ചാരുംമൂട് ∙ ടിപ്പറുകൾക്ക് കടിഞ്ഞാണിടാൻ കെ.പി റോഡിൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം കെ.പി റോഡിൽ വിവിഎച്ച്എസ്എസിനു സമീപം വളവിൽ ബൈക്കിലെത്തിയ യുവാവ് ടിപ്പർ അപകടത്തിൽ മരണമടഞ്ഞിരുന്നു.
ഇതേത്തുടർന്ന് ടിപ്പറിന്റെ അമിത വേഗം അടക്കം നിയമ ലംഘനങ്ങളെക്കുറിച്ചു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നിയമനടപടികളുമായി മോട്ടർ വാഹനവകുപ്പ് രംഗത്തെത്തിയത്.
ഇന്നലെ ഇരുപത്തിയഞ്ചോളം ടിപ്പറുകൾ പരിശോധിച്ചു.
അമിത ഭാരം കയറ്റിയതും സ്പീഡ് ഗവർണർ വിഛേദിച്ചതുമായ വാഹനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഒരുലക്ഷത്തോളം രൂപ പിഴ ഈടാക്കി.
പ്രദേശത്ത് ഏറ്റവും കൂടുതൽ ടിപ്പറുകൾ കടന്നു പോകുന്നത് കെ.പി റോഡിലാണ്. കിഴക്കൻ പ്രദേശങ്ങളിൽ നിന്നും മണ്ണുമായി വരുന്നവയാണിവ.
നൂറനാട്, കറ്റാനം, കരിമുളയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
തുടർ ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്നും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും.
പരിശോധനയ്ക്ക് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. അനൂപ്, വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ഷെമീം, എസ്.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ടിപ്പറുകളുടെ മരണപ്പാച്ചിൽ; മിച്ചൽ ജംക്ഷനിൽ ഒരു മാസത്തിനിടെ പൊലിഞ്ഞതു 3 ജീവനുകൾ
മാവേലിക്കര ∙ രാപകൽ ഭേദമെന്യേ ടിപ്പറുകൾ പായുന്നു, മിച്ചൽ ജംക്ഷനിൽ ഒരു മാസത്തിനിടെ പൊലിഞ്ഞതു 3 ജീവനുകൾ.
കഴിഞ്ഞ ദിവസം രാത്രി ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു ബുധനൂർ പെരിങ്ങിലിപ്പുറം കാട്ടുർത്തറയിൽ എം.മാനവ് (18), ആർ.ആദിത്യൻ (16) എന്നിവർ മരിച്ചതോടെ മിച്ചൽ ജംക്ഷന്റെ 100 മീറ്റർ ചുറ്റളവിൽ ഒരു മാസത്തിനിടെയാണു മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നത്.
മിച്ചൽ ജംക്ഷനു കിഴക്ക് നടയ്ക്കാവിലെ വളവിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് കഴിഞ്ഞ 19നു ബൈക്ക് യാത്രക്കാരനായ കാർത്തികപ്പള്ളി മഹാദേവികാട് കീർത്തനയിൽ സുധേഷ് ചന്ദ്രൻ (45) മരിച്ചിരുന്നു. ഗതാഗത നിയമം ലംഘിച്ച് എത്തിയ ടിപ്പർ ലോറിയാണു നടയ്ക്കാവിൽ അന്ന് അപകടത്തിന് ഇടയാക്കിയത്.
രണ്ടാഴ്ച മുൻപും നടയ്ക്കാവിലെ വളവിൽ സമാനമായ അപകടം ഉണ്ടായിരുന്നു. ഇരുചക്രവാഹന യാത്രക്കാരൻ തലനാരിഴയ്ക്കാണ് അന്നു രക്ഷപ്പെട്ടത്.
നഗരത്തിലെ ഗതാഗത നിയമം പാലിക്കാതെ വലിയ വാഹനങ്ങൾ പായുമ്പോഴും നടപടി അധികൃതർ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
മിച്ചൽ ജംക്ഷനിൽ നിന്നു കിഴക്കോട്ടു വലിയ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല എന്നാണ് നിയമം. എന്നാൽ ഇതു ലംഘിച്ചു വാഹനങ്ങൾ കിഴക്കോട്ടു പോകുന്നതു സ്ഥിരമാണ്.
രാപകൽ ഭേദമെന്യേ നഗരത്തിലൂടെ ടിപ്പർ ലോറികൾ അതിവേഗത്തിൽ പായുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 2നു വൈകിട്ടു ടോറസ് ലോറിയുടെ പിൻഭാഗത്തെ വാതിലിന്റെ ലോക് തനിയെ തുറന്നു, ചെറിയ പാറക്കഷണങ്ങൾ റോഡിൽ നിരന്ന് അപകടസാധ്യത ഉണ്ടായി. ഒരു മാസം മുൻപു നിയന്ത്രണം വിട്ട
ടിപ്പർ ലോറി ആഞ്ഞിലിപ്ര പുതുശേരി അമ്പലത്തിന്റെ മതിൽ ഇടിച്ചു തകർത്തിരുന്നു. ജംക്ഷനിലൂടെ വലിയ വാഹനങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതും മിച്ചൽ ജംക്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളെ മറികടന്നു സ്വകാര്യ ബസുകൾ ഉൾപ്പെടെ കടന്നു പോകുന്നതും നഗരത്തിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്.
രാവിലെ മിച്ചൽ ജംക്ഷനിൽ 4 വശത്തും ബസുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
മിച്ചൽ ജംക്ഷനിൽ പാലിക്കേണ്ട നിയമം സംബന്ധിച്ചു കൃത്യമായ ബോധ്യം ഉണ്ടായിട്ടും വാഹനങ്ങൾ ഓടിക്കുന്നവർ അതു പാലിക്കാത്ത അവസ്ഥയ്ക്കു മാറ്റം ഉണ്ടാകണം.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസും മോട്ടർ വാഹനവകുപ്പും തയാറാകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

