രാജ്യത്ത് സ്വർണത്തിന് കേന്ദ്രസർക്കാർ ചുമത്തുന്ന ഉയർന്ന നികുതി നിരക്കുകൾ സംഘടിത വിപണിക്ക് കനത്ത തിരിച്ചടിയാകുന്നുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു. നിലവിൽ 15 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയും ഉൾപ്പെടെ മൊത്തം 18 ശതമാനത്തോളമാണ് ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്ന നികുതി.
ഇത് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കൂടുതലാണെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. നികുതി ഘടന കടുപ്പിച്ചതോടെ ഔദ്യോഗിക ഇറക്കുമതിയിലും രാജ്യത്തെ സ്വർണാഭരണങ്ങളുടെ ആവശ്യകതയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
അതേസമയം, നികുതി വെട്ടിപ്പ് ലക്ഷ്യമിട്ടുള്ള സമാന്തര വിപണി തഴച്ചുവളരുകയാണെന്നും ഇത് നിയമവിധേയമായി പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വിദേശനാണയ ശേഖരത്തിലെ ചോർച്ച തടയുക, രൂപയുടെ മൂല്യത്തകർച്ച പ്രതിരോധിക്കുക, വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത്.
കഴിഞ്ഞ മേയ് 13 ആയിരുന്നു ഈ നിർണായക തീരുവ വർധന നിലവിൽ വന്നത്. തീരുവ വർധനവിന് പിന്നാലെ രാജ്യത്ത് കള്ളക്കടത്ത് വ്യാപകമായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഏപ്രിൽ ഒന്നു മുതൽ മേയ് 12 വരെയുള്ള കാലയളവിൽ കേന്ദ്ര ഏജൻസികൾ പിടികൂടിയ കള്ളക്കടത്ത് സ്വർണം 86.16 കിലോഗ്രാം മാത്രമായിരുന്നു. എന്നാൽ, തീരുവ വർധിപ്പിച്ച ശേഷമുള്ള മേയ് 13 മുതൽ ജൂൺ 30 വരെയുള്ള ഹ്രസ്വകാലയളവിൽ പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിന്റെ അളവ് 160.91 കിലോഗ്രാമായി ഉയർന്നു.
ഏതാണ്ട് ഇരട്ടി വർധനവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2024ൽ ഇന്ത്യയിലേക്ക് എത്തിയ കള്ളക്കടത്ത് സ്വർണം 69.2 ടണ്ണായിരുന്നു.
2023ൽ ഇത് 156.1 ടൺ ആയിരുന്നു. കേന്ദ്ര സർക്കാർ മുൻപ് തീരുവ കുറച്ച നടപടിയെ തുടർന്ന് 2025ൽ കള്ളക്കടത്തിന്റെ അളവ് 20.4 ടണ്ണിലേക്ക് താഴ്ന്നിരുന്നു.
നികുതി വെട്ടിപ്പുകാർക്ക് ലഭിച്ചിരുന്ന ലാഭവിഹിതം കുറഞ്ഞതാണ് അക്കാലത്ത് ഈ കുറവിന് കാരണമായത്. എന്നാൽ, നിലവിലെ വിപണി ട്രെൻഡുകൾ വിലയിരുത്തിയാൽ ഈ വർഷം കള്ളക്കടത്ത് 100 ടൺ കടന്നേക്കാമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഉയർന്ന ഇറക്കുമതി തീരുവ കള്ളക്കടത്തുകാരുടെ ലാഭം വർധിപ്പിക്കുന്നതാണ് ഇതിന് കാരണം. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ആറു ശതമാനം കുറഞ്ഞ് 131.4 ടണ്ണായി ചുരുങ്ങി.
മുൻ വർഷം ഇത് 139.7 ടൺ ആയിരുന്നു. ഇറക്കുമതിയുടെ അളവിൽ കുറവുണ്ടായെങ്കിലും ആഗോള വിപണിയിലെ വിലവർധന കാരണം ഇറക്കുമതി മൂല്യം 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 1.98 ലക്ഷം കോടിയായി ഉയരുകയാണുണ്ടായത്.
ജൂൺ പാദത്തിൽ രാജ്യത്തെ സ്വർണാഭരണങ്ങളുടെ ഡിമാൻഡിൽ 15 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സ്വർണവിലയിലുണ്ടായ കുതിച്ചുചാട്ടവും, അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് മാറ്റിവയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനവുമാണ് വിപണിയിലെ ആവശ്യകത കുറയാൻ പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

