കുന്നംകുളം ∙ നാടിന്റെ വികസന ആവശ്യങ്ങളിൽ ഉടൻ നടപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ച് നഗരസഭാധ്യക്ഷയും ഉപാധ്യക്ഷനും. പുതിയ ഭരണസമിതി അധികാരമേറ്റതിനു പിന്നാലെ ഇനിയും വൈകല്ലേ എന്നാഗ്രഹിക്കുന്ന വികസന ആവശ്യങ്ങൾ വോട്ടർമാരുടെ പ്രതിനിധികൾ ഉന്നയിച്ചത് മലയാള മനോരമ സ്വരൂപിച്ചിരുന്നു.
ഇക്കാര്യങ്ങളിൽ ഉടൻ നടപ്പാക്കാവുന്നവയെക്കുറിച്ചു നഗരസഭാധ്യക്ഷ സൗമ്യ അനിലൻ, നഗരസഭാ ഉപാധ്യക്ഷൻ പി.ജി.ജയപ്രകാശ് എന്നിവർ മലയാള മനോരമയുമായി പങ്കുവച്ചു. മലയാള മനോരമ കുന്നംകുളം വാർത്താ കാര്യാലയം സന്ദർശിച്ച ഇരുവരും ലക്ഷ്യമിടുന്ന പദ്ധതികളും പ്രഖ്യാപിച്ചു.
ഒരു വർഷത്തിനകം കേരളത്തിലെ ആദ്യ സമ്പൂർണ തിമിരമുക്ത നഗരസഭയായി കുന്നംകുളത്തെ മാറ്റും. ജനങ്ങളുടെ പങ്കാളിത്തവും വിവിധ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് ഇൗ ലക്ഷ്യം കൈവരിക്കുക.
കിഫ്ബി പദ്ധതിയിൽ 76.5 കോടി രൂപ വിനിയോഗിച്ചു താലൂക്ക് ആശുപത്രിയിൽ 7 നിലകളിൽ ഉയരുന്ന മൾട്ടി സ്പെഷ്യൽറ്റി കെട്ടിടം വൈകാതെ സർവസജ്ജമാക്കാനായി നഗരസഭ പങ്കുവഹിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു. പട്ടണത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബസ് ടെർമിനലിൽ നിന്ന് സബ് ട്രഷറി റോഡിലേക്ക് പുതിയ പാത2 മാസത്തിനകം തുറക്കും.
Qനിർമാണം പാതി വഴിയിൽ നിലച്ച തുറക്കുളം മത്സ്യ മാർക്കറ്റിന് എന്നു ശാപമോക്ഷം ലഭിക്കും?
A4 കോടി 20 ലക്ഷം രൂപ തീരദേശ വികസന ഫണ്ടിൽ നിന്ന് മാർക്കറ്റിന് അനുവദിച്ചിട്ടുണ്ട്. മാർക്കറ്റ് നിർമാണത്തിന് മുൻപുണ്ടാക്കിയിരുന്ന ബിഒടി കരാർ റദ്ദാക്കിയിട്ടുണ്ട്.
മുൻ കരാറുകാർക്ക് ചെലവായ തുക നൽകി സെറ്റിൽ ചെയ്യണമെന്നു കോടതി വിധിയുണ്ട്. ഇവരുമായുള്ള ചർച്ച പൂർത്തീകരിച്ച് തുറക്കുളം മാർക്കറ്റ് നവീകരണം നടപ്പാക്കും.
ബിഒടി കരാർ നൽകാതെ നഗരസഭ നേരിട്ടാണ് തുറക്കുളം മാർക്കറ്റ് വികസനം യാഥാർഥ്യമാക്കുക.
Qതിരുത്തിക്കാട് മേഖലയിൽ വർഷങ്ങളായി നേരിടുന്ന മലിനജല പ്രശ്നത്തിന് എന്ന് പരിഹാരം കാണും?
Aഇൗ പ്രശ്നം പരിഹരിക്കുമെന്ന് നഗരസഭ ഉറപ്പു നൽകുന്നു. ഇംപാക്ട് കേരള പദ്ധതി പ്രകാരം മലിനജല സംസ്കരണത്തിന് നഗരസഭയ്ക്കു ഫണ്ട് നേടിയെടുക്കാൻ ശ്രമിക്കും.
