മൂവാറ്റുപുഴ∙ പുതിയതായി ആരംഭിച്ച കെഎസ്ആർടിസി സർവീസിന്റെ ക്രെഡിറ്റിനു വേണ്ടി രാഷ്ട്രീയ പോര്. മൂവാറ്റുപുഴയിൽ നിന്നു കല്ലൂർക്കാട് വഴി തൊടുപുഴ അൽ അസർ മെഡിക്കൽ കോളജിലേക്ക് ആരംഭിച്ച സർവീസിനെ ചൊല്ലിയാണ് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയത്.
മാത്യു കുഴൽനാടൻ എംഎൽഎ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.വിവിധ കോണുകളിൽ നിന്നുള്ള ദീർഘനാളത്തെ ആവശ്യത്തിനു ശേഷമാണ് നവീകരിച്ച മൂവാറ്റുപുഴ – തേനി റൂട്ടിൽ ആദ്യമായി കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്.
ബസ് സർവീസ് ഉദ്ഘാടനം ചെയ്ത ശേഷം മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെടെയുള്ളവർ യാത്ര ചെയ്യുന്നുണ്ടായിരുന്നു. രാവിലെ 11 മണിയോടെ രണ്ടാർ കാനം കവലയിൽ എൽഡിഎഫ് പ്രവർത്തകർ സ്വീകരണം നൽകി.
മാത്യു കുഴൽനാടൻ എംഎൽഎയും അൽ അസർ മെഡിക്കൽ കോളജ് എംഡി കെ.എം. മൂസയും ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.
സ്വീകരണത്തിന് ശേഷം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ചിത്രങ്ങൾ പതിപ്പിച്ച അഭിവാദ്യ ബാനറുകൾ പ്രവർത്തകർ ബസിന് മുന്നിൽ സ്ഥാപിച്ചു.
എന്നാൽ ബസ് കോട്ടപ്പുറം കവലയിൽ എത്തിയതോടെ യുഡിഎഫ് പ്രവർത്തകർ ബാനർ നീക്കം ചെയ്യാൻ ശ്രമിച്ചതാണു സംഘർഷത്തിന് കാരണമായത്. വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതോടെ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചിത്രങ്ങളുള്ള ബാനർ കീറി നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും വികസന പദ്ധതികളുടെ ക്രെഡിറ്റ് എംഎൽഎയ്ക്ക് മാത്രം ലഭിക്കണമെന്ന വാശിയാണ് അക്രമത്തിന് പിന്നിലെന്നും സിപിഎം ആരോപിച്ചു. എന്നാൽ ബസ് സർവീസ് ആരംഭിച്ചതിന്റെ ക്രെഡിറ്റിനായി അവകാശവാദം ഉയർത്തിയിട്ടില്ലെന്നും ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടു തന്നെയാണ് സർവീസ് നടത്തിയതെന്ന് എല്ലാവർക്കും അറിയാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
വായു പ്രവാഹം തടയുന്ന രീതിയിൽ ബാനർ കെട്ടിയത് ബസ് തകരാറിലാകാൻ കാരണമാകുമെന്ന് ജീവനക്കാർ ഉൾപ്പെടെ ആശങ്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ബാനർ മാറ്റിയത്. ക്രെഡിറ്റ് എടുക്കാൻ വേണ്ടി സംഘർഷം സൃഷ്ടിക്കുന്നത് മോശം രാഷ്ട്രീയ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

