തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും ഉള്ള തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 28/08/2026 വെള്ളിയാഴ്ച വൈകുന്നേരം 05.30 വരെ ഈ പ്രതിഭാസം തുടരാൻ ഇടയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം വ്യക്തമാക്കി.
ഈ പ്രദേശങ്ങളിൽ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ ആഞ്ഞടിച്ചേക്കാം. ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കന്യാകുമാരി തീരത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
28/08/2026 വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.30 വരെ ഇവിടെയും കടലാക്രമണ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആയതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം കർശന നിർദേശം നൽകി.
അതേസമയം, മോശം കാലാവസ്ഥയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെയും കർണാടകയിലെയും ലക്ഷദ്വീപ് മേഖലയിലെയും തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മേഖലകളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും, ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കാസർഗോഡ്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലാണ് ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) തുടരുന്നത്. കൂടാതെ ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും, കർണാടകയിലെ കാർവാർ, മംഗളൂരു, പണമ്പൂർ, ഹോണാവർ, ഭട്കൽ, ഗംഗോളി (കുണ്ടാപുര), മാൽപെ എന്നീ തുറമുഖങ്ങളിലും സമാനമായ രീതിയിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ നിലനിർത്താൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കടലിൽ ശക്തമായ കാറ്റും തിരമാലകളും നിലനിൽക്കുന്നതിനാൽ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മത്സ്യത്തൊഴിലാളികളും ചെറുവള്ളം, ബോട്ട് എന്നിവയുടെ ഉടമകളും ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. കടലിലേക്ക് പോകുന്നതിന് മുൻപ് ഔദ്യോഗികമായി പുറത്തിറക്കുന്ന ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

