കാഞ്ഞിരപ്പുഴ ∙ ചിറക്കൽപടി – കാഞ്ഞിരപ്പുഴ റോഡിൽ പാലാമ്പട്ടയിൽ അപകടങ്ങൾ തുടർക്കഥ. ഒരു വർഷത്തിനിടെ വൻ അപകടങ്ങൾ മൂന്ന്.
അതിൽ വിദ്യാർഥി അടക്കം രണ്ടു പേർ മരിച്ചു. ഏഴു പേർക്കു പരുക്കേറ്റു.
അപകടത്തിൽപെട്ടവർ പലരും ഇനിയും ആശുപത്രിയിൽ നിന്നു മടങ്ങിയിട്ടില്ല. കുടുംബത്തിന് അത്താണിയാകേണ്ടവർ. ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ തുടരുകയാണ്.
ഇതിനൊരു മാറ്റം വേണം. അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയെങ്കിലും നടപടി വേണമെന്നും നാട്ടുകാർ പറയുന്നു.
റോഡ് ശരിയായി, വേഗവും അശ്രദ്ധയും കൂടി
എട്ടു കിലോമീറ്റർ വരുന്ന ചിറക്കൽപടി –കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം കഴിഞ്ഞതോടെ യാത്ര സുഗമമായി.
വേഗമേറി. അതോടൊപ്പം അശ്രദ്ധയും.
ഇതിൽ ഏറ്റവും കൂടുതൽ അപകടം വരുന്ന മേഖലയായി പാലാമ്പട്ട. അമ്പോഴക്കോട് മുതൽ നീണ്ടു നിവർന്നു കിടക്കുന്ന റോഡ്.
പാലാമ്പട്ടയിൽ എത്തുമ്പോൾ വളവ്. ചേട്ടൻപടി വിട്ടാലും ഇതേ അവസ്ഥ.
വേഗത്തിലെത്തുന്ന വാഹനത്തിലെ ഡ്രൈവർക്കു പാലാമ്പട്ട വളവടുക്കുമ്പോൾ നിയന്ത്രണം തെറ്റാൻ സാധ്യതയേറെ.
കഴിഞ്ഞ ദിവസം ബൈക്കും വാനും കൂട്ടിയിടിച്ചതായിരുന്നു അവസാനത്തെ അപകടം.
ഇതിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. സഹപാഠിക്കു പരുക്കേറ്റു.
ബൈക്ക് പൂർണമായും തകർന്നു. കഴിഞ്ഞ ഞായറാഴ്ച അഞ്ചു വാഹനങ്ങളുടെ കൂട്ടയിടി.
കാർ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ മുന്നിലെ കാറിലിടിച്ചു. തുടർന്ന് ഓട്ടോയെയും സ്കൂട്ടറിനെയും ഇടിച്ചിട്ടു.
എട്ടുവയസ്സുള്ള കുട്ടിയടക്കം അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ മിക്കവരും ആശുപത്രിയിൽത്തന്നെ.
ഏതാനും മാസങ്ങൾക്കു മുൻപും വളവിനോടു ചേർന്നു ബൈക്കും ആംബുലൻസും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചതും ഇതേ സ്പോട്ടിൽ. ഇതു കൂടാതെ വാഹനങ്ങളുടെ ചെറിയ തട്ടലും മുട്ടലും വേറെ. ഇതിനൊരു പരിഹാരം വേണം.
മരണസംഖ്യ കൂടുന്നു
നവീകരണം നടത്തിയ റോഡിൽ അപകടത്തിലൂടെ മരണസംഖ്യയും ഏറുന്നു.
പാലാമ്പട്ടയിൽ രണ്ട്, അമ്പാഴക്കോട് കനാൽ വളവ്, ചേട്ടൻപടിക്കു സമീപം, കാഞ്ഞിരം, പള്ളിപ്പടി കാണിവായ് എന്നിവിടങ്ങളിലും അപകടത്തെ തുടർന്നു ഓരോരുത്തർക്കും ജീവൻ നഷ്ടപ്പെട്ടു. വേഗവും അശ്രദ്ധയുമായിരുന്നു അപകടത്തിലെ വില്ലൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

