സംസ്ഥാനത്ത് ജീവിതശൈലീ രോഗവ്യാപനം ആശങ്കാജനകമാംവിധം വർധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയിൽ സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണവും പ്രമേഹവും രക്തസമ്മർദവും ഉയർന്ന തോതിൽ വർധിച്ചതായി ദേശീയ കുടുംബാരോഗ്യ സർവേ–6 (എൻഎഫ്എച്ച്എസ്–6) റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സർവേ ഫലങ്ങൾ പ്രകാരം 15–49 വയസ്സിനിടയിലുള്ള സ്ത്രീകളിൽ 46.7% പേരും അമിത ശരീരഭാരമുള്ളവരോ അമിത വണ്ണമുള്ളവരോ ആണ്. മുൻ സർവേയിൽ ഇത് 38.2% ആയിരുന്നു.
അതേസമയം, അമിതവണ്ണമോ അമിത ശരീരഭാരമോ ഉള്ള പുരുഷന്മാരുടെ നിരക്ക് മുൻപ് 36.4 ശതമാനമായിരുന്നെങ്കിൽ നിലവിൽ അത് 37 ശതമാനമായി ഉയർന്നിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രക്തത്തിൽ പഞ്ചസാരയുടെ ഉയർന്ന അളവുള്ള സ്ത്രീകളുടെ നിരക്ക് 13.1 ശതമാനത്തിൽ നിന്ന് 16.7 ശതമാനമായി കൂടി. പുരുഷന്മാരിൽ ഇത് 13.8 ശതമാനത്തിൽ നിന്ന് 18.9 ശതമാനമായി ഉയർന്നു.
പ്രമേഹ രോഗത്തിനു മരുന്ന് കഴിക്കുന്നവരെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നവരെയും ഉൾപ്പെടുത്തി നടത്തിയ കണക്കെടുപ്പിൽ സ്ത്രീകൾ 28.9 ശതമാനവും പുരുഷന്മാർ 31.9 ശതമാനവുമാണ്. ഉയർന്ന രക്തസമ്മർദമുള്ളവരോ അതിനായി മരുന്ന് കഴിക്കുന്നവരോ ആയ സ്ത്രീകളുടെ നിരക്ക് 31.9 ശതമാനവും പുരുഷന്മാരുടേത് 36.6 ശതമാനവുമാണ്.
പ്രസവങ്ങളിലെ സിസേറിയൻ നിരക്കിലും വർധനവുണ്ട്. മുൻപ് 38.9 ശതമാനമായിരുന്ന സിസേറിയൻ നിരക്ക് നിലവിൽ 41.3 ശതമാനമായി ഉയർന്നു.
ഇതിൽ സ്വകാര്യ ആശുപത്രികളിൽ ഇത് 42.5 ശതമാനവും സർക്കാർ ആശുപത്രികളിൽ 39.3 ശതമാനവുമാണ്. സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിലും കാര്യമായ മാറ്റങ്ങൾ പ്രകടമാണ്.
60 വയസ്സിനു മുകളിലുള്ളവർ 18.6 ശതമാനത്തിൽ നിന്ന് 20.7 ശതമാനമായി വർധിച്ചു. എന്നാൽ, 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 20.6 ശതമാനത്തിൽ നിന്ന് 20.3 ശതമാനമായി കുറഞ്ഞുവെന്നും സർവേ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

