സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന ഔദ്യോഗിക വാർത്ത വലിയ ആശ്വാസത്തോടെയാണ് ചെങ്ങന്നൂർ കൊഴുവല്ലൂരിലെ തങ്കമ്മ സ്വീകരിച്ചത്. പദ്ധതിയുടെ ഭാഗമായി തന്റെ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന തങ്കമ്മയ്ക്ക്, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വീട് നിർമിച്ചു നൽകിയത്.
2022 മാർച്ച് 14-ന് തങ്കമ്മയുടെ വീടിനു മുന്നിൽ അധികൃതർ സ്ഥാപിച്ച മഞ്ഞക്കുറ്റി ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. സമരത്തിന്റെ ഭാഗമായി പിഴുതെറിഞ്ഞ മഞ്ഞക്കുറ്റികൾ ഉണ്ടായിരുന്ന സ്ഥലത്ത് കൃഷി ചെയ്ത വാഴകളുടെ വിളവെടുപ്പിലൂടെ ലഭിച്ച തുകയും വീട് നിർമാണത്തിനായി വിനിയോഗിച്ചിരുന്നു.
പുതിയ വീടിന് പിന്നിലെ പഴയ ഒറ്റമുറിക്കൂരയും അതിനടുത്തുള്ള മഞ്ഞക്കുറ്റിയും സമരവിജയത്തിന്റെയും ഉപേക്ഷിക്കപ്പെട്ട പദ്ധതിയുടെയും അടയാളങ്ങളായി ഇന്നും അവശേഷിക്കുന്നു.
“വലിയ സന്തോഷമുണ്ട്. വീട് നഷ്ടപ്പെടുമെന്നതിനെക്കാൾ ആകെയുള്ള മൂന്നര സെന്റ് ഭൂമി നഷ്ടപ്പെടുമെന്ന വേദനയായിരുന്നു ഉള്ളിൽ.
അമ്മ ഉൾപ്പെടെ പൂർവികർ താമസിച്ച മണ്ണാണ്. അതു കൈവിട്ടു പോകില്ല എന്നറിഞ്ഞപ്പോോൾ സന്തോഷം’’– പദ്ധതി ഉപേക്ഷിച്ച വാർത്തയോട് തങ്കമ്മ പ്രതികരിച്ചത് ഇങ്ങനെയാണ്.
അതേസമയം, ചെങ്ങന്നൂർ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന കെ–റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ സമരകാലത്തെ ദുരിതങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. 2022 മാർച്ച് 4-ന് മുളക്കുഴ ഊരിക്കടവ് പാലത്തിനു സമീപം ആദ്യത്തെ മഞ്ഞക്കുറ്റി സ്ഥാപിച്ചതു മുതൽ നടന്ന സംഘർഷങ്ങളും പൊലീസ് നടപടികളും പ്രവർത്തകർ ഓർത്തെടുത്തു.
ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ്, ഷീജ തുടങ്ങിയവർ സമരവേളയിൽ നേരിട്ട പൊലീസ് നടപടികളെക്കുറിച്ച് വിവരിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് സമരസമിതിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഊരിക്കടവ് പാലത്തിനടുത്ത് നിന്ന് പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി ഉയർത്തിക്കാട്ടിയായിരുന്നു പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.
“കെ റെയിൽ വരില്ല കേട്ടോ” എന്ന ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം രേഖപ്പെടുത്തിയത്. പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ശക്തമായ ജനകീയ ചെറുത്തുനിൽപ്പാണ് പദ്ധതിക്കെതിരെ നടന്നത്.
നൂറനാട് കിടങ്ങയം, പടനിലം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സമരങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാരസമരം ശ്രദ്ധേയമായി.
പടനിലം ക്ഷേത്രത്തിലെ ശിവരാത്രി കെട്ടുത്സവത്തെ അലൈൻമെന്റ് ബാധിക്കുമെന്ന ആശങ്കയും സമരത്തിന് വഴിതുറന്നിരുന്നു. ഓൾ ഇന്ത്യ അൺഓർഗനൈസിഡ് വർക്കേഴ്സ് കോൺഗ്രസും സമരരംഗത്ത് സജീവമായിരുന്നു.
ആലപ്പുഴ ജില്ലയിൽ 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്.
സമരവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ, നൂറനാട് പൊലീസ് സ്റ്റേഷനുകളിൽ 41 കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 33 കേസുകൾ പിഴയടച്ച് തീർപ്പാക്കിയെങ്കിലും 8 കേസുകൾ നിലവിൽ കോടതി നടപടികളിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