തിരുത്തിക്കാട് മേഖലയിലെ മാലിന്യ ജല ശുചീകരണത്തിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് തുറക്കുളം മാർക്കറ്റിനു സമീപം സ്ഥാപിക്കും. വിദഗ്ധരുമായി ചർച്ച ചെയ്തു അന്തിമ തീരുമാനമെടുക്കും.
Qമേഖലയിലെ പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുക്കുന്ന നെല്ല് ഇവിടെ തന്നെ അരിയാക്കാൻ സംസ്കരണ പ്ലാന്റ് വേണമെന്ന് ആവശ്യമുണ്ട്?
Aകുടുംബശ്രീ യൂണിറ്റുകൾ വഴി വടക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന നെല്ല് സംസ്കരണ യൂണിറ്റുകൾ പൊതുവേ ലാഭകരമാണ്.
കാർഷിക ഉൽപന്നങ്ങളുടെ ഭക്ഷ്യ ഉൽപന്നമാക്കി നേരിട്ട് വിപണനം നടത്തുന്നതിന് നഗരസഭ ഇടപെടും. കൃഷി വഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനാവശ്യമായ എല്ലാ പരിശ്രമവും നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടാകും.
Qശുദ്ധജല ക്ഷാമം ശാശ്വതമായി പരിഹരിക്കേണ്ടേ?
Aതീർച്ചയായും ഇതിന് നഗരസഭ പ്രതിജ്ഞാബദ്ധരാണ്.
കഴിഞ്ഞ ഭരണസമിതികൾ തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കും. പാരമ്പര്യ ജലാശയങ്ങൾ നവീകരിക്കുന്നതിനൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കും.
Qതകർന്നു കിടക്കുന്ന കുറുക്കൻപാറ – അഞ്ഞൂർക്കുന്ന് റോഡ് എന്നു നന്നാക്കും?
A4 വാർഡുകളിൽ മറ്റുനിർമാണം വേണ്ടെന്നു വച്ചു ഇൗ തുക ഉപയോഗിച്ച് കുറുക്കൻപാറ – അഞ്ഞൂർക്കുന്ന് റോഡിൽ അറ്റകുറ്റപ്പണി നടത്താൻ ധാരണയായിട്ടുണ്ട്.
2 മാസത്തിനകം ടാറിങ് നടത്താനാകും.
Qജവാഹർ സ്ക്വയർ സ്റ്റേഡിയം ഇങ്ങനെ മതിയോ? ആർത്താറ്റ് മേഖലയിൽ കളിക്കളം എന്ന ആവശ്യത്തിന് എന്നാണ് പരിഹാരം? കായികമേഖലയിൽ എന്നാണ് നഗരസഭയുടെ ലക്ഷ്യം?
Aകേരളത്തിനു തന്നെ മാതൃകയായ മനോഹരമായ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം കുന്നംകുളത്തിന് സ്വന്തമാണ്. കളിസ്ഥലം വിവിധ പ്രദേശങ്ങളിലേക്ക് വികേന്ദ്രീകരിക്കുകയാണ് ഇനി ലക്ഷ്യം.
പുതിയ കളിസ്ഥലം നിർമിക്കും. നഗരസഭയുടെ ഉടമസ്ഥതയിൽ തെക്കേപ്പുറത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കായിക കേന്ദ്രമാക്കുന്നതിനാണ് പദ്ധതി.
നഗരസഭയുടെ ഓപ്പൺ ജിം വലിയ വിജയമാണ്. നഗരസഭയ്ക്കു സമീപം ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പുതിയതായി വിപുലമായ ജിം സ്ഥാപിക്കാനും പദ്ധതി തയാറാക്കാം.
Qഗതാഗതക്കുരുക്ക് പരിഹരിക്കാൻ എന്താണ് പോംവഴി?
Aനഗരവികസനം യാഥാർഥ്യമാകാൻ പോകുകയാണ്.
