വർഷം മുൻപാണ് 200 രൂപയായി ഉയർത്തിയതും 70 രൂപ മുനിസിപ്പൽ വിഹിതമായി നിശ്ചയിച്ചതും. ഈ വിഹിതം ഹരിതകർമ േസനയുടെ കൺസോർഷ്യം ശേഖരിച്ചു നഗരസഭ ഫണ്ടിൽ അടയ്ക്കണമെന്നായിരുന്നു നിർദേശം.
ഇതു പാലിക്കപ്പെട്ടില്ല.
നോട്ടിസ് നൽകിയിട്ടും മുനിസിപ്പൽ വിഹിതം അടയ്ക്കാൻ കൺസോർഷ്യം തയാറാകാത്ത സാഹചര്യത്തിലാണ് അടുത്ത മാസം മുതൽ മുനിസിപ്പൽ വിഹിതം വീടുകളിൽ നിന്ന് പിരിക്കേണ്ടതില്ലെന്ന് കൗൺസിൽ തീരുമാനിച്ചത്. ഇതുവരെ പിരിച്ച തുക കൺസോർഷ്യത്തിൽ നിന്ന് ഈടാക്കാൻ നടപടി കൈക്കൊള്ളും.
മാസംതോറും മാലിന്യം േശഖരിക്കാൻ വീടുകളിൽ നിന്ന് ഈടാക്കിയിരുന്ന തുക 200ൽ നിന്നു 130 ആയി കുറച്ചത് ജനങ്ങൾക്കും ആശ്വാസമാകുമെന്നാണ് ഭരണ സമിതിയുടെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പു കാലത്തെ ജനപ്രിയ പ്രഖ്യാപനമായി യുഡിഎഫ് ഭരണസമിതിക്ക് ഇത് ഉയർത്തിക്കാട്ടാനുമാകും.
ഇന്നലെ ചേർന്ന അടിയന്തര മുനിസിപ്പൽ കൗൺസിൽ യോഗമാണ് മാലിന്യ ശേഖരണ ഫീസ് കുറച്ചത്.
നഗരസഭാധ്യക്ഷ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ടി.ജി.ദിനൂപ്, സ്ഥിര സമിതി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, ഷാജി പ്ലാശേരി, സ്മിത സണ്ണി, സുനീറ ഫിറോസ്, റസിയ നിഷാദ്, പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, ഷാജി വാഴക്കാല, എ.എ.ഇബ്രാഹിംകുട്ടി, പി.സി.മനൂപ്, എം.ജെ.ഡിക്സൻ, ജിജോ ചിങ്ങംതറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഹരിതകർമ സേനയോടുള്ള വെല്ലുവിളി: പ്രതിപക്ഷം
തൃക്കാക്കര നഗരസഭ ഗാർഹിക മാലിന്യ ശേഖരണ ഫീസ് 200 രൂപയിൽ നിന്ന് 130 ആയി കുറച്ചതു ഹരിതകർമ സേനയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ. മാലിന്യം നീക്കുന്ന ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം കുറയ്ക്കുന്ന നടപടിയാണിത്.
70 രൂപ വീതം നഗരസഭയിൽ അടയ്ക്കണമെന്ന് ഫീസ് ഉയർത്തിയ സമയത്ത് തീരുമാനിച്ചിട്ടില്ല. കൺസോർഷ്യം സമാഹരിക്കുന്ന ഈ തുക ഹരിതകർമ സേനാംഗങ്ങളുടെ ക്ഷേമത്തിന് വിനിയോഗിക്കാവുന്ന ഫണ്ടാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കളിയാണ് നഗരസഭയുടേതെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

