ആലുവ∙ പുതുവത്സര ദിനത്തിൽ മലയാള മനോരമ സംഘടിപ്പിച്ച ‘ചെയർപഴ്സൻ സ്പീക്കിങ്’ ഫോൺ ഇൻ പരിപാടിയിൽ ഗതാഗതക്കുരുക്ക് മുതൽ പെരിയാർ മലിനീകരണം വരെ നഗരവാസികൾ അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ചർച്ചയായി. പലതും നഗരസഭാധികൃതരുടെ തലത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല.
ഇവ എംഎൽഎയുടെയും എംപിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപെടുത്തി നടപടി എടുപ്പിക്കാമെന്നു നഗരസഭാധ്യക്ഷ സൈജി ജോളി മൂത്തേടൻ ഉറപ്പു നൽകി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ നികുതി വെട്ടിപ്പും കടമുറികളുടെ അനധികൃത കൈമാറ്റവും കർശനമായി തടയണമെന്നു പലരും നിർദേശിച്ചു.
സൗന്ദര്യവൽക്കരണത്തിലൂടെ നഗരത്തിന്റെ മുഖഛായ മാറ്റണമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Q ബേബി പാറയ്ക്കൽ, നസ്രത്ത് വാർഡ് മംഗലപ്പുഴ സെന്റ് ജോസഫ്സ് പള്ളി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനും നസ്രത്ത് റോഡിൽ കാന പണിയാനും നടപടി സ്വീകരിക്കുമോ?
A മംഗലപ്പുഴ ഭാഗത്തെ വെള്ളക്കെട്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പുഷ്ത്രൂ കലുങ്ക് വന്നതോടെ കുറച്ചു ഭാഗത്തു വെള്ളക്കെട്ട് ഒഴിവായി.
ബാക്കി പ്രശ്നം കൂടി പരിഹരിക്കാൻ ഇവിടെ കാന പണിയണമെന്നു ദേശീയപാത അധികൃതരോട് ആവശ്യപ്പെടാം. നസ്രത്ത് റോഡിൽ മഴക്കാലത്തു വെള്ളം റോഡിലൂടെ ഒഴുകുന്നതു തടയാൻ മറുവശത്തു കൂടി കാന നിർമിക്കുന്നതു പരിഗണിക്കാം.
Q സ്വരൂപ് ക്ലെയർ സെബാസ്റ്റ്യൻ, മഠത്തിൽ ലൈൻ
പറവൂർ കവലയിലെ ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിന്റെ എതിർവശത്തു 2 മാസം മുൻപ് ലോറി പാർക്കിങ് പരിസരവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാത്രി എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ്. നവംബറിൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. A കെ–സ്മാർട് മുഖേന നഗരസഭയിൽ പരാതി നൽകുക.
ഇതു പൊലീസിനും മോട്ടർ വാഹന വകുപ്പിനും കൈമാറാം. നഗരസഭയ്ക്ക് എന്തു ചെയ്യാനാകുമെന്നു പരിശോധിക്കാം.
Q ജോസ് മാവേലി, ജനസേവ ചെയർമാൻ
തെരുവുനായ പ്രശ്നം പരിഹരിച്ചു മാതൃകാ നഗരസഭയാകാൻ ആലുവ തയാറാകുമോ?
A കടുങ്ങല്ലൂർ പഞ്ചായത്തും ആലുവ നഗരസഭയും ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ജില്ലയിലെ എബിസി കേന്ദ്രത്തിനു പരിഗണിച്ചിരിക്കുന്ന സ്ഥലവും ആലുവയാണ്. ആലുവയെ തെരുവുനായ വിമുക്ത നഗരസഭയാക്കാൻ ശ്രമിക്കാം.
Q ലാലു മുളവരിക്കൽ, തൈനോത്ത്
ബൈപാസ് മേൽപാലത്തിന്റെ പടിഞ്ഞാറു വശത്തെ സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമോ? ഇവിടെ വീടുകളുടെ മുകളിലെ വാട്ടർ ടാങ്കുകളിൽ വെള്ളം കയറാത്ത പ്രശ്നം പരിഹരിക്കുമോ?
