ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ച് ലോകപ്രസിദ്ധമായ തൃശൂർ പുലിക്കളി ഇന്ന് അരങ്ങേറും. വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് സ്വരാജ് റൗണ്ടിൽ പുലിക്കളി നടക്കുന്നത്.
വിവിധ ദേശങ്ങളിലെ പുലിമടകളിൽ ചായക്കൂട്ടുകൾ തയ്യാറാക്കുന്ന തിരക്കിലാണ് കലാകാരന്മാർ. ഫ്ലൂറസന്റ് പുലികളും മഴവിൽ പുലികളും മഞ്ഞ, പർപ്പിൾ, നീല, ഡബിൾ ഷെയ്ഡ് പുലികളും സിംഹങ്ങളും അടക്കം ഒമ്പത് പുലിക്കൂട്ടങ്ങളാണ് ഇത്തവണ നഗരത്തിലിറങ്ങുന്നത്.
ഇന്ന് വൈകിട്ട് 4ന് ബിനി ജംക്ഷനിൽ മന്ത്രി ഒ.ജെ. ജനീഷ് ആഘോഷങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
മേയർ നിജി ജസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒമ്പത് സംഘങ്ങളാണ് ഇത്തവണ മത്സരത്തിനെത്തുന്നത്.
വൈകിട്ട് 4ന് വിയ്യൂർ യുവജന സംഘം ആദ്യം സ്വരാജ് റൗണ്ടിലെത്തും. ഏറ്റവും ഒടുവിലായി രാത്രി 7.20ന് അയ്യന്തോൾ ദേശവും പ്രവേശിക്കും.
ഓരോ സംഘത്തിലും 35 മുതൽ 51 വരെ പുലിക്കളി കലാകാരന്മാരും 25 മുതൽ 35 വരെ വാദ്യസംഘം അംഗങ്ങളും ഉണ്ടാകും. ഇത്തവണയും പുലിവേഷമിട്ട
വനിതകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. പുലിക്കളിയോടനുബന്ധിച്ച് തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കലക്ടർ ഇന്ന് ഉച്ചയ്ക്കു ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2 മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

