1988ൽ ആലപ്പുഴ നഗരസഭാംഗമായ കെപിസിസി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ നഗരസഭാ ഭരണസമിതിയിൽ നിന്നിറങ്ങുന്നത് 2009ൽ നിയമസഭാംഗമായപ്പോഴാണ്. 29–ാം വയസ്സിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരിക്കെ നഗരസഭാംഗമായ ഷുക്കൂർ അപ്പോഴേക്കും പല പദവികൾ കയറി ഡിസിസി പ്രസിഡന്റായിരുന്നു.
നാലു തിരഞ്ഞെടുപ്പുകളിൽ മൂന്നിലും ഒരേ വാർഡിൽ നിന്നായിരുന്നു ജയം. മുതിർന്ന നേതാക്കൾ മത്സരിച്ച 1995ലെ തിരഞ്ഞെടുപ്പിൽ ഷുക്കൂർ അധ്യക്ഷപദവിയിലെത്തിയതും അപ്രതീക്ഷിതമായാണ്.
‘‘ 1988ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ സീവ്യൂ വാർഡിൽ നിന്നായിരുന്നു ആദ്യ ജയം.
സൈക്കിളിൽ കോളാമ്പി കെട്ടിവച്ചായിരുന്നു അന്നത്തെ പ്രചാരണം. ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററുകൾക്കൊപ്പം ബ്ലൂ ആൻഡ് വൈറ്റ് പോസ്റ്ററുകളും ആ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു.
ഫോട്ടോയുടെ ബ്ലോക്കെടുക്കാൻ പക്ഷേ, കോട്ടയത്തു പോകണം. വായനശാലകൾ കേന്ദ്രീകരിച്ചുള്ള ‘മീറ്റ് ദ് കാൻഡിഡേറ്റ്’ പരിപാടികളും അന്നത്തെ തിരഞ്ഞെടുപ്പിന്റെ കൗതുകമായിരുന്നു.
1988ലെ ഭരണസമിതിക്കു സർക്കാർ 1995 വരെ കാലാവധി നീട്ടി നൽകി.’’1995 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും സീവ്യൂ വാർഡിൽ മത്സരിച്ചു.
ആദ്യ തിരഞ്ഞെടുപ്പിൽ 339 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ 95ൽ അത് 1095 വോട്ടായി ഉയർന്നു. മുൻ ഡിസിസി പ്രസിഡന്റ് ജി.ബാലചന്ദ്രൻ, കോൺഗ്രസ് അനുകൂല അധ്യാപകസംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ആർ.രാധാകൃഷ്ണൻ എന്നിവരെയായിരുന്നു പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നത്.
വിമതശല്യം മൂലം രണ്ടു പേരും വാർഡുകളിൽ പരാജയപ്പെട്ടതോടെ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന എന്നെ അധ്യക്ഷനാക്കി.
പാർട്ടിയിലെ ധാരണപ്രകാരം രണ്ടു വർഷത്തിനുശേഷം അധ്യക്ഷസ്ഥാനമൊഴിഞ്ഞു. 2000ത്തിലും സീ വ്യൂ വാർഡിൽ നിന്നായിരുന്നു വിജയം.
2005 ലെ തിരഞ്ഞെടുപ്പിൽ സീ വ്യൂ വാർഡ് വനിതാസംവരണമായതോടെ ഞാൻ വാടക്കനാൽ വാർഡിലേക്കു മാറി. ഇടതുപക്ഷത്തിന്റെ സിറ്റിങ് വാർഡിൽ നിന്നു ജയിച്ചു നഗരസഭയിലെത്തിയെങ്കിലും ഒരു അംഗത്തിന്റെ പിന്തുണയിൽ എൽഡിഎഫ് ആദ്യമായി നഗരസഭാ ഭരണത്തിലെത്തി.
2009 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നു വിജയിച്ചതോടെ നഗരസഭാംഗത്വം രാജിവച്ചു’’ ഷുക്കൂർ പറഞ്ഞു. നഗരസഭാധ്യക്ഷനായിരിക്കുമ്പോൾ നടപ്പാക്കിയ ക്ലീൻ ആലപ്പുഴ പദ്ധതിയും പാലങ്ങൾ പുനർനിർമിച്ചതും ഷുക്കൂറിന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു.
എ.എ.ഷുക്കൂർ
ആലപ്പുഴ നഗരസഭാംഗം– 1988–2009
നഗരസഭാധ്യക്ഷൻ– 1995– 97
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