A മാർക്കറ്റ് സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതു ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഇവിടെ അണ്ടർ പാസ് നിർമിക്കാൻ ബെന്നി ബഹനാൻ എംപി 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പദ്ധതി എത്രയും പെട്ടെന്നു നടപ്പാക്കാൻ ശ്രമിക്കും.
ശുദ്ധജല വിതരണ പൈപ്പിൽ മർദം കൂട്ടുന്ന കാര്യം വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്താം.
Q എം.ജി. കൃഷ്ണകുമാർ, കടത്തുകടവ്
നഗര വികസനത്തിനു ധനസ്ഥിതി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നികുതി, വാടക പിരിവ് ഊർജിതമാക്കുമോ?
A നഗരസഭയ്ക്കു കിട്ടേണ്ട
ഒരു പൈസ പോലും നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കും. നികുതി, വാടക പിരിവുമായി ബന്ധപ്പെട്ടു നിലവിൽ പോരായ്മകളുണ്ടെങ്കിൽ പുനഃപരിശോധിക്കും.
Q എം.എ.
സുധീർ, മാർക്കറ്റ് വാർഡ് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തോട്ടയ്ക്കാട്ടുകര, പറവൂർ കവല എന്നിവിടങ്ങളിലെ സിഗ്നൽ എടുത്തുകളഞ്ഞ് യു ടേൺ സംവിധാനം നടപ്പാക്കുമോ? ഇതു കളമശേരിയിൽ പരീക്ഷിച്ചു വിജയിച്ചതാണ്. A ഇക്കാര്യത്തിൽ നഗരസഭയ്ക്ക് ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ല.
ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം നിർദേശങ്ങൾ ബന്ധപ്പെട്ട അധികൃതർക്കു സമർപ്പിക്കാം.
Q എൽ.
കൃഷ്ണകുമാർ, ടാസ് റോഡ് രണ്ടു വർഷമായി അടച്ചിട്ടിരിക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ്– കുന്നുംപുറം റെയിൽവേ ഫുട് ഓവർ ബ്രിജ് തുറക്കാൻ നടപടി എടുക്കുമോ? A ഓവർ ബ്രിജ് അടച്ചതു മൂലം നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തു താമസിക്കുന്നവരും വിദ്യാർഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അറിയാം. അറ്റകുറ്റപ്പണികൾ ഏറെക്കുറെ തീർന്നു.
ഇനി ഫിറ്റ്നസ് ടെസ്റ്റ് നടത്താനുണ്ട്. അതു കഴിഞ്ഞാൽ പെട്ടെന്നു തുറക്കാനാവും.
Q കെ.എക്സ്.
ജോസ്, പിഡബ്ല്യുഡി ക്വാർട്ടേഴ്സ് ആലുവ–പെരുമ്പാവൂർ റോഡിൽ രാവിലെയും വൈകിട്ടും റോഡിൽ വൻ തിരക്കായതിനാൽ ഇടറോഡുകളിൽ നിന്നു മെയിൻ റോഡിലേക്കു കടക്കാൻ കഴിയുന്നില്ല. ഇതു പരിഹരിക്കുമോ? A ഇവിടെ റോഡ് 18.5 മീറ്റർ ആയി വീതി കൂട്ടാനുള്ള തീരുമാനം നിലവിലുണ്ട്.
നടപടികളിലേക്കു വരേണ്ട കാര്യമേയുള്ളൂ.
Q സി.വി.
വിശ്വനാഥൻ, ബാങ്ക് കവല കടത്തുകടവിൽ നിന്നു പെരിയാറിനു കുറുകെ പാലം പണിയാനും റെയിൽവേ സ്റ്റേഷനു പടിഞ്ഞാറൻ കവാടം നിർമിക്കാനും നടപടി എടുക്കുമോ? A ഇതു രണ്ടും നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട പദ്ധതികളാണ്.
നടപ്പാക്കാൻ നഗരസഭ മുൻകയ്യെടുക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം താമസം വന്നേക്കാം.