എ.സി.മൊയ്തീൻ എംഎൽഎ മുൻകൈ എടുത്ത് നടപ്പാക്കുന്ന ജംക്ഷൻ വികസനത്തിന് ആദ്യഘട്ട ടെൻഡർ അംഗീകരിച്ചു കഴിഞ്ഞു.
ഇത് യാഥാർഥ്യമാകുന്നതോടെ പട്ടണത്തിന്റെ മുഖഛായ മാറും. ബസ് ടെർമിനലിൽ നിന്ന് സബ് ട്രഷറി റോഡിലേക്ക് പോകുന്ന റോഡ് നിർമിക്കാൻ സ്ഥലം കിട്ടിയിട്ടുണ്ട്.
ഇൗ വഴി ഉടൻ ടാർ ചെയ്യും. ബസ് ടെർമിനലിന്റെ മുൻപിൽ നിന്ന് ഗുരുവായൂർ റോഡിലേക്ക് പുതിയ റോഡിന് സ്ഥലം വിട്ടു കിട്ടാൻ ഭൂമി ഉടമകൾ തയാറായിട്ടുണ്ട്.
ഇത് വഴി പുതിയ പാത പരിഗണിക്കും.
Qഹെർബർട്ട് റോഡിൽ നിന്ന് വാഹനങ്ങൾ തോന്നിയ വഴി പോകുന്നു. ബസുകൾ പലതും ബസ് ടെർമിനലിൽ വരുന്നില്ല.
ഇത് പരിഹരിക്കാൻ എന്തു ചെയ്യും?
Aനഗരസഭ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല. പൊലീസും മുൻകൈ എടുക്കണം.
ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകും. നഗരവികസനം വരുന്നതോടെ ഇവയ്ക്കു പരിഹാരമാകും.
Qടൂറിസം സാധ്യതകൾ ഈ ഭരണസമിതിയുടെ കാലത്ത് യാഥാർഥ്യമാകുമോ?
Aപൂരങ്ങളുടെയും പള്ളിപ്പെരുന്നാളിന്റെയും നാടായ കുന്നംകുളത്ത് ടൂറിസം സാധ്യതകൾ ഏറെയുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ പരിഗണിച്ചു ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും.
Qഎംജി കോംപ്ലക്സിനു സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമർ, റോഡ് വികസനത്തിന് തടസ്സമാണ്. പട്ടണത്തിലെ പാർക്കിങ് പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്.
Aഎംജി കോംപ്ലക്സിനു സമീപം റോഡിന്റെ വീതി കുറയ്ക്കുന്ന വിധമുള്ള കെഎസ്ഇബി ട്രാൻസ്ഫോമർ മാറ്റുന്നതിന് കെഎസ്ഇബി അധികൃതരുമായി ചർച്ച നടത്തും. പട്ടണത്തിൽ ഒഴിഞ്ഞ സ്ഥലത്ത് വാഹനങ്ങൾ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും.
പട്ടണത്തിലെ ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ യോഗം വിളിക്കും.
Qനഗരത്തിന്റെ ചരിത്ര സംരക്ഷണം, സൗന്ദര്യവൽക്കരണം എന്നിവയ്ക്കു നഗരസഭയുടെ ലക്ഷ്യമെന്ത്?
Aപുതിയ കാലത്തിന് അനുയോജ്യമായ സൗന്ദര്യവൽക്കരണം പട്ടണത്തിൽ വരുത്തും. ചരിത്ര സ്മാരകമായ മുസാവരി ബംഗ്ലാവ് വൈകിട്ട് ജനങ്ങൾക്ക് തുറന്നു നൽകും.
ഇവിടെ ചരിത്ര ഗാലറി നിർമിക്കും. സന്ദർശകർക്ക് ഇരിപ്പിടമൊരുക്കും. ഗുരുവായൂർ റോഡിൽ നിന്ന് നഗരസഭയിലേക്ക് വരുന്ന ഭാഗത്തെ റോഡിന്റെ ഇരുവശത്തും ഗാർഡനും പ്രവേശന ഭാഗത്ത് നാടിന്റെ ചരിത്രപ്പെരുമ വിളംബരം ചെയ്യുന്ന കവാടവും നിർമിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

