ആലപ്പുഴ നെടുമുടിയിൽ റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭർത്താവിന്റെ നേതൃത്വത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഈ മാസം പതിനാറിന് നടന്ന സംഭവത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ചാണ് മർദ്ദനമേറ്റ യുവാവിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചത്.
അതേസമയം, കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവാവ് നിരന്തരം സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയാണെന്നും തന്നെ ആക്രമിക്കാൻ യുവാവ് ശ്രമിച്ചെന്നും വനിതാ പഞ്ചായത്ത് അംഗം പ്രതികരിച്ചു. ഈ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി നെടുമുടി പഞ്ചായത്തിന്റെ രണ്ടാം വാർഡിലെ റോഡ് വെട്ടിപ്പൊളിക്കുന്നതിനിടെ പഞ്ചായത്ത് അംഗം പ്രതിഭയും നാട്ടുകാരനായ നിമീഷ് എന്ന യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായി. മെമ്പർ അനധികൃതമായാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്നാരോപിച്ച് നിമീഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ അഞ്ച് ലക്ഷത്തിലേറെ പേരാണ് കണ്ടത്.
ഈ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് പഞ്ചായത്ത് അംഗം പ്രതിഭയുടെ ഭർത്താവും മകനും മകന്റെ കൂട്ടുകാരനും ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്ന് നിമീഷിന്റെ പരാതിയിൽ പറയുന്നു. ചെറുപ്പത്തിൽ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് നിമീഷ്.
നിമീഷിനെ കയറുപയോഗിച്ച് കെട്ടിവരിഞ്ഞ ശേഷം ക്രൂരമായി മർദ്ദിച്ചെന്നും തലയിലും കണ്ണിലുമടക്കം ശരീരമാസകലം പരിക്കേറ്റെന്നും കുടുംബം വ്യക്തമാക്കുന്നു. ഭരണപക്ഷത്തുള്ള പഞ്ചായത്ത് മെമ്പറുടെ ഭർത്താവിനെ രക്ഷിക്കാൻ രാഷ്ട്രീയ സമ്മർദ്ദമുണ്ടായിട്ടുണ്ടോയെന്ന സംശയവും കുടുംബം പങ്കുവെക്കുന്നുണ്ട്.
എന്നാൽ, നിരന്തരം മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നയാളാണ് നിമീഷെന്ന് പഞ്ചായത്ത് അംഗം പ്രതിഭ പറഞ്ഞു. നാല് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഘട്ടത്തിൽ അകാരണമായി പ്രകോപനമുണ്ടാക്കി വീഡിയോ ചിത്രീകരിച്ച് തന്നെ അപമാനിക്കുകയായിരുന്നു നിമീഷെന്നും പ്രതിഭ വിശദീകരിക്കുന്നു.
കത്തിയുമായി തന്നെ ആക്രമിക്കാൻ നിമീഷ് ശ്രമിച്ചിരുന്നതായും അവർ ആരോപിച്ചു. നിമീഷിനെ ആക്രമിച്ച കേസിൽ പഞ്ചായത്ത് മെമ്പറുടെ ഭർത്താവ് ഷിനുക്കുട്ടനും മകനുമടക്കം കേസിലെ മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നുമാണ് പൊലീസിന്റെ വിശദീകരണം.
എന്നാൽ അങ്ങനെയൊരു അറസ്റ്റ് ഉണ്ടായ കാര്യം പൊലീസ് അറിയിച്ചിട്ടില്ലെന്ന് നിമീഷും കുടുംബവും പറയുന്നു. തലയിലടക്കം പരിക്കേറ്റെന്ന് വ്യക്തമായിട്ടും ദുർബല വകുപ്പുകൾ ചുമത്തിയത് പ്രതികളെ രക്ഷിക്കാനാണെന്നും അവർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

