ജലാശയങ്ങളുടെ നവീകരണത്തിലൂടെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് ‘തൂഫാൻ’ മാതൃകയിൽ സമഗ്രമായ ‘വാട്ടർ തൂഫാൻ’ കർമപരിപാടി നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു മാധ്യമം സംഘടിപ്പിച്ച ഫോൺ-ഇൻ പരിപാടിയിൽ പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് വേനൽക്കാലത്തെ വരൾച്ചയെ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും പ്രത്യേക കർമപരിപാടികൾ രൂപീകരിക്കും. എംഎൽഎമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയാകും ഈ പദ്ധതികൾ നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ നദികളിലും തോടുകളിലും എക്കലും മണലും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെടുന്നതാണ് മഴക്കാലത്ത് വെള്ളപ്പൊക്കത്തിനും വീടുകളിൽ വെള്ളം കയറുന്നതിനും പ്രധാന കാരണം. ഇതിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നദികളിലെ എക്കലും മണലും നീക്കം ചെയ്ത് ആഴം കൂട്ടുകയും പ്രധാന കൈവഴികൾ നവീകരിക്കുകയും ചെയ്യും.
സംസ്ഥാന സർക്കാർ നൂറുദിന കർമ്മപദ്ധതികൾ പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉടൻ അവലോകനം ചെയ്യും. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ജലവിഭവ വകുപ്പിന്റെ പുതിയ പദ്ധതികൾക്ക് അന്തിമ രൂപം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മിക്ക ജലസേചന കനാലുകളും കാടുകയറി നശിച്ച അവസ്ഥയിലാണ്. നിലവിൽ ഇവയുടെ നവീകരണത്തിനായി പരിമിതമായ ഫണ്ടാണ് ലഭ്യമായിട്ടുള്ളതെങ്കിലും പുതിയ കർമപദ്ധതികൾ വരുന്നതോടെ കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കാൻ സാധിക്കും.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ തോടുകൾ പൂർണ്ണമായും ശുചീകരിക്കും. കൂടാതെ, വേമ്പനാട്ടു കായലിലെ ചെളിയും ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായ പോളയും നീക്കം ചെയ്യാൻ സമഗ്രമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

