കൊച്ചി ∙ ‘ എം.എ. യൂസഫ് നല്ല ഭംഗിയായി പ്രചാരണം നടത്തും.
നല്ല സ്ഥാനാർഥിയാണ്. എല്ലാ വീട്ടിലുമെത്തും, എല്ലാവരോടും വർത്തമാനം പറയും, നല്ല പെരുമാറ്റം.
പക്ഷേ, ആരു ജയിക്കുമെന്നു സംശയിക്കേണ്ട. എന്നെ എന്റെ വോട്ടർമാർക്കു നന്നായറിയാം.
അവരെന്നെ കൈവിടില്ല’ – പ്രചാരണത്തിന്റെ അത്യുഷ്ണത്തിന്റെ ക്ഷീണം തളം കെട്ടി നിന്നിരുന്നു, വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മുഖത്ത്.
പക്ഷേ, ആത്മവിശ്വാസത്തിന് ഒരു തരി പോലും ഇളക്കമില്ലായിരുന്നു! ഒരുപക്ഷേ, അദ്ദേഹത്തിനു മാത്രം കഴിയുന്നത്ര സൗമ്യമായി, പതിഞ്ഞ സ്വരത്തിലാണ് അദ്ദേഹം എതിരാളിയെക്കുറിച്ചു സംസാരിച്ചത്; ആദരവോടെ.
കഷ്ടിച്ച് 10 വർഷം മുൻപായിരുന്നു അത്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ കാലത്തായിരുന്നു അദ്ദേഹത്തോടു നടത്തിയ ആ സംഭാഷണം. ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല.
മണ്ഡലത്തിലെ എല്ലാ മേഖലയിലും വ്യക്തമായ മുൻതൂക്കം നേടിയപ്പോൾ ഭൂരിപക്ഷം 2011ലെ 7,789 വോട്ടിൽ നിന്നു 12,118 ആയി വർധിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനപ്രതിനിധി എന്ന നിലയിൽ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും സ്വീകാര്യനായതുമാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും വിജയകിരീടം ചൂടിച്ചത്.
വിജയത്തിനൊരു ‘കുഞ്ഞു’ സൂത്രവാക്യം
കളമശേരിയിൽ 2016 ലെ തിരഞ്ഞെടുപ്പിലും ജയിച്ചെങ്കിലും പിന്നീടൊരിക്കലും അദ്ദേഹം മത്സര രാഷ്ട്രീയത്തിലേക്കു ചുവടു വച്ചില്ല.
രാഷ്ട്രീയ വിവാദങ്ങൾ മുതൽ ആരോഗ്യ പ്രശ്നങ്ങൾ വരെ പരിമിതികളായി. പിന്നീട് അപൂർവമായി അദ്ദേഹം ഫോണിൽ വിളിച്ചു.
ചില വാർത്തകളെക്കുറിച്ചു പറയാൻ, ചില പരിഭവങ്ങൾ അറിയിക്കാൻ. അതാകട്ടെ, ഏറ്റവും സൗമ്യവുമായിരുന്നു.
ശബ്ദം കുറച്ച്, വിക്ഷോഭങ്ങളില്ലാതെ സംസാരിക്കുന്നൊരു നേതാവ്. രാഷ്ട്രീയ വിവാദങ്ങൾ വേദനിപ്പിച്ചപ്പോഴും ശബ്ദമുയർത്തി എതിരിടാൻ ശ്രമിച്ചില്ല, അദ്ദേഹം.
ശബ്ദമാനമായ രാഷ്ട്രീയക്കളത്തിൽ ഇബ്രാഹിംകുഞ്ഞിന്റേതു നിശബ്ദമായൊരു പ്രവർത്തന താളമായിരുന്നു. വോട്ടറെ അറിഞ്ഞ്, മണ്ഡലത്തെ അറിയുന്ന ജനപ്രതിനിധിയാകുക എന്ന ചെറിയ, അതേസമയം അത്ര എളുപ്പമല്ലാത്ത സൂത്രവാക്യമായിരുന്നു അദ്ദേഹം പ്രയോഗിച്ചു വിജയിച്ചത്.
ഒന്നല്ല, നാലു വട്ടം. മണ്ഡലം നോക്കുന്ന എംഎൽഎ എന്ന വിശേഷണം തന്നെയായിരുന്നു തിരഞ്ഞെടുപ്പു വിജയങ്ങൾക്കു പിന്നിൽ.
