ഇറാനുമായുള്ള സംഘർഷം പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കിടയിൽ, ആഗോള സാമ്പത്തിക രംഗത്തിന് കനത്ത പ്രഹരമേൽപ്പിച്ച് അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നടപടികൾ. കാനഡയുമായുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ പ്രകോപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കാനഡയുമായി അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിലെ ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്ന് പുനർനാമകരണം ചെയ്തുകൊണ്ടാണ് ട്രംപ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കാനഡയ്ക്കുമേൽ 50 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു.
ഇതിന് മറുപടിയായി അമേരിക്കൻ ഉൽപന്നങ്ങൾക്ക് കാനഡയും സമാനമായ തീരുവ പ്രഖ്യാപിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരിക്കുകയാണ്. പേരുമാറ്റം സംബന്ധിച്ച് വൈറ്റ്ഹൗസോ ട്രംപോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ഈ നടപടി അംഗീകരിക്കില്ലെന്ന് കാനഡ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 2027 ജനുവരി ഒന്നുമുതൽ കാനഡയിൽ നിന്നുള്ള കാർ, ട്രക്ക്, വാഹനഘടകങ്ങൾ, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് കടുത്ത ഭീഷണി മുഴക്കിയിട്ടുണ്ട്. ട്രംപിന്റെ ഈ തീരുമാനം കാനഡയുടെ വാഹന വ്യവസായ മേഖലയെ തകർക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചു.
അതേനാണയത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിൽ, ചൈനയുമായുള്ള വ്യാപാരയുദ്ധം കടുപ്പിക്കാനും അമേരിക്ക തയ്യാറെടുക്കുകയാണ്.
ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്തുന്ന ചൈനീസ് ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതും അമേരിക്കയുടെ പരിഗണനയിലുണ്ട്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾക്ക് (ചിപ്) തീരുവ ഏർപ്പെടുത്താനും ട്രംപ് പദ്ധതിയിടുന്നുണ്ട്.
യുഎസിലെ നിർമ്മാണ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ചൈനീസ് കമ്പനികൾ എൻവിഡിയ ചിപ്പുകൾ കരസ്ഥമാക്കുന്നത് ചൈനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നേറ്റത്തിന് സഹായകരമാകുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഖത്തറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇറാനും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായാണ് ടെഹ്റാനിൽ ചർച്ചകൾ നടത്തിയത്.
ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന കാര്യത്തിലും ഖത്തറിന്റെ സഹകരണമുണ്ടാകും. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും വരുമാനവും പങ്കുവെക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ധാരണയായിട്ടുണ്ട്.
യുഎസിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഇത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിക്കൂ. നിലവിൽ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്.
ഇത് എണ്ണവിലയുടെ കുതിച്ചുചാട്ടത്തിന് തടയിട്ടിട്ടുണ്ടെങ്കിലും, ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.12 ശതമാനം ഉയർന്ന് 89.70 ഡോളറിലെത്തിയിട്ടുണ്ട്. യുഎസ് ക്രൂഡ് വില 0.10 ശതമാനം വർധിച്ച് 83.61 ഡോളറിലും വ്യാപാരം തുടരുന്നു.
സ്വർണവില ഔൺസിന് 4617 ഡോളർ വരെ ഉയർന്ന ശേഷം നിലവിൽ 4594 ഡോളറിലെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

