കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പിഎം സൂര്യ ഘർ – മുഫ്ത് ബിജ്ലി യോജന’ പുരപ്പുറ സോളർ പദ്ധതിയിൽ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി കേരളത്തിന്റെ മുന്നേറ്റം. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിന്ന് ആകെ 4.36 ലക്ഷം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഇതിൽ 3.37 ലക്ഷം വീടുകളിൽ ഇതിനോടകം പുരപ്പുറ സോളർ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ഈ പദ്ധതിയിലൂടെ കേരളത്തിലെ സോളർ ഉൽപാദനശേഷി 1282.27 മെഗാവാട്ട് ആയി ഉയർന്നു.
ഉപഭോക്താക്കൾക്ക് സബ്സിഡി ഇനത്തിൽ ആകെ ലഭിച്ചത് 2223.81 കോടി രൂപയാണ്. ആന്ധ്രാപ്രദേശിൽ 9.43 ലക്ഷം അപേക്ഷകൾ ലഭിക്കുകയും 3.48 ലക്ഷം വീടുകളിൽ സോളർ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവിടത്തെ സ്ഥാപിതശേഷി 998.38 മെഗാവാട്ട് മാത്രമാണ്.
സബ്സിഡിയായി ലഭിച്ചത് 1876.99 കോടി രൂപയുമാണ്. കർണാടകയിൽ 37,357 വീടുകളിലും, തമിഴ്നാട്ടിൽ 1.08 ലക്ഷം വീടുകളിലും, തെലങ്കാനയിൽ 77,140 വീടുകളിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ദേശീയതലത്തിൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്. കേരളം രാജ്യത്ത് നാലാം സ്ഥാനത്താണ് ഉള്ളത്.
സംസ്ഥാനത്തിനകത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഏകദേശം 50,000ഓളം വീടുകൾ പദ്ധതിയുടെ ഭാഗമായ എറണാകുളം ജില്ലയാണ് കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 35,000 വീടുകളുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും, 30,000ൽപ്പരം വീടുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്.
25,000ലേറെ വീടുകളുള്ള കൊല്ലം നാലും, സമാനമായ കണക്കുളള ആലപ്പുഴ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. തുടർന്നുള്ള സ്ഥാനങ്ങളിൽ മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട, കാസർഗോഡ്, ഇടുക്കി ജില്ലകളാണ് ഉള്ളത്.
ഈ ജില്ലകളിൽ 3,000 മുതൽ 23,000 വരെ വീടുകൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. 3,000ൽ താഴെ മാത്രം വീടുകൾ ഉൾപ്പെട്ടിട്ടുള്ള വയനാട് ജില്ലയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.
രാജ്യത്താകെ നോക്കുമ്പോൾ 79.25 ലക്ഷം അപേക്ഷകളാണ് പിഎം സൂര്യ ഘർ പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്. ഇതിൽ 54.08 ലക്ഷം വീടുകളിൽ സോളർ പാനലുകൾ സ്ഥാപിതമായിട്ടുണ്ട്.
മൊത്തത്തിലുള്ള സ്ഥാപിതശേഷി 16,030.9 മെഗാവാട്ട് ആണ്. ആകെ 30,270 കോടി രൂപയാണ് സബ്സിഡിയായി വിതരണം ചെയ്തിട്ടുള്ളത്.
ഉപഭോക്താക്കൾക്ക് മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുന്നത്. ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കുന്നവർക്ക് 30,000 രൂപവരെയും, രണ്ട് കിലോവാട്ടിന് 60,000 രൂപവരെയും സബ്സിഡി ലഭിക്കും.
മൂന്ന് കിലോവാട്ട് സിസ്റ്റത്തിന് പരമാവധി 78,000 രൂപയാണ് സബ്സിഡി ലഭിക്കുക. വിപണിയിലെ കണക്കുകൾ പ്രകാരം ഒരു കിലോവാട്ട് സോളർ സിസ്റ്റം സ്ഥാപിക്കാൻ 60,000 മുതൽ 80,000 രൂപവരെയും, രണ്ട് കിലോവാട്ടിന് 1.20 ലക്ഷം മുതൽ 1.60 ലക്ഷം രൂപവരെയും ചെലവ് വരാം.
മൂന്ന് കിലോവാട്ട് സിസ്റ്റത്തിന് 1.80 ലക്ഷം രൂപ മുതൽ 2.5 ലക്ഷം രൂപവരെയാണ് സാധാരണയായി ചെലവ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