Q ജോണി തൊട്ടിപ്പറമ്പിൽ, സിവിൽ സ്റ്റേഷൻ റോഡ്
മാർക്കറ്റ് റോഡിന്റെ പേര് മാറ്റി പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് എന്നാക്കുമോ? ഈ റോഡ് എത്തുന്നതു ബസ് സ്റ്റാൻഡിലേക്കാണ്.
A പിഡബ്ല്യുഡി റോഡിനു പേരിടുന്നതും മാറ്റുന്നതും നഗരസഭയല്ല.
ഈ ആവശ്യം പിഡബ്ല്യുഡിക്കു കൈമാറാം. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Q ലിജോ മണ്ണാറപ്രായിൽ, ചെമ്പകശേരി
റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചു സ്കൈവോക്ക് നിർമിക്കുമോ?
A ദൂരം ഒരു കിലോമീറ്ററിൽ താഴെയാണെങ്കിലും സ്ഥലമെടുപ്പ് അടക്കം ഒട്ടേറെ കാര്യങ്ങളുണ്ട്.
നഗരസഭയുടെ പരിധിയിൽ നിൽക്കുന്നതല്ല. കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് എംഎൽഎക്കും സർക്കാരിനു നൽകാം.
Q എൻ.
ഗോപാലകൃഷ്ണ പൈ, പുളിഞ്ചോട് ചീരക്കട ഭാഗത്തു നിന്നുള്ള മലിനജലം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സംവിധാനമില്ല.
നഗരസഭ കാന നിർമിക്കുമോ? A ഇവിടെ റെയിൽവേയുടെ സ്ഥലമായതിനാൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഇക്കാര്യം നേരത്തെ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്.
ഫണ്ടില്ലെന്നാണ് അവർ പറയുന്നത്. എങ്കിലും എംപി മുഖേന ശ്രമിക്കാം.
Q എം.എച്ച്.
സീനത്ത്, ആശാൻ കോളനി നഗരത്തിലെ രണ്ടു മുനിസിപ്പൽ ടൗൺ ഹാളുകൾ നവീകരിക്കുമോ? നഗരവാസികൾക്ക് എന്തെങ്കിലും പരിപാടികൾ നടത്താൻ ഇപ്പോൾ അനുയോജ്യമായ സ്ഥലമില്ല. A എംജി ടൗൺ ഹാൾ പുനരുദ്ധരിക്കാനുള്ള നടപടി നടന്നു വരികയാണ്. പ്രിയദർശിനി ടൗൺ ഹാളും നവീകരിക്കും.
ഇവ രണ്ടും നഗരസഭയുടെ വരുമാനം മാർഗം കൂടിയാണ്.
Q കെ.സി. ദാമോദരൻ, ഹോം ഗാർഡ്
മാതാ മാധുര്യ കവലയിൽ കട്ട
വിരിച്ചതിലെ അപാകത പരിഹരിക്കാനും വൈദ്യുതി പോസ്റ്റ് റോഡിൽ നിന്നു മാറ്റാനും നടപടി എടുക്കുമോ?
A രണ്ട് ആവശ്യങ്ങളും പിഡബ്ല്യുഡി, കെഎസ്ഇബി അധികൃതരെ അറിയിച്ചു പരിഹാരം തേടാം.
Q എം.എ. നിഹാൽ, തോട്ടയ്ക്കാട്ടുകര
തോട്ടയ്ക്കാട്ടുകര കവലയിൽ സ്വകാര്യ ഭൂമിയിലെ ഭീമൻ ഹോർഡിങ് വായുസഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതിനാൽ മാറ്റി സ്ഥാപിക്കുമോ?
A കെ–സ്മാർട്ട് മുഖേന നഗരസഭയിൽ പരാതി നൽകുക.
എൻജിനീയറിങ് വിഭാഗം പരിശോധിച്ചു നടപടി എടുക്കും. സ്വകാര്യ ഭൂമിയിലായതിനാൽ നിയമപരമായ വശങ്ങളും നോക്കേണ്ടതുണ്ട്.
Q എം.എ.
