നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും എത്തുന്ന വിനോദസഞ്ചാരികൾ യാത്രാനിയന്ത്രണങ്ങൾ കാരണം കടുത്ത ദുരിതത്തിൽ. കോടതി ഉത്തരവുകളുടെയും വനംവകുപ്പിന്റെ നിയമങ്ങളുടെയും പശ്ചാത്തലത്തിൽ മസിനഗുഡിയിലേക്കുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് കടുത്ത തടസ്സങ്ങളാണ് നേരിടുന്നത്.
മൈസൂരു–ഗൂഡല്ലൂർ ദേശീയപാതയിൽ തെപ്പക്കാട് മുതൽ മസിനഗുഡിയിലേക്കുള്ള റോഡിൽ സഞ്ചാരികൾക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ബോർഡുകൾ ശ്രദ്ധിക്കാതെ മുന്നോട്ട് പോകുന്ന വാഹനങ്ങൾ മാവനഹള്ളയ്ക്ക് സമീപമുള്ള ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ വനംവകുപ്പ് ജീവനക്കാർ തിരിച്ചയക്കുന്ന സാഹചര്യമാണുള്ളത്.
തെപ്പക്കാട് നിന്നും ഏകദേശം പത്ത് കിലോമീറ്ററോളം സഞ്ചരിച്ചെത്തിയ ശേഷമാണ് പലപ്പോഴും യാത്രികർക്ക് മടങ്ങിപ്പോകേണ്ടി വരുന്നത്. ഇത് കാരണം സഞ്ചാരികൾക്ക് അധികമായി ഇരുപതിലധികം കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
കല്ലട്ടി വഴിയുള്ള ഗതാഗതത്തിന് കോടതി പൂർണ്ണ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മസിനഗുഡിലെ നാട്ടുകാർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. വിനോദസഞ്ചാരം പൂർണ്ണമായും സ്തംഭിച്ചാൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചുള്ള പരാതികളെ തുടർന്ന് ജില്ലാ ഭരണകൂടം വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം 200 വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് മാത്രം കല്ലട്ടി വഴി പ്രവേശിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. നിശ്ചിത വാഹനങ്ങൾ രാവിലെ 11 മണിയോടെ തന്നെ ഇതുവഴി കടന്നുപോയിട്ടുണ്ടെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ കോട്ട തീർന്നതിനു ശേഷം എത്തുന്ന മറ്റ് സഞ്ചാരികളുടെ വാഹനങ്ങളെയാണ് പിന്നീട് വരുന്ന ചെക്ക് പോസ്റ്റുകളിൽ തടയുന്നത്.
കോടതി ഉത്തരവ് കർശനമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ, നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സഞ്ചാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘുഭൂതമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
തൊറപ്പള്ളി മുതൽ മാവനഹള്ള വരെയുള്ള പാതകളിൽ സഞ്ചാരികളിൽ ഭീതി ജനിപ്പിക്കുന്ന രീതിയിലുള്ള മുന്നറിയിപ്പ് ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. തെപ്പക്കാട്ട് ഹൈക്കോടതി ഉത്തരവുകളുടെ വിവരങ്ങൾ അടങ്ങിയ ബോർഡുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
തൊറപ്പള്ളി ചെക്ക് പോസ്റ്റ് കടന്ന് വനമേഖലയിലേക്ക് പ്രവേശിച്ചാൽ പോലും വന്യമൃഗങ്ങളെ കാണാനോ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനോ സാധിക്കാത്ത വിധം വഴിയരികിലെ ബോർഡുകളിലെ നിർദ്ദേശങ്ങൾ കടുത്തതാണെന്ന് സഞ്ചാരികൾ പരാതിപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

