ആലപ്പുഴ ∙ ജില്ലാക്കോടതി പാലത്തിന്റെ പൈലിങ് മാർച്ച് മാസത്തോടെ തീരും. ആകെ 168 പൈലിങ്ങുകളിൽ 87 എണ്ണം പൂർത്തിയായി.
നശിപ്പിച്ച മത്സ്യകന്യകയുടെ ശിൽപം നേരത്തെ സ്ഥിതി ചെയ്തതിനു സമീപം രണ്ട് പൈലിങ്ങുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. പാലത്തിന്റെ ഇരുകരകളിലും ഒരേപോലെ ഇപ്പോൾ പൈലിങ് നിർമാണം നടക്കുന്നുണ്ട്.
അവശേഷിക്കുന്ന 81 പൈലിങ്ങുകൾ പൂർത്തിയായിക്കഴിഞ്ഞാൽ തൂണുകളുടെ മുകൾ ഭാഗങ്ങൾ ഒറ്റ ഘടകമായി ബന്ധിപ്പിക്കുന്ന പൈൽ ക്യാപ്, അതിനു മുകളിലായി കോൺക്രീറ്റ് പ്ലാറ്റ്ഫോമിന്റെ പിയർ ക്യാപ് എന്നിവ നിർമിക്കും. ഇത് 2026 ഡിസംബറോടെ പൂർത്തിയാകും.
അവശേഷിക്കുന്ന പണികൾ ഉൾപ്പെടെ പാലം നിർമാണം 2027 മാർച്ച് മാസം പൂർത്തിയാകുമെന്നു അധികൃതർ പറഞ്ഞു.
ഇതിനിടെ മറ്റ് തടസ്സങ്ങൾ നേരിട്ടാൽ പാലം നിർമാണം നീണ്ടുപോകും. ഇത് കണക്കിലെടുത്താണ് മുല്ലയ്ക്കൽ ചിറപ്പും കിടങ്ങാംപറമ്പ് ഉത്സവവും തുടങ്ങുന്നതിനു മുന്നോടിയായി താൽക്കാലിക യാത്രാസൗകര്യം നിർമിക്കണമെന്ന നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം പാലം നിർമാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അധികൃതർ അംഗീകരിക്കാത്തത്.
താൽക്കാലിക പാലമോ മറ്റ് സംവിധാനങ്ങളോ നിർമിക്കാൻ സാധ്യമല്ലെന്നും പറയുന്നു.
പാലം നിർമാണത്തിനു തടസ്സമായ പൈപ്പ് ലൈനുകൾ ഇന്നലെ നീക്കം ചെയ്യാൻ തുടങ്ങി. നഗരത്തിലെ 70 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലവിതരണം നിർത്തിവച്ചാണു പൈപ്പ് ലൈനുകൾ നീക്കം ചെയ്യുന്നത്.
തോടിന്റെ തെക്കേ കരയിൽ വൈഎംസിഎ പാലം മുതൽ ജില്ലാക്കോടതി പാലം വരെയും തുടർന്ന് ഔട്ട്പോസ്റ്റ് വരെയും റോഡിന്റെ രണ്ട് വശങ്ങളിൽ സ്ഥാപിച്ചിരുന്ന ലൈനുകൾ എടുത്തുമാറ്റും. പൈപ്പ് ലൈൻ 40–50 വർഷം മുൻപ് സ്ഥാപിച്ചവയാണ്.
റോഡ് വെട്ടിപ്പൊളിച്ച് ഇവ നീക്കം ചെയ്യുന്നത് ശ്രമകരമായ ജോലിയാതിനാൽ ജലവിതരണം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നേക്കുമെന്ന ആശങ്കയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

