പ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വർണാഭമായ കെട്ടുകാഴ്ചകൾ ആസ്വദിക്കാൻ പടനിലത്തേക്ക് വൻ തോതിൽ ഭക്തജനങ്ങളെത്തി. ഉത്സവ ദിവസം പടനിലത്ത് എത്തിക്കാൻ സാധിക്കാതിരുന്ന കൂറ്റൻ കെട്ടുകാളകളുടെ വരവും കാത്ത് ഇന്നലെ ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്.
വിവിധ പ്രതിസന്ധികൾ തരണം ചെയ്ത് രാത്രി വൈകിയും മൂന്ന് വലിയ കെട്ടുകാളകളെ പടനിലത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കരക്കാർ. ഇതിനിടെ, ചെറുതും വലുതുമായ 206 കെട്ടുകാളകൾ കഴിഞ്ഞ ദിവസം പുലർച്ചെയോടെ പടനിലത്ത് എത്തിച്ചേർന്നിരുന്നു.
ഈ വർഷം പുതുതായി നിർമിച്ച പറയിണത്ത് മുക്ക് ‘അസുരാധിപതി കാലകേയൻ’, മുട്ടത്തുമണ്ണേൽ കടവ് കാളകെട്ട് സമിതിയുടെ ‘ശിവസ്വരൂപൻ’, ഗോവിന്ദമുട്ടം ശ്രീ തൃക്കണ്ണൻ കാളകെട്ട് സമിതിയുടെ ‘കലിങ്ക രുദ്ര ഭീമസേൻ ’ എന്നീ കെട്ടുകാളകളുടെ എഴുന്നള്ളത്ത് രണ്ടാം ദിനവും തുടരുകയാണ്. അതേസമയം, ചങ്ങൻകുളങ്ങര യുവ മന്ത്രയുടെ ‘ രൗദ്ര സ്കന്ദൻ’, കായംകുളം ചിറക്കടവം കര യുവജന സമിതിയുടെ ‘ വീരഭദ്ര മഹാദേവൻ ’ എന്നീ രണ്ട് കെട്ടുകാളകളുടെ എഴുന്നള്ളത്ത് കരക്കാർ അവസാനിപ്പിക്കുകയും ഇവയുടെ ശിരസ്സുകൾ ഇറക്കുകയും ചെയ്തു.
കെട്ടുകാളകളുടെ വരവ് പ്രതീക്ഷിച്ച് പുലർച്ചെ വരെ വലിയ ജനക്കൂട്ടമാണ് പടനിലത്ത് തടിച്ചുകൂടിയത്. അഞ്ചിന് ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളും താലപ്പൊലിയും അകമ്പടിയായുള്ള ഋഷഭ എഴുന്നള്ളത്ത് കാളമൂട്ടിലെത്തി കെട്ടുകാളകളെ സ്വീകരിച്ചു.
തലപ്പൊക്കത്തിൽ മുൻപിൽ നിൽക്കുന്ന വിശ്വ പ്രജാപതി കാലഭൈരവൻ, ഓണാട്ട് കതിരവൻ, രൗദ്ര ബ്രഹ്മ ഋഷഭൻ, അഘോര രുദ്ര നേത്രൻ, ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, പ്രയാർ വടക്ക് കര ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, തിരുമുഖ വേടൻ, തെക്ക് കൊച്ചുമുറി കര, ഓംകാരം കാളകെട്ട് സമിതി, തെക്ക് കൊച്ചുമുറി മാതൃക കാളകെട്ടു സമിതി, കൃഷ്ണപുരം കര, മേമന കര, മേമന യുവജന സമിതി, ചിറക്കടവം കൊമ്പൻ, ക്ലാപ്പന കതിരോൻ, ചങ്ങൻകുളങ്ങര പരബ്രഹ്മം കാളകെട്ട് സമിതി എന്നിവയുൾപ്പെടെ 30 സമിതികളുടെ കൂറ്റൻ കെട്ടുകാളകളാണ് പടനിലത്ത് എത്തിയത്. അരിമണിയിലും കൈവെള്ളയിലും തീർത്ത കെട്ടുകാളകളും, സ്വർണം, വെള്ളി, പഞ്ചലോഹം എന്നിവയിൽ നിർമിച്ച രൂപങ്ങളും കരക്കാർ പരബ്രഹ്മ സന്നിധിയിൽ സമർപ്പിച്ചു.
പടനിലത്തെ കാളമൂട്ടിൽ ഇന്നലെ ഭക്തരുടെ കുത്തിയോട്ട പാട്ടും ചുവടും അരങ്ങേറി.
നാടൻ പാട്ട്, തിരുവാതിര, വിൽപാട്ട്, ഭജൻസ്, കൈകൊട്ടി കളി, ഭക്തി ഗാന സുധ എന്നിവയോടൊപ്പം നിറപറ സമർപ്പണവും ദീപക്കാഴ്ചയും ചടങ്ങിന് മാറ്റുകൂട്ടി. ചെറിയ കെട്ടുകാളകൾ ഇന്നു മുതൽ അഴിച്ചുമാറ്റും.
എന്നാൽ വലിയ കെട്ടുകാളകളുടെ പ്രദർശനം വരുന്ന 27 വരെ പടനിലത്ത് തുടരുമെന്നും, അതിനുശേഷമേ ഇവ പടനിലത്തുവച്ച് അഴിക്കുകയുള്ളൂ എന്നും സംഘാടകർ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ ദേശീയപാതയിലും ഓച്ചിറ ക്ഷേത്രത്തിന് സമീപത്തെ റോഡുകളിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

