കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കും സമുദായ അവകാശങ്ങൾക്കും എതിരേ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ന്യൂനപക്ഷമെന്നു പറയുന്ന മുസ്ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് ശക്തമായ സംഘടിത വോട്ട് ബാങ്കുകളായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പറവൂരിൽ നടന്ന എസ്എൻഡിപി യോഗം പറവൂർ യൂണിയന്റെ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭൂമി, ഭരണാധികാരം, വ്യവസായം, സമ്പത്ത് എന്നിവയെല്ലാം ഈ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണെന്ന് വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.
മലപ്പുറത്ത് മാത്രമല്ല, കാസർകോട്, വയനാട് ജില്ലകളിലും ഈഴവ സമുദായത്തിന് ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഈ ദുഃഖം തുറന്നുപറയുമ്പോൾ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നതിന് പകരം തന്നെയും ഈഴവ സമുദായത്തെയും മുസ്ലിം വിരോധികളായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ജാതി പറയുന്നു എന്ന് കുറ്റപ്പെടുത്തി തന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും, മറ്റുള്ളവർ എന്ത് പറഞ്ഞാലും നീതിയാകുന്ന വിചിത്രമായ സ്ഥിതിയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെയും യോഗത്തിൽ അദ്ദേഹം വിശകലനം ചെയ്തു.
‘‘ഞാൻ ആരുടെയും വിരോധിയല്ല. ഒരു സമുദായത്തിനുമെതിരല്ല.
ഞാൻ ലീഗിനെതിരെയാണ് പറഞ്ഞതെന്നു പിണറായി വിജയൻ പലതവണ പറഞ്ഞിട്ടും പലർക്കും മനസ്സിലായില്ല. തള്ളിപ്പറഞ്ഞതിന്റെ ഊക്ക് പോരെന്നാണു എ.എൻ.ഷംസീർ പറഞ്ഞത്.
അതിന്റെ അർഥമെന്താണ്? പിണറായിക്കിട്ട് പണിയുകയല്ലേ ചെയ്തത്? അദ്ദേഹത്തിന് സീറ്റ് കിട്ടിയിട്ടില്ലായെങ്കിൽ നമ്മളല്ല ഉത്തരവാദികൾ’’ എന്ന് അദ്ദേഹം പറഞ്ഞു. ഇനി താൻ ആരെയും വിമർശിക്കുമെന്നോ കുറ്റപ്പെടുത്തുമെന്നോ ആരും കരുതേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷം പത്തു വർഷം കേരളം ഭരിച്ചെങ്കിൽ അത് നയിച്ച ആളുടെ മികവുകൊണ്ടാണ്. എന്നാൽ മൂന്നാം ഊഴം ലഭിക്കാതെ പോയതിന്റെ കാരണം എന്താണെന്ന് അവർ സ്വയം ചർച്ച ചെയ്ത് തിരുത്തണം.
എൽഡിഎഫിന് അൽപമെങ്കിലും സീറ്റുകൾ ലഭിച്ചുവെങ്കിൽ അത് പിന്നോക്കക്കാരുടെയും പട്ടികജാതിക്കാരുടെയും ചില വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