സഹായം തേടിയെത്തുന്നവർ ആരായാലും മുഖം നോക്കാതെ സഹായിക്കുന്നയാൾ എന്ന പരിവേഷം കൂടിയായപ്പോൾ അദ്ദേഹത്തിന്റെ വിജയ ചരിത്രത്തിനു തിളക്കമേറെ.
മധ്യകേരളത്തിൽ ലീഗിന്റെ മുഖം
പി.കെ.കുഞ്ഞാലിക്കുട്ടി 2005 ൽ മന്ത്രി സ്ഥാനം രാജിവച്ചപ്പോഴാണ് ഇബ്രാഹിംകുഞ്ഞിനെ ലീഗ് വലിയ ഉത്തരവാദിത്തങ്ങളിലേക്കു കൊണ്ടുവന്നത്. പദവികൾ തേടിപ്പാകാത്ത ഇബ്രാഹിംകുഞ്ഞിന്റെ നേതൃഗുണം തിരിച്ചറിഞ്ഞു പദവികൾ തേടിയെത്തുകയായിരുന്നു.
മധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ പച്ചക്കൊടി സ്ഥിരമായി ഉയർത്തിപ്പിടിക്കുന്ന നേതാവായി അദ്ദേഹം മാറി. ഘടകകക്ഷി നേതാക്കളോടും തികഞ്ഞ സൗഹൃദം പുലർത്തി.
പലരും ബഹുമാനത്തോടെ ഇബ്രാഹിംകുഞ്ഞു സാഹിബ് എന്ന വിളിച്ചു. പറ്റാത്ത കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ രീതി അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു.
ജനങ്ങളെ പറഞ്ഞു കബളിപ്പിക്കുകയും ഒരേ കാര്യത്തിനായി പലവട്ടം നടത്തി വിഷമിപ്പിക്കുകയും ചെയ്യാൻ ഇഷ്ടപ്പെട്ടില്ല. തനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് അദ്ദേഹം അവർക്കായി ചെയ്തത്.
ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തുറന്നു പറയാനും മടിച്ചില്ല. പൊതുസ്വീകാര്യതയും ജനപക്ഷത്തോടുള്ള അടുപ്പവുമായിരുന്നു സന്തോഷം.
മത്സരിക്കാതെ മാറി നിന്ന 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തോൽവി അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരിനു യുഡിഎഫ് കോപ്പു കൂട്ടുമ്പോഴാണ് അദ്ദേഹം മടങ്ങുന്നത്; 2026 ലെ ഫലമറിയാതെ.
ജനനായകനെ കാണാൻ ജനം ഒഴുകിയെത്തി
കളമശേരി ∙ മണ്ഡലത്തെ വികസനക്കുതിപ്പിലേക്കു നയിച്ച ജനനായകൻ വി.കെ.ഇബ്രാഹിംകുഞ്ഞിനെ അവസാനമായി കാണാൻ ഞാലകം കൺവൻഷൻ സെന്ററിലെ പൊതുദർശന വേദിയിൽ എത്തിയതു നൂറുകണക്കിനാളുകൾ.
സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നു പാലയ്ക്കാമുകൾ പള്ളിയിൽ എത്തിച്ചു മയ്യത്ത് പരിപാലനത്തിനു ശേഷം രാത്രി 7 മണിയോടെയാണു നജാത്ത് കൺവൻഷൻ സെന്ററിൽ ഇബ്രാഹിംകുഞ്ഞിന്റെ ഭൗതിക ശരീരം പൊതുദർശനത്തിനെത്തിച്ചത്.
രാത്രി വൈകിയും പൊതുദർശനം നീണ്ടു. മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ, രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറി ബി.എ.
അബ്ദുൽ മുത്തലിബ്, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, ഉമ തോമസ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, മുൻ മന്ത്രി കെ.സി.ജോസഫ്, കലക്ടർ ജി.പ്രിയങ്ക, ബിഷപ് മാർ തോമസ് ചക്യത്ത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷ്, മത മേലധ്യക്ഷർ, രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ, നഗരസഭാധ്യക്ഷർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ, വ്യവസായികൾ, തൊഴിലാളികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം ആദരാഞ്ജലികൾ അർപ്പിച്ചു. രാത്രി വൈകി മൃതദേഹം ആലുവയിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്നു 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