മോഹനൻ നായർ, ഹൈ റോഡ് നഗരത്തിനുള്ളിൽ നിന്നു തോട്ടയ്ക്കാട്ടുകര ഭാഗത്തേക്കു വാഹനങ്ങൾക്കു ചുറ്റി വളയാതെ പോകാൻ ബൈപാസ് കവലയിൽ റോഡ് അടച്ചു കെട്ടിയിരിക്കുന്നത് ഒഴിവാക്കാമോ? A നിലവിലുള്ള സംവിധാനം അശാസ്ത്രീയമാണെന്നു പലരും പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ട്രാഫിക് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യാം.
പൊലീസ്, മോട്ടർ വാഹന വകുപ്പുകളുടെ അഭിപ്രായവും തേടാം.
Q കെ.എം. റഫീന, ചീരക്കട
ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിട്ടു വർഷങ്ങളായി.
എന്തെങ്കിലും നടപടി ഉണ്ടാകുമോ?
A നഗരസഭയുടെ സ്വന്തം സ്ഥലത്തു പദ്ധതി നടപ്പാക്കാൻ തീരുമാനം ഉള്ളതാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു ഗുണഭോക്താക്കളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്യാം.
Q അലക്സ് ടി.
ആന്റണി, തോട്ടയ്ക്കാട്ടുകര ആലുവ മാർക്കറ്റിന്റെ പണി നിർത്തിയോ? മെഷിനറികൾ തിരികെ കൊണ്ടുപോയതായി കേട്ടു. A മാർക്കറ്റ് പണി നിർത്തിയിട്ടില്ല. പൈലിങ് ജോലികൾ തീർന്നപ്പോൾ കുറച്ചു മെഷിനറികൾ കൊണ്ടുപോയതാണ്.
ഇനി മാലിന്യവും മണലും നീക്കാനുണ്ട്. മാർക്കറ്റ് നിർമാണം നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
Q ജെസി വർഗീസ്, നസ്രത്ത് നഗർ
വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മകനും ഞാനും മാത്രമുള്ള കുടുംബത്തിനു വീടു പണിതു തരാമോ? സ്വന്തമായി ഒന്നര സെന്റ് സ്ഥലമുണ്ട്.
A സ്വന്തം സ്ഥലമുള്ളതിനാൽ ഏതെങ്കിലും പദ്ധതിയിൽ പെടുത്തി വീടു നൽകാനാവുമോ എന്നു പരിശോധിക്കാം.
ഇതിനു നഗരസഭയിൽ അപേക്ഷ നൽകണം.
Q പി.എം. മുഹമ്മദ് കുഞ്ഞ്, ഐഎംഎ ഭാഗം
ഐഎംഎക്കു സമീപം റോഡ് പകുതി അടച്ചു കെട്ടിയിരിക്കുന്നതു നീക്കി വാഹനങ്ങൾ ഇരുഭാഗത്തേക്കും വിടുമോ?
A ഇരുവശത്തേക്കും വാഹനങ്ങൾ പോകാൻ സൗകര്യം ഒരുക്കണമെന്നു നിർദേശിക്കാം.
റോഡ് അടച്ചത് എന്തിനു വേണ്ടിയാണെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.
Q കെ.എ. ജോസഫ്, തോട്ടയ്ക്കാട്ടുകര
പെരിയാർവാലി പദ്ധതിയുടെ സ്ഥലത്തെ ഗേറ്റ് അടച്ചിടുന്നതിനാൽ ആളുകൾക്ക് അതിലെ നടക്കാൻ കഴിയുന്നില്ല.
കടുങ്ങല്ലൂർ റോഡ് വീതി കൂട്ടാനുള്ള നടപടി എന്തായി? A കടുങ്ങല്ലൂർ റോഡ് വീതി കൂട്ടാനുള്ള വിജ്ഞാപനവും മറ്റും ഇറങ്ങിയിട്ടു കുറച്ചു നാളായല്ലോ. മന്ത്രി പി.
രാജീവിന്റെ മണ്ഡലമായതിനാൽ അദ്ദേഹം ഇടപെട്ടു കാര്യങ്ങൾ വേഗത്തിൽ നീക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഗേറ്റ് അടച്ച വിഷയം പെരിയാർവാലി അധികൃതരുമായി ചർച്ച ചെയ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

