ആലപ്പുഴ ∙ പാചകവാതക പ്രതിസന്ധിയും ബംഗാൾ തിരഞ്ഞെടുപ്പു കാരണം അതിഥിത്തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയതിനെത്തുടർന്ന് തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിനു പ്രതീക്ഷിച്ച വേഗമില്ല. ആരംഭിച്ച പണികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ സ്ഥലങ്ങളിൽ പണി തുടങ്ങാൻ ആവശ്യത്തിനു തൊഴിലാളികളില്ലാത്ത സ്ഥിതിയാണ്.
മഴക്കാലത്തിനു മുൻപു പരമാവധി പണി തീർത്തില്ലെങ്കിൽ പാത ഇരട്ടിപ്പിക്കൽ വൈകും.
തീരദേശപാതയിൽ ഇരട്ടിപ്പിക്കലിനു നേരത്തെ അനുമതി ലഭിച്ച എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ ഭാഗത്തുമാണു പണികൾ പുരോഗമിക്കുന്നത്. ഇവിടങ്ങളിൽ നേരത്തെ സ്ഥലമേറ്റെടുത്തു റെയിൽവേക്കു കൈമാറിയിരുന്നു.
ആലപ്പുഴ ജില്ലയിൽ അരൂർ പാലം ഉൾപ്പെടെയുള്ള നിർമാണം നടക്കുകയാണ്. കുമ്പളം– തുറവൂർ ഭാഗത്തു പാലങ്ങളുടെയും യാഡുകളുടെയും പണികളും പുതിയ പാതയ്ക്കായി മണ്ണിട്ട് ഉയർത്തുന്നതും പുരോഗമിക്കുകയാണ്.
ചിലയിടങ്ങളിൽ കൂടി പണി തുടങ്ങാമെന്നു റെയിൽവേ എൻജിനീയറിങ് വിഭാഗം ആലോചിക്കുന്നുണ്ടെങ്കിലും അത്രയും ജീവനക്കാർ കരാറുകാരുടെ പക്കലില്ല.
പാലങ്ങളുടെയും മറ്റും നിർമാണത്തിനു കോൺക്രീറ്റ് എത്തിക്കുന്ന പ്ലാന്റുകളിലും തൊഴിലാളികൾ കുറവാണ്. ബംഗാൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇവർ മടങ്ങിയെത്തുമെന്നാണു കരുതുന്നത്.
എന്നാൽ മേയ് അവസാനത്തോടെ മഴ ആരംഭിച്ചാൽ പണിയുടെ വേഗം കുറയും. മിക്കയിടത്തും ചതുപ്പിനു സമാനമായ സ്ഥലത്താണു പുതിയ പാത നിർമിക്കുന്നത്.
മഴക്കാലത്ത് ഇവിടെ പണി നടത്തുക ബുദ്ധിമുട്ടാണ്.
പാചകവാതക സിലിണ്ടർ ആവശ്യത്തിനു ലഭിക്കാത്തതു വെൽഡിങ്, കട്ടിങ് ജോലികളെയും ബാധിക്കുന്നുണ്ട്. അത്യാവശ്യത്തിനുള്ള സിലിണ്ടർ ലഭിക്കുന്നതിനാൽ പണികൾ തടസ്സപ്പെട്ടിട്ടില്ല.
അരൂർ– കുമ്പളം പാലത്തിൽ അരൂർ ഭാഗത്തു നിന്നു ദേശീയ ജലപാതയുടെ ഭാഗം വരെയുള്ള പൈലിങ് പൂർത്തിയായി. ഇവിടെ തൂണുകളുടെ പകുതിയോളം പണി കഴിഞ്ഞിട്ടുണ്ട്.
കുമ്പളം ഭാഗത്തു നിന്നുള്ള പൈലിങ്ങാണ് ഇപ്പോൾ നടക്കുന്നത്. എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നു മണ്ണ് മുടക്കമില്ലാതെ എത്തുന്നുണ്ടെങ്കിലും കൂടുതൽ മണ്ണ് ലഭ്യമായാൽ പാത ഉയർത്തൽ വേഗത്തിലാക്കാമെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

